വിഴിഞ്ഞം : പലചരക്ക് കടക്കാരനായ വൃദ്ധനെ ചതുപ്പില്‍ ചവിട്ടി താഴ്ത്തി ദാരുണമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രധാനപ്രതി പിടിയിലായതായി സൂചന. ഇയാളെ ചോദ്യം ചെയ്തതില്‍ കുറ്റം സമ്മതിച്ചതായാണ് അറിയുന്നത്. കോട്ടുകാല്‍ പുന്നക്കുളം ആലുവിള ഇറത്തിക്കര തെക്കരുക് പുത്തന്‍ വീട്ടില്‍ സുകുമാരന്‍ നാടാര്‍ (70) കൊലപാതകവുമായി ബന്ധപ്പെട്ടാണ് അയല്‍വാസി രതീഷ് (30)നെ പോലീസ് പിടികൂടിയത്. പ്രതി കൃത്യം നിര്‍വഹിച്ചത് ഒറ്റക്കാണെന്ന വാദം പോലീസ് വിശ്വസിച്ചിട്ടില്ല. മോഷണശ്രമം കണ്ട് സുകുമാരന്‍ നാടാര്‍ എതിര്‍ത്തതാണ് കൊലപ്പെടുത്താന്‍ കാരണമെന്ന് പറയപ്പെടുന്നു. പ്രതിയെ കൂടുതല്‍ ചോദ്യം ചെയതുവരുന്നതായി വിഴിഞ്ഞം സിഐ സക്കറിയാ മാത്യു അറിയിച്ചു. മണലൂറ്റ് കേസില്‍ നേരത്തെ പിടിയിലായി ജയില്‍ ശിക്ഷയനുഭവിച്ച ആളാണ് പിടിയിലായത്. മൂന്നാഴ്ച മുമ്പും കടയില്‍ മോഷണം നടന്നിരുന്നു. അതിനുശേഷം ദിവസവും രാത്രികാലങ്ങളില്‍ കടപരിശോധനക്കായി സുകുമാരന്‍ നാടാര്‍ എത്തുക പതിവായിരുന്നു. സംഭവദിവസം കട കുത്തിത്തുറന്ന് സാധനങ്ങള്‍ കടത്തുന്നത് കണ്ട സുകുമാരന്‍ നാടാര്‍ എതിര്‍ത്തതാണ് കൊലയില്‍ കലാശിച്ചതത്രെ. മല്‍പ്പിടുത്തത്തിനൊടുവില്‍ ബോധരഹിതനായ വൃദ്ധനെ വലിച്ചിഴച്ച് കൊണ്ടുപോയി ചെളിയില്‍ താഴ്ത്തുകയായിരുന്നെന്ന് പിടിയിലായ ആള്‍ മൊഴി നല്‍കിയതായും അറിയുന്നു.
കടയുടെ ഷട്ടര്‍ തുറക്കാന്‍ ശ്രമിച്ചിട്ട് നടക്കാത്തതിനെ തുടര്‍ന്നാണ് പിന്നിലെ കുളിമുറിയുടെ വെന്റിലേറ്റര്‍ ഇളക്കി ഉള്ളില്‍ കടന്നതെന്നാണ് പ്രതിയില്‍ നിന്ന് പോലീസിന് ലഭിച്ച വിവരം. മുഴുവന്‍ കാര്യങ്ങളും വിശ്വസിക്കാത്ത പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണെന്നാണ് സൂചന.













Discussion about this post