കഴക്കൂട്ടം: ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസ് പ്രതി നിനോ മാത്യുവിനെ കൂടുതല്‍ തെളിവെടുപ്പിനായി ടെക്നോപാര്‍ക്കിലെത്തിച്ചപ്പോള്‍ ക്ഷുഭിതരായ ജീവനക്കാര്‍ വളഞ്ഞിട്ടു മര്‍ദിച്ചു. തടയാന്‍ ശ്രമിച്ച പോലീസുകാര്‍ക്കും മര്‍ദനമേറ്റു. സ്ത്രീകളടക്കുമുള്ള ജീവനക്കാരുടെ പ്രതിഷേധത്തിനു മുന്നില്‍ ഒമ്പതു പേരടങ്ങുന്ന പോലീസ് സംഘം എന്തുചെയ്യണമെന്നറിയാതെ കുഴങ്ങി. ഒടുവില്‍ വളരെ പണിപ്പെട്ടു പ്രതിയെ ടെക്നോപാര്‍ക്കില്‍നിന്നു പോലീസ് പുറത്തേക്കു കൊണ്ടുപോയി.
ഇന്നലെ ഉച്ചകഴിഞ്ഞു 3.30 ഓടെയാണ് ടെക്നോപാര്‍ക്കിലെ നിള ബില്‍ഡിംഗില്‍ പ്രതിയെ കൊണ്ടുവന്നത്. നിള ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ഡൈവര്‍ഷന്‍സ് കമ്പനിയിലെ ജീവനക്കാരനായിരുന്നു മുഖ്യപ്രതി നിനോ മാത്യുവും കാമുകി അനുശാന്തിയും. ഈ കമ്പനിയിലെ പ്രോജക്ട് മാനേജരായ നിനോയും ടീം ലീഡറായ അനുശാന്തിയും കമ്പനിയില്‍ വച്ചാണ് ഗൂഢാലോചന നടത്തിയിരുന്നത്. കൊലയ്ക്ക് മുമ്പുള്ള ദിവസങ്ങളില്‍ ഉച്ചഭക്ഷണം കഴിക്കുന്ന വേളയില്‍ ഇരുവരും ഇതുസംബന്ധിച്ചു തീരുമാനിച്ചതായി നിനോ പോലീസിനു മൊഴി നല്‍കിയിരുന്നു. ഇതിനേത്തുടര്‍ന്നാണു പ്രതിയെ തെളിവെടുപ്പിനു ടെക്നോപാര്‍ക്കില്‍ കൊണ്ടുവന്നത്.
രഹസ്യമായാണ് കമ്പനിയിലേക്കു പ്രതിയെ കൊണ്ടുപോകാന്‍ പോലീസിനു കഴിഞ്ഞെങ്കിലും തിരിച്ചിറക്കാന്‍ ഏറെ പണിപ്പെടേണ്ടിവന്നു. നിള ബില്‍ഡിംഗിലെ ഒന്നാം നിലയിലും താഴത്തെ നിലയിലും തടിച്ചുകൂടിയ ജീവനക്കാര്‍ പ്രതിയെ കണ്ടതോടെ കൂകി വിളിച്ചു പ്രതിഷേധിച്ചു.ഒന്നാം നിലയ്ക്ക് സമീപത്തുവച്ച് ജീവനക്കാരില്‍ ചിലര്‍ പ്രതിയെ മര്‍ദിക്കാന്‍ ശ്രമിച്ചു. തങ്ങളുടെ ജോലി തടസപ്പെടുത്തരുതെന്ന പോലീസിന്റെ അപേക്ഷയോടെയാണ് പ്രതിഷേധമടങ്ങിയത്.
എന്നാല്‍, അടുത്ത ഫ്ളോര്‍ കടന്നതോടെ ആ കുഞ്ഞിനെ നിനക്കു വെറുതെ വിട്ടുകൂടായിരുന്നോ എന്നാക്രോശിച്ചു കൊണ്ട് ഒരു യുവാവ് പ്രതിയുടെ പിന്‍ഭാഗത്തു മര്‍ദിച്ചു. ഇതോടെ സമീപത്തു നിന്നവരെല്ലാം പ്രതിക്കു നേരേ തിരിഞ്ഞു. വളരെ പണിപ്പെട്ട് ജീപ്പിലേക്ക് കയറ്റാനുള്ള ശ്രമത്തിനിടെ പ്രതിയെ ഇരുപതോളം വരുന്ന സംഘം വളഞ്ഞിട്ടു തല്ലി. പോലീസുകാര്‍ക്കും ഇതില്‍ മര്‍ദനമേറ്റു.
ആറ്റിങ്ങല്‍ സിഐ അനി കുമാറിന്റെ നേതൃത്വത്തില്‍ ഒരു എസ്ഐ അടക്കം എട്ടു പേരാണ് കൂടെയുണ്ടായിരുന്നത്. പ്രതിയെ പിന്നീട് കഴക്കൂട്ടത്തെ ചില ഷോപ്പുകളിലെ തെളിവെടുപ്പിനുശേഷം സ്റേഷനിലേക്കു കൊണ്ടുപോയി. കൊലപാതക ദിവസം ധരിക്കാനായി ചെരുപ്പുവാങ്ങിയ കടയിലും മുളകുപൊടി വാങ്ങിയ കടയിലും പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുപോയിരുന്നു. പ്രതിയെ മര്‍ദിച്ച ടെക്നോപാര്‍ക്ക് ജീവനക്കാര്‍ക്കെതിരേ കേസെടുക്കുമെന്നു കഴക്കൂട്ടം പോലീസ് അറിയിച്ചു.













Discussion about this post