ന്യൂഡല്‍ഹി: ലോക്‌സഭയിലേക്കുളള വോട്ടെടുപ്പിന്റെ അവസാനഘട്ടം നാളെ നടക്കും.ഒന്‍പതാം ഘട്ടത്തില്‍ 3 സംസ്ഥാനങ്ങളിലെ 41 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡി മത്സരിക്കുന്ന വാരാണസി ഉള്‍പ്പെടെ അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ കനത്ത സുരക്ഷാസംവിധാനങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ 18ഉം ബീഹാറിലെ 6ഉം പശ്ചിമ ബംഗാളിലെ 17ഉം മണ്ഡലങ്ങളിലെ വോട്ടര്‍മാരാണ് നാളെ ബൂത്തിലെത്തുക. നാല്‍പ്പത്തിരണ്ടു പേരാണ് ഉത്തര്‍ പ്രദേശിലെ വാരണാസിയില്‍ മത്സരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ 31483ഉം ബീഹാറില്‍ 8389ഉം പശ്ചിമ ബംഗാളില്‍ 31392ഉം പോളിംഗ് ബൂത്തുകളാണ് നാളത്തെ വോട്ടെടുപ്പിനായി തയ്യാറാക്കിയിരിക്കുന്നത്.












