തിരുവനന്തപുരം: നിയമാനുസൃതവും സുതാര്യവുമായാണ് പാറമടകള്‍ക്ക് അനുമതി നല്കിയതെന്നും ഇതു സംബന്ധിച്ച് ഉണ്ടായ ആരോപണങ്ങളെക്കുറിച്ച് ഏതന്വേഷണത്തിനും സര്‍ക്കാര്‍ തയാറാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ്.
2011ല്‍ പരിസ്ഥിതി ആഘാത നിര്‍ണയ അഥോറിറ്റി രൂപികരിച്ചശേഷം എല്ലാ തീരുമാനങ്ങളും എടുത്തത് ഒരേ മാനദണ്ഡം ഉപയോഗിച്ചാണ്. ഡോ. മുത്തുനായകം അധ്യക്ഷനായി 2012 മാര്‍ച്ച് 23 മുതല്‍ 2013 സെപ്റ്റംബര്‍ 27 വരെയുള്ള കാലയളവില്‍ 22 തവണ യോഗം കൂടുകയും 28 പാറമടകള്‍ക്ക് പരിസ്ഥിതി അനുമതി നല്കുകയും ചെയ്തു. ആറു പാറമടകള്‍ക്ക് അനുമതി നിഷേധിച്ചു. അദ്ദേഹം രാജിവച്ചതിനെ തുടര്‍ന്ന് 2013 ഒക്‌ടോബര്‍ 31 മുതല്‍ 2014 ജനുവരി 24 വരെ അഥോറിറ്റിയുടെ യോഗം നാലു തവണ ചേരുകയും 16 പാറമടകള്‍ക്ക് അനുമതി നല്കുകയും ചെയ്തു. 34 പാറമടകളുടെ അനുമതി നിഷേധിച്ചു. സംസ്ഥാന വിദഗ്ധ വിലയിരുത്തല്‍ സമിതിയുടെ ശിപാര്‍ശ പ്രകാരമാണ് ഓരോന്നിലും തീരുമാനമെടുത്തത്. കേന്ദ്രപരിസ്ഥിതി വനം മന്ത്രാലയം പുറപ്പെടുവിച്ച 2006ലെ പരിസ്ഥിതി ആഘാത വിലയിരുത്തല്‍ വിജ്ഞാപനം പ്രകാരം എല്ലാ അപേക്ഷകളും ആദ്യം പരിശോധിച്ച് ശിപാര്‍ശ സമര്‍പ്പിക്കേണ്ടത് സംസ്ഥാന വിദഗ്ധ വിലയിരുത്തല്‍ സമിതി ആണ്. മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡയറക്ടറായിരുന്ന ഡോ. എന്‍.ജി. കെ പിള്ള അധ്യക്ഷനായ ഈ 14 അംഗ സമിതിയില്‍ സിബ്ല്യുആര്‍ഡിഎം, സെസ്, കുസാറ്റ് തുടങ്ങിയ സ്ഥാപനങ്ങളിലെ ശാസ്ത്ര-സാങ്കേതിക വിദഗ്ധരാണുള്ളത്.
വിദഗ്ധസമിതി നല്കുന്ന ശിപാര്‍ശയില്‍ പരിസ്ഥിതി ആഘാത നിര്‍ണയ അഥോറിറ്റി 45 ദിവസത്തിനുള്ളില്‍ തീരുമാനം എടുക്കണം. അങ്ങനെ ചെയ്തില്ലെങ്കില്‍ വിദഗ്ധ സമിതിയുടെ ശിപാര്‍ശ പ്രാബല്യത്തില്‍ വരുകയും പരിസ്ഥിതി അനുമതി സ്വയം ലഭ്യമായതായി കണക്കാക്കുകയും ചെയ്യും. ഡോ. മുത്തുനായകം രാജിവച്ചശേഷം യോഗം ചേര്‍ന്ന് അപേക്ഷകളില്‍ തീരുമാനമെടുക്കാന്‍ അഥോറിറ്റിക്ക് നിയമപരമായ ബാധ്യയുണ്ടായിരുന്നു. വിദഗ്ധ സമിതി സമര്‍പ്പിച്ച ശിപാര്‍ശ പ്രകാരം മാത്രമാണ് അഥോറിറ്റി 16 പാറമടകള്‍ക്ക് അനുമതി നല്കിയത്. നിയമാനുസൃതമായി മാത്രമല്ല, സുതാര്യതയോടു കൂടിയാണ് അഥോറിറ്റി പ്രവര്‍ത്തിക്കുന്നത്. യോഗം ചേരുന്ന അന്നുതന്നെ മിനിറ്റ്‌സും അജണ്ടയും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. പരിസ്ഥിതി അനുമതി നല്കുന്ന അന്നുതന്നെ അവ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഡോ. മുത്തുനായകം പങ്കെടുത്ത അഥോറിറ്റിയുടെ 2012 മാര്‍ച്ച് 23ലെയും ഏപ്രില്‍ 23ലെയും യോഗങ്ങളില്‍ എടുത്ത തീരുമാന പ്രകാരമാണ് പ്രത്യേക ക്ഷണിതാവായി പരിസ്ഥിതി കാലാവസ്ഥ വകുപ്പ് ഡയറക്ടര്‍ പി. ശ്രീകണ്ഠന്‍ നായരെ ഉള്‍പ്പെടുത്തിയത്. വിദഗ്ധ സമിതിയുടെ സെക്രട്ടറി എന്ന നിലയ്ക്ക് അവിടെയെടുത്ത തീരുമാനങ്ങളുടെ രേഖകളും വിശദീകരണവും നല്കുന്നതിനു വേണ്ടിയാണിത്. പ്രത്യേക ക്ഷണിതാവിന് അഥോറിറ്റി തീരുമാനങ്ങളില്‍ യാതൊരു അധികാരവുമില്ല. 2006ലെ പരിസ്ഥിതി ആഘാത വിലയിരുത്തല്‍ വിജ്ഞാപനത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതകള്‍ നേടിയിട്ടുള്ളതിനാല്‍ ഇദ്ദേഹത്തിനു നിയമനത്തിന് പൂര്‍ണ യോഗ്യതയുണ്ട്. വിജ്ഞാപന പ്രകാരം അഥോറിറ്റിയിലെയും വിദഗ്ധ സമിതിയിലേയും അംഗങ്ങളുടെ പ്രായപരിധി 70 വയസാണ്. എന്നാല്‍, വിദഗ്ധരെ കണ്ടെത്താനായില്ലെങ്കില്‍ 75 വയസ് വരെ തുടരാം. ഡോ. മുത്തുനായകത്തിന് 2014 ജനുവരി 10ന് 75 വയസായി. കഴിഞ്ഞ ഒക്‌ടോബറില്‍ രാജിക്കത്തു നല്കുകയും ഇക്കാര്യം കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ഡോ. കെ.പി. ജോയി ചെയര്‍മാനും ഡോ. ജെ. സുഭാഷിണി അംഗവുമായി അഥോറിറ്റി പുനസംഘടിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കത്തു നല്കുകയും കേന്ദ്രസര്‍ക്കാര്‍ ഇത് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. വിജ്ഞാപത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതകള്‍ നേടിയിട്ടുള്ളവരാണ് ഇരുവരും.
പരിസ്ഥിതി ആഘാത നിര്‍ണയ അഥോറിറ്റി രൂപീകരിച്ച ശേഷം ലഭിച്ച 129 അപേക്ഷകളില്‍ 40 എണ്ണത്തില്‍ മാത്രമാണ് പരിസ്ഥിതി അനുമതി നല്കിയത്. 2006ലെ പരിസ്ഥിതി ആഘാത വിലയിരുത്തല്‍ വിജ്ഞാപനം പുറത്തുവന്നെങ്കിലും അതു പ്രകാരമുള്ള പരിസ്ഥിതി ആഘാത നിര്‍ണയ അഥോറിറ്റി രൂപീകരിക്കാന്‍ ഇടതുസര്‍ക്കാര്‍ തയാറായില്ല. കേന്ദ്രപരിസ്ഥിതി മന്ത്രാലയം ഒമ്പതു തവണ സംസ്ഥാന സര്‍ക്കാരിനു കത്തയച്ചെങ്കിലും ഫലമുണ്ടായില്ല. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറി ഒരു മാസത്തിനുള്ളില്‍ അഥോറിറ്റി രൂപീകരിക്കുകയും കേരളത്തിന്റെ വികസന പ്രക്രിയയ്ക്ക് ആക്കംകൂട്ടാന്‍ ഉതകുന്ന നിരവധി പദ്ധതികള്‍ക്ക് നിയമാനുസൃതവും സുതാര്യവുമായ രീതിയില്‍ അനുമതി നല്കുകയും ചെയ്തു.
Discussion about this post