തിരുവനന്തപുരം: ഹരിഹരവര്‍മ വധക്കേസില്‍ ആറാം പ്രതി ഒഴികെയുള്ള അഞ്ചു പ്രതികളും കുറ്റക്കാരാണെന്നു കോടതി വിധിച്ചു. പത്തുമാസം നീണ്ടുനിന്ന സാക്ഷി വിസ്താരത്തിനൊടുവില്‍ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.കെ. സുജാതയാണ് അഞ്ചു പ്രതികളെ കുറ്റക്കാരെന്നു കണ്ടെത്തിയത്. ഒന്നു മുതല്‍ അഞ്ചുവരെയുള്ള പ്രതികള്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഗൂഢാലോചന, കൊലപാതകം, കവര്‍ച്ചക്കായുള്ള കൊലപാതകം, തെളിവുനശിപ്പിക്കല്‍, വ്യാജരേഖ ചമയ്ക്കല്‍, എന്നീ വകുപ്പുകള്‍ പ്രകാരം കുറ്റക്കാരാണെന്നാണു കോടതി കണ്ടെത്തിയത്.
തലശേരി സ്വദേശികളായ ജിതേഷ്, രാഖില്‍, കോഴിക്കോട് കുറ്റ്യാടി സ്വദേശി അജീഷ് ചാലക്കുടി സ്വദേശി രാകേഷ്, കുര്‍ഗ് സ്വദേശി ജോസഫ് എന്നിവരെയാണു കോടതി കൊലപാതകത്തിനും രത്‌നങ്ങള്‍ കവര്‍ച്ച ചെയ്തതിനു കുറ്റക്കാരായി കണ്ടെത്തിയത്. ശിക്ഷയെ സംബന്ധിച്ചുള്ള പ്രതിഭാഗം അഭിഭാഷകരുടെയും പ്രോസിക്യൂട്ടറുടെയും വാദം കേട്ടശേഷം പ്രതികള്‍ക്കെതിരേയുള്ള ശിക്ഷ കോടതി ഇന്നു വിധിക്കും. ആറാം പ്രതി വട്ടിയൂര്‍ക്കാവ് സ്വദേശി അഡ്വ. ഹരിദാസിനെയാണ് കോടതി വെറുതെവിട്ടത്.
2012 ഡിസംബര്‍ 24നാണ് ഹരിഹരവര്‍മ കൊലചെയ്യപ്പെട്ടത്. കേസില്‍ സമയബന്ധിതമായി വിചാരണ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. 2013 ജൂലൈ 19ന് പ്രതികള്‍ക്കെതിരേ കുറ്റപത്രം നല്‍കുകയും 29ന് സാക്ഷിവിസ്താരം ആരംഭിക്കുകയും ചെയ്തു. കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നു 72 പേരെ സാക്ഷികളായി വിസ്തരിച്ചിരുന്നു. പ്രതിഭാഗത്തുനിന്ന് എഡിജിപി ഹേമചന്ദ്രനുള്‍പ്പെടെ എട്ടുപേരെ സാക്ഷിയായി വിസ്തരിച്ചിരുന്നു. 244 രേഖകളും 142 തൊണ്ടി സാധനങ്ങളും കോടതി തെളിവായി സ്വീകരിച്ചു.
കേസിന്റെ അന്വേഷണവേളയില്‍ തന്നെ ഹരിഹരവര്‍മ മാവേലിക്കര രാജ കുടുംബാംഗമാണ് വാര്‍ത്ത പരന്നു. എന്നാല്‍, കൊട്ടാരം അധികൃതര്‍ ഇതു നിഷേധിച്ചു. രാജകുടുംബാംഗം എന്ന നിലയിലാണ് വര്‍മയെ അഡ്വ.ഹരിദാസ് രത്‌നങ്ങള്‍ വാങ്ങാനെത്തുന്നവര്‍ക്കു പരിചയപ്പെടുത്തിയിരുന്നത്. വര്‍മയുടെ രത്‌നവ്യാപാരത്തിന്റെ വിശദാംശങ്ങള്‍ രത്‌നങ്ങള്‍ വര്‍മയ്ക്കു ലഭിച്ചതെവിടെനിന്ന്, വര്‍മ ആരാണ് എന്നെല്ലാം വിശദമായി അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഇക്കാര്യങ്ങള്‍ പോലീസ് അന്വേഷിച്ചുവരികയാണ്. വര്‍മയെക്കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയാക്കാതെയുള്ള പോലീസിന്റെ കുറ്റപത്രം അപൂര്‍ണ്ണമാണെന്ന് പ്രതിഭാഗം വാദിച്ചു. എന്നാല്‍, പ്രതികള്‍ രത്‌നങ്ങള്‍ കവര്‍ച്ച ചെയ്യുന്നതിനായി കൊലപാതകത്തിനായി ഗൂഢാലോചന നടത്തിയതായും അതു പ്രകാരം കൊലനടത്തിയതായും തെളിഞ്ഞതിനാല്‍ വര്‍മയുടെ കുടുംബ പഞ്ചാത്തലത്തിന് പ്രസക്തിയില്ലെന്നു സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ വാദിച്ചിരുന്നു. ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു. സാഹചര്യത്തെളിവുകള്‍ മാത്രമുള്ള കേസില്‍ ശാസ്ത്രീയ തെളിവുകളുടെയും സാഹചര്യതെളിവുകളുടെയും അടിസ്ഥാനത്തിലാണു കോടതി പ്രതികളെ കുറ്റക്കാരാണെന്നു കണെ്ടത്തിയിരിക്കുന്നത്.
ക്രൈം ഡിറ്റാച്ച്‌മെന്റ് അസി.കമ്മീഷണര്‍ കെ.ഇ.ബൈജു, പേരൂര്‍ക്കട സിഐ ആയിരുന്ന ആര്‍.പ്രതാപന്‍, സബ് ഇന്‍സ്‌പെക്ടര്‍ സി.മോഹനന്‍ എന്നിവരുള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷിച്ചു പ്രതികളെ പിടികൂടിയതും കുറ്റപത്രം നല്‍കിയതും. സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ വി.എസ്. വിനീത് കുമാര്‍, അഭിഭാഷകരായ അനില്‍ പ്രസാദ് കുമാര്‍, ആര്‍.ബാബു നാഥുറാം, ബി.സുഭാഷ്, നവനീത് എന്നിവര്‍ പ്രോസിക്യൂഷനുവേണ്ടി കോടതിയില്‍ഹാജരായി.













Discussion about this post