തിരുവനന്തപുരം: മഹാരാജാക്കന്‍മാരില്‍ സംഗീതജ്ഞനും സംഗീതജ്ഞരില്‍ മഹാരാജാവുമായിരുന്നു സ്വാതിതിരുനാളെന്ന് ഗവര്‍ണര്‍ ഷീലാ ദീക്ഷിത്. കര്‍ണാടക സംഗീതത്തില്‍ ത്യാഗരാജസ്വാമികളോടൊപ്പം നില്‍ക്കുന്ന അതുല്യപ്രതിഭയാണ് സ്വാതിതിരുനാള്‍. കേരള സര്‍വ്വകലാശാല സെന്റര്‍ ഫോര്‍ പെര്‍ഫോമിങ് ആന്‍ഡ് വിഷ്വല്‍ ആര്‍ട്‌സ് സംഘടിപ്പിച്ച സ്വാതിതിരുനാള്‍ ദ്വിശതാബ്ദി ആഘോഷങ്ങളുടെ സമാപനം സെനറ്റ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.
ഒരു തികഞ്ഞ ഭരണാധികാരിയും സംഗീതജ്ഞനും കവിയുമായിരുന്നു സ്വാതി തിരുനാള്‍. കര്‍ണാടക സംഗീതവും ഉത്തരേന്ത്യന്‍ സംഗീതവും വേറിട്ട ധാരകളാണ്. എന്നാല്‍ ഇതുരണ്ടും സമഞ്ജസമായി സന്നിവേശിപ്പിക്കുവാന്‍ സ്വാതിതിരുനാളിന് കഴിഞ്ഞു. തിരുവിതാംകൂറിനെ ആധുനികവത്കരിക്കുന്നതില്‍ സ്വാതിതിരുനാള്‍ പ്രധാന പങ്ക് വഹിച്ചുവെന്ന് ആധ്യക്ഷപ്രസംഗം നടത്തിയ കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.പി.കെ.രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. തന്റെ ചുരുങ്ങിയ ജീവിതത്തിനിടയില്‍ അഞ്ഞൂറോളം വിശിഷ്ട സംഗീതോപഹാരങ്ങള്‍ അദ്ദേഹം കൈരളിയെ അണിയിച്ചു. ചടങ്ങില്‍ വി.എസ്.ശര്‍മ്മ സ്വാഗതം ആശംസിച്ചു. രാജാ വാര്യര്‍ കൃതജ്ഞത പ്രകാശിപ്പിച്ചു. തുടര്‍ന്ന് കലാപരിപാടികള്‍ അരങ്ങേറി.
Discussion about this post