തിരുവനന്തപുരം: കേരള രാഷ്‌ട്രീയത്തിലെ ഭീഷ്‌മാചാര്യന്‍ യാത്രയായി. കെ. കരുണാകരന്‍ (93) ഇനി ജനലക്ഷങ്ങളുടെ ഓര്‍മ്മയില്‍. ഇന്നലെ വൈകിട്ട് 5.30നായിരുന്നു വിയോഗം. കെ. മുരളീധരനും പത്മജ വേണുഗോപാലും മരണസമയത്ത് ഒപ്പമുണ്ടായിരുന്നു. നാളെ തൃശൂരില്‍ ഭാര്യ കല്യാണിക്കുട്ടിയമ്മ അന്ത്യവിശ്രമം കൊള്ളുന്നതിനരികെ കെ. കരുണാകരനു ചിതയൊരുങ്ങും.
രാഷ്‌ട്രീയ തന്ത്രജ്‌ഞതയും നേതൃപാടവവും അദ്ദേഹത്തെ കോണ്‍ഗ്രസുകാരുടെയെല്ലാം `ലീഡറാക്കി കേരളം ദേശീയ രാഷ്‌ട്രീയത്തിനു നല്‍കിയ എക്കാലത്തെയും തലയെടുപ്പുള്ള നേതാവും പാര്‍ട്ടിയുടെ ഏറ്റവും തലമുതിര്‍ന്ന നേതാവുമായ അദ്ദേഹം പ്രവര്‍ത്തകസമിതി അംഗമായി തുടരുമ്പോഴാണ് വിട പറയുന്നത്. നാലുതവണ മുഖ്യമന്ത്രിയും 95ല്‍ കേന്ദ്രവ്യവസായമന്ത്രിയുമായിരുന്ന കരുണാകരന്‍ പദവികള്‍ക്കപ്പുറം പ്രവര്‍ത്തകര്‍ നെഞ്ചേറ്റിയ വികാരമായിരുന്നു. ഈ മാസം 10ന് അനന്തപുരി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം പലതവണ ഗുരുതരാവസ്‌ഥ തരണം ചെയ്‌തിരുന്നു. എന്നാല്‍ ചൊവ്വാഴ്‌ച രണ്ടാമതും വെന്റിലേറ്ററിന്റെ സഹായം വേണ്ടിവന്നു. രണ്ടുതവണ പക്ഷാഘാതവും ഉണ്ടായി. ജനങ്ങളുടെ പ്രാര്‍ത്ഥനയെ നൊമ്പരപ്പെടുത്തിക്കൊണ്ട് രാഷ്‌ട്രീയകേരളത്തിന്റെ ലീഡര്‍ നിത്യതയില്‍ വിലയം പ്രാപിച്ചു.
തൃശൂര്‍ സീതാറാംമില്‍സിലെ തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ ശ്രദ്ധേയനായ ഐഎന്‍ടിയുസി നേതാവില്‍ നിന്ന് ദേശീയ രാഷ്‌ട്രീയത്തിലെ `കിങ് മേക്കറായുള്ള വളര്‍ച്ച കേരളത്തിലെ കോണ്‍ഗ്രസിന്റെ ചരിത്രമാണ്. ഡല്‍ഹിയില്‍ വ്യവസായമന്ത്രിയായിപ്പോകുന്ന 95 വരെയുള്ള രണ്ടരപ്പതിറ്റാണ്ടുകാലം സംസ്‌ഥാനരാഷ്‌ട്രീയത്തിന്റെ അജന്‍ഡ കരുണാകരനില്‍ കേന്ദ്രീകരിച്ചു. കമ്യൂണിസ്‌റ്റ് പ്രസ്‌ഥാനത്തോട് മല്ലിട്ടു വളര്‍ന്ന കരുണാകരന്‍ അവരുടെ ബുദ്ധികേന്ദ്രങ്ങളെ വിസ്‌മയിപ്പിക്കുന്ന പ്രായോഗികവൈഭവത്തിലൂടെ രാഷ്‌ട്രീയചാണക്യനാവുകയായിരുന്നു. 67 ല്‍ വെറും ഒമ്പതുപേരുമായി ഇഎംഎസ് മന്ത്രിസഭയ്‌ക്കെതിരെ പൊരുതിയ പ്രതിപക്ഷനേതാവ് പിന്നീട് മുന്നണി രാഷ്‌ട്രീയത്തെ അത്ഭുതകരമായി; യുഡിഎഫിന്റെ ശില്‍പിയും നായകനുമായി.
പ്രതിസന്ധികളില്‍ നിന്ന് അപാരമായ ഊര്‍ജം ഏറ്റുവാങ്ങി കുതിച്ചു കരുണാകരന്‍. തട്ടില്‍ എസ്‌റ്റേറ്റ് കേസും രാജന്‍കേസും തൊട്ട് പാമോലിന്‍ കേസു വരെ വേട്ടയാടുമ്പോള്‍ കുലുങ്ങിയില്ല. ദുഃഖങ്ങളെല്ലാം അദ്ദേഹം ഗുരുവായൂരപ്പനില്‍ സമര്‍പ്പിക്കയായിരുന്നു. ഭാര്യ കല്യാണിക്കുട്ടിയമ്മ യാത്ര പറഞ്ഞപ്പോള്‍ മാത്രം ആ കണ്ണുകള്‍ ഈറനണിഞ്ഞു. നെഹ്‌റു കുടുംബമായിരുന്നു ഇനിയൊരു ദൗര്‍ബല്യം. ഏഴു പതിറ്റാണ്ടു രാഷ്‌ട്രീയത്തില്‍ നിറഞ്ഞു നിന്ന `ലീഡറുടെ ശിഷ്യരാണ് ഇന്നത്തെ നേതാക്കളില്‍ കൂടുതലും.
കെ. കരുണാകരന്റെ സംസ്‌കാരം നാളെ ഉച്ചയ്‌ക്കു മുന്‍പു തൃശൂര്‍ പൂങ്കുന്നത്തുള്ള മുരളീമന്ദിരത്തില്‍ നടത്തും. പത്‌നി കല്യാണിക്കുട്ടിയമ്മയുടെ സ്‌മൃതിമന്ദിരത്തിനരികെയാണു ചിതയൊരുങ്ങുക. ഇന്നലെ രാത്രി ആശുപത്രിയില്‍ നിന്നു തലസ്‌ഥാനത്തെ വസതിയായ കല്യാണിയില്‍ കൊണ്ടുവന്ന മൃതദേഹം ഇന്നു ഒന്‍പതു മുതല്‍ 10.30 വരെ കെപിസിസി ആസ്‌ഥാനമായ ഇന്ദിരാഭവനില്‍ പൊതുദര്‍ശനത്തിനു വയ്‌ക്കും. തുടര്‍ന്ന് ഒരു മണി വരെ ഡര്‍ബാര്‍ ഹാളില്‍. അവിടെ നിന്നു ദേശീയപാതയിലൂടെ തുറന്ന വാഹനത്തില്‍ വിലാപയാത്രയായി തൃശൂരിലേക്കു കൊണ്ടുപോകും. അവിടെ ടൗണ്‍ ഹാളിലും ഡിസിസി ഓഫിസിലും പൊതുദര്‍ശനത്തിനു വയ്‌ക്കുന്ന മൃതദേഹം പിന്നീടു മുരളീമന്ദിരത്തിലെത്തിക്കും. അതിവിശിഷ്‌ട വ്യക്‌തികള്‍ എത്തിച്ചേരുന്നതു കൂടി കണക്കിലെടുത്തായിരിക്കും സംസ്‌കാരസമയം.
Discussion about this post