കോഴിക്കോട്: വെസ്റ്ഹില്‍ ചുങ്കം ബൈപാസില്‍ ശനിയാഴ്ച വൈകുന്നേരം മറിഞ്ഞ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ- ഐഒസി ടാങ്കര്‍ ലോറി ഇന്നലെ വൈകുന്നേരത്തോടുകൂടി റോഡില്‍നിന്നു നീക്കം ചെയ്തു. അപകടമുണ്ടായി അഞ്ചു മണിക്കൂറിനകംതന്നെ ചോര്‍ച്ച അടച്ചിരുന്നെങ്കിലും ടാങ്കറിലുണ്ടായിരുന്ന ഗ്യാസ് ഇന്നലെ വൈകുന്നേരത്തോടെയാണു പൂര്‍ണമായും നീക്കാനായത്. 24 മണിക്കൂര്‍ നേരത്തെ കഠിന പരിശ്രമം ഇതിനു വേണ്ടിവന്നു. 11,000 ലിറ്റര്‍ പാചകവാതകം അഞ്ചു ടാങ്കറുകളിലേക്കാണു മാറ്റി നിറച്ചത്. വാതകമര്‍ദം കുറയ്ക്കാന്‍ അഗ്നിശമനസേന തുടര്‍ച്ചയായി വെള്ളം ചീറ്റിക്കൊണ്ടിരുന്നു. കോഴിക്കോട് സിറ്റി, ബീച്ച്, മീഞ്ചന്ത, വെള്ളിമാടുകുന്ന്, നരിക്കുനി എന്നിവിടങ്ങളില്‍നിന്നുള്ള പന്ത്രണ്ടു ഫയര്‍ഫോഴ്സ് വാഹനങ്ങളാണ് എത്തിയത്. ജില്ലാ ഫയര്‍ ഓഫീസര്‍ അതുല്‍ ഭാസ്കര്‍, മീഞ്ചന്ത സ്റേഷന്‍ ഓഫീസര്‍ അജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്സ് സംഘം ഇന്നലെ വൈകുന്നേരം നാലോടെയാണു സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്.
വെസ്റ്ഹില്‍ അതിഥിമന്ദിരത്തിനു സമീപം ശനിയാഴ്ച വൈകുന്നേരം മൂന്നേകാലോടെയാണു നാടിനെ മുള്‍മുനയില്‍ നിര്‍ത്തിയ അപകടം. മംഗലാപുരത്തുനിന്നു കോയമ്പത്തൂരിലേക്കു പാചകവാതകവുമായി പോവുകയായിരുന്ന ടാങ്കര്‍ സ്ഥിരം അപകട മേഖലയായ കൊടുംവളവില്‍ അമിതവേഗത്തിലെത്തി നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. ടാങ്കറിനടിയില്‍പ്പെട്ടു സമീപത്തെ ഗുഡ്സ് ഓട്ടോയിലുണ്ടായിരുന്ന ഡ്രൈവര്‍ കുണ്ടുപറമ്പ് സ്വദേശി രവിദാസ്(35) തത്ക്ഷണം മരിച്ചു. ടാങ്കര്‍ മറിഞ്ഞയുടന്‍ ഉണ്ടായ വാതകച്ചോര്‍ച്ച ഭീതി പരത്തിയെങ്കിലും അധികം വൈകാതെ ഇതു നിയന്ത്രിച്ചത് വന്‍ ദുരന്തം ഒഴിവാക്കി. ചേളാരി ഐഒസി പ്ളാന്റില്‍നിന്നെത്തിയ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ലക്ഷ്മിപതിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണു താത്കാലികമായി വാതകച്ചോര്‍ച്ച നിയന്ത്രിച്ചത്. നാലു ക്രെയിനുകള്‍ എത്തിച്ച് എന്‍ജിന്‍ വേര്‍പ്പെടുത്തി പൊക്കിയെടുത്താണു ഇന്നലെ ചോര്‍ച്ച പൂര്‍ണമായും നിയന്ത്രിച്ചത്.
അതിനിടെ, ദുരന്തത്തില്‍ മരിച്ച രവിദാസിന്റെ കുടുംബത്തിനും അപകടത്തില്‍ നാശനഷ്ടം സംഭവിച്ച വീട്ടുകാര്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടു പ്രദേശവാസികള്‍ ഇന്നലെ റോഡ് ഉപരോധിച്ചു. ടാങ്കറില്‍ ശേഷിച്ചിരുന്ന വാതകം മറ്റു ടാങ്കറുകളിലാക്കി കൊണ്ടുപോകുന്നതിനിടെയായിരുന്നു ഉപരോധം. ഇതേത്തുടര്‍ന്നു രണ്ടു മണിക്കൂറോളം ഇതുവഴി ഗതാഗതം തടസപ്പെട്ടു. മേയര്‍ എ.കെ. പ്രേമജം, നോര്‍ത്ത്, സൌത്ത് അസിസ്റന്റ് പോലീസ് കമ്മീഷണര്‍മാര്‍, എഡിഎം, ഡിഎംഒ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണു നാട്ടുകാര്‍ പിന്‍വാങ്ങിയത്.













Discussion about this post