ഗുരുവായൂര്‍: ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ ഭക്തര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവങ്ങളുമായി ബന്ധപ്പെട്ട് അഡീഷണല്‍ സെക്യൂരിറ്റി ഓഫീസര്‍ എന്‍. ഉണ്ണികൃഷ്ണ പിള്ളയെ പിരിച്ചുവിട്ടുകൊണ്ട് ദേവസ്വം ഭരണസമിതി യോഗം ഉത്തരവിറക്കി. അമ്പലത്തില്‍ നടന്ന സംഭവങ്ങള്‍ ദേവസ്വത്തെ അറിയിക്കുന്നതില്‍ വന്ന പോരായ്മയാണ് സെക്യൂരിറ്റി ഓഫീസറെ പിരിച്ചുവിടുന്നതിന് കാരണമായതെന്ന് ദേവസ്വം പത്രക്കുറിപ്പില്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലുള്ള ക്ഷേത്രം മാനേജര്‍ കെ.ആര്‍. സുനില്‍ കുമാറിന്റെയും പി.എന്‍. ആന്‍സന്റെയും വിശദീകരണത്തില്‍ പോരായ്മയുള്ളതിനാല്‍ ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും യോഗം തീരുമാനിച്ചു.
സി.സി.ടി.വി. ദൃശ്യങ്ങള്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ പുറത്തുവിട്ട താത്കാലിക ടെക്‌നിക്കല്‍ ജീവനക്കാരന്‍ കെ.ജി. നിധീഷിനെ മാറ്റാനും തീരുമാനിച്ചു. യോഗത്തില്‍ ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ അദ്ധ്യക്ഷനായിരുന്നു.












