തിരുവനന്തപുരം: സിനിമകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് സര്‍ക്കാരിന്റെ സമീപനമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ 19-ാമത് കേരള അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ സംബന്ധിച്ച് സിനിമ മന്ത്രിയുടെ അധ്യക്ഷതയില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീയേറ്റര്‍ കോംപ്ലക്‌സ് സംബന്ധിച്ച് യോഗത്തിലുയര്‍ന്ന അഭിപ്രായം പ്രൊപ്പോസല്‍ ആയി മന്ത്രിസഭയില്‍ സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിര്‍ദ്ദേശം നല്‍കി. സിനിമകള്‍ക്ക് ഉളള സബ്‌സിഡി സംബന്ധിച്ച മാനദണ്ഡം പരിഷ്‌കരിക്കുന്നത് ഉള്‍പ്പെടെ മലയാള സിനിമയ്ക്കും ഫിലിം ഫെസ്റ്റിവലിനും സമഗ്രമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനായി അടൂര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍മാനായി അഞ്ചംഗ സമിതിയെയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അടൂര്‍ ഗോപാലകൃഷ്ണന്‍, ഷാജി എന്‍. കരുണ്‍, സുരേഷ് കുമാര്‍, പന്തളം സുധാകരന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന കമ്മിറ്റിയില്‍ സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ് സെക്രട്ടറിയായി പ്രവര്‍ത്തിക്കും. കമ്മിറ്റി രണ്ട് മാസത്തിനുളളില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സബ്‌സിഡി സംബന്ധിച്ച് മഹാരാഷ്ട്ര, കര്‍ണ്ണാടക സംസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കാവുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സംബന്ധിച്ച് പൊതുവായ ചര്‍ച്ച നടന്ന യോഗത്തില്‍ ഇക്കാര്യം സംബന്ധിച്ചും വേണ്ട മാറ്റങ്ങള്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷനായുളള കമ്മിറ്റിക്ക് നിര്‍ദ്ദേശിക്കാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡിസംബറില്‍ ഫിലിം ഫെസ്റ്റിവല്‍ മികച്ച നിലയില്‍ സംഘടിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ചടങ്ങില്‍ സിനിമ വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. അന്തര്‍ ദേശീയ രംഗത്തെ നല്ല സിനിമകളാണ് വേണ്ടത്. നന്മയുളള സിനിമകള്‍ കൊണ്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജെ.സി.ഡാനിയേല്‍ അവാര്‍ഡ് തുക സംബന്ധിച്ച് യോഗത്തിലുയര്‍ന്ന അഭിപ്രായങ്ങള്‍ പരിശോധിക്കും. പ്രായോഗിക വശങ്ങള്‍ പരിശോധിച്ച ശേഷമാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്ര അക്കാദമിക്ക് നിലവിലുളള കര്‍മ്മ പരിപാടിക്കൊപ്പം ഫിലിം രംഗവുമായി ബന്ധപ്പെട്ട അക്കാദമിക്ക് ആക്ടിവിറ്റികള്‍ മെച്ചപ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കും. പ്രതിഭയുളളവരെ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ സ്വീകരിക്കണം. ചലച്ചിത്ര അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തി കല്‍പ്പിത സര്‍വ്വകലാശാല ആക്കുന്നതിനുളള നടപടികളാണ് വേണ്ടത്. കെ.എസ്.എഫ്.ഡി.സി. ക്കും ചിത്രാഞ്ജലിക്കും അവശ്യമായ പ്രാമുഖ്യം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, ഷാജി എന്‍. കരുണ്‍, ഗാന്ധിമതി ബാലന്‍, നടന്‍ മധു, പന്തളം സുധാകരന്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ,് നടന്‍ മധുപാല്‍, വിവിധ മാധ്യമങ്ങളുടെ ബ്യൂറോ ചീഫുമാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.













Discussion about this post