ന്യൂഡല്‍ഹി: നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അമ്മ ഹീരാബെന്നിനും ഭാര്യ യശോദ ബെന്നിനും ഇനി സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് സുരക്ഷ ഏര്‍പ്പെടുത്തും. മോഡി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിനം മുതലായിരിക്കും ഇവര്‍ക്കു പ്രത്യേകസുരക്ഷ നല്‍കുന്നതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇപ്പോള്‍ സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്പേയി എന്നിവര്‍ക്കാണ് എസ്പിജി സുരക്ഷ നല്‍കിയിട്ടുള്ളത്.
അതേസമയം, മോഡിയുടെ മൂന്ന് സഹോദരങ്ങള്‍ക്കും രണ്ട് സഹോദരിമാര്‍ക്കും സംസ്ഥാന പോലീസിന്റെ സെഡ് കാറ്റഗറി സുരക്ഷയായിരിക്കും നല്കുന്നത്. ഇപ്പോള്‍ മോഡിയുടെ അമ്മയും ഭാര്യയും സഹോദരങ്ങളും ഗുജറാത്തിലാണുള്ളത്. ഹീരാബെന്നിനും യശോദ ബെന്നിനും നല്കേണ്ട സുരക്ഷയെക്കുറിച്ച് വിലയിരുത്താന്‍ എസ്പിജി കമാന്‍ഡോകള്‍ ഗുജറാത്തിലെത്തിയിട്ടുണ്ട്. മോഡിയുടെ സഹോദരങ്ങളുടെ സുരക്ഷാകാര്യങ്ങള്‍ വിലയിരുത്താനും അവശ്യംവേണ്ട ക്രമീകരണങ്ങള്‍ നടത്താനും സംസ്ഥാന പോലീസിനു നിര്‍ദേശം നല്കിയിരുന്നു. സത്യപ്രതിജ്ഞയ്ക്കു ശേഷം സെവന്‍ റേസ് കോഴ്സിലെ മോദിയുടെ ഔദ്യോഗിക വസതിയില്‍ സുരക്ഷയ്ക്കായി ആയിരത്തിലധികം കരിമ്പൂച്ചകളെയാണ് നിയോഗിക്കുന്നത്. പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ വളരെയടുത്ത കുടുംബാംഗങ്ങള്‍ക്കും വിഐപി സുരക്ഷയില്‍ പരിശീലനം നേടിയ മുന്തിയ കമാന്‍ഡോകളെ ഉപയോഗിച്ചുള്ള സുരക്ഷ നല്കണമെന്ന് എസ്പിജി നിയമത്തില്‍ വ്യവസ്ഥയുണ്ട്.
Discussion about this post