കോട്ടയം: സമൂഹത്തില്‍ സാധാരണക്കാര്‍ക്ക് ലളിതമായ വ്യവസ്ഥയില്‍ അംഗീകൃത ധനകാര്യസ്ഥാപനങ്ങളില്‍നിന്ന് വായ്പ ലഭ്യമാക്കാനുള്ള നടപടികളെപ്പറ്റി മന്ത്രിസഭാ യോഗത്തില്‍ തീരുമാനം കൈകൊള്ളുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
വായ്പകള്‍ ലളിതമാക്കിയാല്‍ ബ്‌ളേഡ് സംഘങ്ങളെ പൂര്‍ണമായി ഒഴിവാക്കും. സഹകരണ സംഘങ്ങള്‍, ബാങ്കുകള്‍ എന്നിവ വഴി വായ്പകള്‍ ഉദാരമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനുള്ള നിയമവശം പര്യാപ്തമാണോയെന്നു പരിശോധിക്കും. വേണ്ടിവന്നാല്‍ ഇതിനുവേണ്ടി നിയമ നിര്‍മാണം നടത്തും. തമിഴ്‌നാട്ടില്‍ ലളിത വ്യവസ്ഥയില്‍ വായ്പകള്‍ നല്‍കി വരുന്നുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ മനസിലാക്കാന്‍ ആഭ്യന്തര സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മണി ലെന്‍ഡേഴ്‌സ് ആക്ട് പ്രകാരം നിയമാനുസൃതം സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് രമേശ് ചെന്നിത്തല കോട്ടയം പ്രസ് ക്‌ളബില്‍ നടത്തിയ മീറ്റ് ദി പ്രസില്‍ പറഞ്ഞു.
സമാന്തര സമ്പത്ത് വ്യവസ്ഥ പോലെ തഴച്ചു വളരുന്ന ബ്‌ളേഡ് സംഘങ്ങളെ അടിച്ചമര്‍ത്തുകയും ഇത്തരത്താരെ കല്‍ത്തുറങ്കില്‍ അടയ്ക്കുമെന്നും മന്ത്രി പറഞ്ഞു. ബ്‌ളേഡ് സംഘങ്ങളോട് അടുപ്പം പുലര്‍ത്തുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരെപ്പറ്റിയുള്ള വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരെ നടപടിയുണ്ടാകും. പലരും നിരീക്ഷണത്തിലാണ്. ഒരു കാരണവശാലും അന്വേഷണങ്ങളില്‍നിന്നു വമ്പന്‍സ്രാവുകള്‍ രക്ഷപെടില്ല. അന്വേഷണത്തില്‍നിന്നു പൂര്‍ണമായും രാഷ്ട്രീയ ഇടപെടലും ശുപാര്‍ശകളും ഒഴിവാക്കും. കാപ്പാഗുണ്ടാ നിയമപ്രകാരം മൂന്നിലധികം കേസില്‍ ഉള്‍പ്പെട്ടവരെ മൂന്ന്, പതിനഞ്ച് വകുപ്പുകള്‍ പ്രകാരം ഗുണ്ടാ ലിസ്‌റില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. റെയ്ഡുകള്‍ ഒരു ദിവസംകൊണ്ടു അവസാനിക്കുന്നവയല്ല. വരുംദിവസങ്ങളില്‍ പൂഴ്ത്തിവച്ചിരിക്കുന്ന രേഖകളും പ്രോമിസറി നോട്ടുകള്‍, പ്രമാണങ്ങള്‍, ആധാരങ്ങളും പിടിച്ചെടുക്കും.
അന്യസംസ്ഥാനക്കാര്‍ പിടിമുറുക്കിയിരിക്കുന്ന പാലക്കാട്, ഇടുക്കി ജില്ലകളില്‍ നടപടികള്‍ ശക്തമാക്കാനും പോലീസിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ മാസം 20നു മുമ്പു മദ്യനയവുമായി ബന്ധപ്പെട്ടുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണും. യുഡിഎഫ് യോഗം ഇതുചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. സൈബര്‍ കേസുകള്‍ സംസ്ഥാനത്തു കൂടിവരുന്നുണ്ട്. ഇതിനായി സൈബര്‍ ഡോം പദ്ധതിക്കു രൂപം നല്കും. സൈബര്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനാണ് പദ്ധതിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. എംജി സര്‍വകലാശാല വൈസ് ചാന്‍സലറിനെ പുറത്താക്കിയ നടപടി യുഡിഎഫിനു പാഠമാണ്. ഉന്നത പദവിയിലേക്ക് ഒരാളെ പരിഗണിക്കുമ്പോള്‍ സൂക്ഷ്മതയും അതിന്റേതായ ഗൌരവവും കാട്ടണം. വ്യാജരേഖ സമര്‍പ്പിച്ചിട്ടുണ്ടോ എന്നതിനെപ്പറ്റി ഗവര്‍ണറുടെ ഉത്തരവ് പരിശോധിച്ചശേഷം ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.













Discussion about this post