തൃശൂര്‍: പതിനായിരങ്ങളുടെ അന്ത്യോപചാരം ഏറ്റുവാങ്ങി കേരളത്തിന്റെ പ്രിയപ്പെട്ട ‘ലീഡര്‍’ ഓര്‍മ്മയായി. അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കെ.കരുണാകരന്റെ ഭൗതികശരീരം പൂര്‍ണ്ണ സംസ്ഥാന ഔദ്യോഗിക ബഹുമതികളോടെ ഹൈന്ദവാചാര പ്രകാരം തൃശൂരിലെ വസതിയില്‍ സംസ്‌കരിച്ചു.
പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്, കേന്ദ്രമന്ത്രി ഗുലാംനബി ആസാദ്, കോണ്‍ഗ്രസ് നേതാവ് മൊഹ്‌സീന കിദ്വായി തുടങ്ങിയവര്‍ തൃശൂര്‍ ടൗണ്‍ഹാളിലെത്തി കരുണാകരന് അന്ത്യാഞ്‌ജലി അര്‍പ്പിച്ചു. മൃതദേഹത്തില്‍ പുഷ്‌പചക്രം സമര്‍പ്പിച്ചശേഷം പ്രധാനമന്ത്രി മക്കളായ മുരളീധരനേയും പത്മജയെയും മറ്റ് കുടുംബാംഗങ്ങളെയും സമാശ്വസിപ്പിച്ചു. ടൗണ്‍ഹാളില്‍ പത്തു മിനിറ്റ് മാത്രമാണ് പ്രധാനമന്ത്രി ചെലവിട്ടത്. പ്രതികൂല കാലാവസ്ഥയായതിനാല്‍ നിശ്ചയിച്ചയില്‍ നിന്ന് രണ്ടു മണിക്കൂര്‍ വൈകിയാണ് പ്രധാനമന്ത്രി തൃശൂരിലെത്തിയത്. കൊച്ചിയിലെ നാവികസേനാ ആസ്ഥാനത്ത് എത്തിയ പ്രധാനമന്ത്രിയെ സംസ്ഥാന ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ സ്വീകരിച്ചു. തുടര്‍ന്ന് ഹെലികോപ്‌റ്ററിലാണ് തൃശൂരിലെത്തിയത്. കേന്ദ്രമന്ത്രിമാരായ വയലാര്‍ രവിയും കെ.വി. തോമസും അദ്ദേഹത്തെ സ്വീകരിക്കാനെത്തി.
പ്രധാനമന്ത്രി മടങ്ങിയതോടെ കരുണാകരന്റെ മൃതദേഹം ഡി.സി.സി. ആസ്ഥാനമായ കെ.കരുണാകരന്‍ സപ്‌തതി സ്‌മാരക മന്ദിരത്തിലേയ്‌ക്ക് കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് പൂങ്കുന്നത്തെ മുരളിമന്ദിരത്തില്‍ എത്തിച്ചു. ആറു മണിക്കൂര്‍ തൃശൂര്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ പതിനായിരങ്ങള്‍ അന്തിമോപചാരമര്‍പ്പിച്ചു. രാവിലെ മുതല്‍ തന്നെ ടൗണ്‍ഹാളിന് മുന്നില്‍ പ്രവര്‍ത്തകരുടെ നീണ്ട ക്യൂവാണ് കാണപ്പെട്ടത്. ഒടുവില്‍ പ്രധാനമന്ത്രിയുടെ വരവ് പ്രമാണിച്ച് ഉച്ചയ് ഒന്നരയോടെ പൊതുജനങ്ങളെ ടൗണ്‍ഹാളിലേയ്‌ക്ക് പ്രവേശിപ്പിക്കുന്നത് നിര്‍ത്തിവച്ചു.
വ്യാഴാഴ്‌ച രാത്രി അദ്ദേഹത്തിന്റെ വസതിയായ നന്തന്‍കോട് കല്യാണിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരുന്നു. അവിടെയും ആയിരങ്ങള്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തി. വെള്ളിയാഴ്‌ച രാവിലെ എട്ടരയോടെയാണ് കരുണാകരന്റെ മൃതദേഹം കെ.പി.സി.സി. ആസ്ഥാനമായ ഇന്ദിരാഭവനിലെത്തിച്ചത്.
പത്തരയോടെ യു.പി.എ. അധ്യക്ഷ സോണിയാ ഗാന്ധിക്കൊപ്പം കേന്ദ്രമന്ത്രിമാരായ പി.ചിദംബരം, ജി.കെ.വാസന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, വയലാര്‍ രവി എന്നിവര്‍ അന്ത്യോപചാരമര്‍പ്പിച്ചു. ഉച്ചയ്‌ക്ക് പന്ത്രണ്ടരയോടെ മൃതദേഹം സെക്രട്ടേറിയറ്റ് ഡര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വെച്ചു. മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍, കേന്ദ്രമന്ത്രി വീരപ്പ മൊയ്‌ലി തുടങ്ങിയവരും ആയിരക്കണക്കിന് ജനങ്ങളും അന്ത്യോപചാരമര്‍പ്പിച്ചശേഷം രണ്ടുമണിയോടെ വിലാപയാത്രയായി തൃശ്ശൂര്‍ക്ക് കൊണ്ടുപോയി.
വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക് രണ്ടുമണിയോടെ തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട വിലാപയാത്ര അഞ്ചുമണിക്കൂര്‍ കൊണ്ടാണ് കൊല്ലത്തെത്തിയത്. കെ.എസ്.ആര്‍.ടി.സിയുടെ അലങ്കരിച്ച വാഹനത്തിലാണ് മൃതദേഹം കൊണ്ടുപോകുന്നത്. മുരളീധരനും പത്മജയും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും മൃതദേഹത്തിനരികിലുണ്ടായിരുന്നു. വെള്ളിയാഴ്‌ച വൈകീട്ടോടെ തൃശ്ശൂര്‍ എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ശനിയാഴ്‌ച പുലര്‍ച്ചെ മാത്രമാണ് അതിനുകഴിഞ്ഞത്.
വഴിയോരത്ത് കാത്തുനിന്ന പതിനായിരക്കണക്കിന് സാധാരണ ജനങ്ങള്‍ വിതുമ്പിക്കൊണ്ടാണ് ലീഡര്‍ക്ക് യാത്രാമൊഴി ചൊല്ലിയത്. മിക്കയിടത്തും മനുഷ്യച്ചങ്ങല പോലെ ജനം വിലാപയാത്ര കാത്തുനിന്നു. പൈലറ്റ് വാഹനത്തില്‍ നിന്നുള്ള അനൗണ്‍സ്‌മെന്റ് കേട്ടപ്പോള്‍ ‘ലീഡര്‍ അമര്‍ രഹെ’ എന്ന മുദ്രാവാക്യമുയര്‍ന്നു. മിക്കയിടങ്ങളിലും ജനങ്ങള്‍ സ്വയം പ്രഖ്യാപിത ഹര്‍ത്താല്‍ ആചരിച്ചു.
പ്രധാനസ്ഥലങ്ങളില്‍ മാത്രം വാഹനം നിര്‍ത്താമെന്ന തീരുമാനത്തെ ജനം മാറ്റിമറിക്കുകയായിരുന്നു. 7. 15 ഓടെ കൊല്ലം കന്റോണ്‍മെന്റ് മൈതാനത്ത് മൃതദേഹം പൊതുദര്‍ശനത്തിനുവെച്ചു. ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, കുത്തിയതോട്, വൈറ്റില, കളമശ്ശേരി, അത്താണി, അങ്കമാലി തുടങ്ങിയയിടങ്ങളില്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ നിര്‍ത്തിയശേഷമാണ് വിലാപയാത്ര ശനിയാഴ്‌ച അതിരാവിലെ തൃശ്ശൂരെത്തിയത്. വ്യാഴാഴ്‌ച വൈകീട്ട് അഞ്ചരയോടെയാണ് അദ്ദേഹം തിരുവനന്തപുരത്ത് അന്തരിച്ചത്. മലയാളിയുടെ രാഷ്ട്രീയചരിത്രത്തിലെ ലീഡര്‍ക്ക് പുണ്യഭൂമിയുടെ ആദരാഞ്‌ജലി.
Discussion about this post