കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ കീഴിലുള്ള ആലുവ മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രിയോടനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങള്‍ നടത്താന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ആലുവ ശ്രീ ബലഭദ്ര ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വാര്‍ഷിക അറ്റകുറ്റപ്പണികള്‍ നടത്തി ക്ഷേത്രവും മണല്‍പ്പുറവും വൃത്തിയാക്കും. ബാരിക്കേഡുകള് നിര്‍മിക്കുന്നതിനും ക്ഷേത്രവും പരിസരവും വൈദ്യുതി ദീപാലങ്കാരങ്ങള്‍ നടത്തുന്നതിനും യോഗം തീരുമാനിച്ചു. 10 വാട്ടര്‍ ടാങ്കുകള്‍ സ്ഥാപിച്ച് വാട്ടര്‍ അതോറിറ്റിയില്‍ നിന്നും വെള്ളം ലഭ്യമാക്കും. കൂടുതല്‍ ടാങ്കുകള്‍ ആവശ്യമെങ്കില്‍ അവ സ്ഥാപിച്ച് ആവശ്യമായ ടാപ്പുകള്‍ ഘടിപ്പിക്കും. ആവശ്യമായ ടോയ്ലെറ്റുകള്‍, സ്ത്രീകള്‍ക്ക് വസ്ത്രം മാറുന്നതിനുള്ള പ്രത്യേക സൗകര്യം എന്നിവയും ഒരുക്കും. അന്നദാനത്തിനുള്ള നടപിടകളും സ്വീകരിക്കും.
150 വനിത പോലീസുകാരടക്കം1890 പോലീസുകാരെ വിന്യസിക്കും. യാചകരെ ഒഴിവാക്കും. സുരക്ഷയൊരുക്കുന്നതിന് മുന്തിയ പരിഗണനയാണ് നല്കുക. പുഴയില്‍ അപകടമുണ്ടാകുന്നത് തടയുന്നതിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി മുങ്ങല്‍ വിദഗ്ദരുടെ സേവനവും ലഭ്യമാക്കും. എക്സൈസ് ഉദ്യോഗസ്ഥരുടെ 24 മണിക്കൂര്‍ പെട്രോളിംഗും യാത്ര സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി വിവിധ സ്ഥലങ്ങേളിലേക്കായി 150 ഷെഡ്യൂള് ബസുകളും പ്രവര്‍ത്തിക്കും. ആലുവ നഗരസഭയുടെ നേതൃത്വത്തില്‍ മണപ്പുറത്ത് 12 ലൈറ്റുകള്‍ സ്ഥാപിക്കാന്‍ ആവശ്യമായ നിര്‍ദേശം നല്കിയിട്ടുണ്ട്.
യോഗത്തില്‍ ദേവസ്വം കമ്മീഷണര്‍ പി.വേണുഗോപാല്‍, ചീഫ് എഞ്ചിനിയര്‍ പി.എസ്. ജോളി ഉല്ലാസ്, എറണാകുളം എ.ഡി.എം ബി.രാമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.













Discussion about this post