എസ്.ബി. പണിക്കര്‍
സുഖറാമിന്റെ ദുഷ്‌കൃത്യങ്ങള്‍ ഒരു പരിധിയില്‍ കവിഞ്ഞപ്പോള്‍ നാട്ടുകാര്‍ അവനെ പിടിച്ചുകെട്ടി രാജസന്നിധിയിലെത്തിച്ചു. ”തമ്പുരാനേ! ഇവന്‍ കൊലപാതകങ്ങള്‍ ഉള്‍പ്പെടെ അനേകം കുറ്റങ്ങള്‍ ചെയ്തിട്ടുള്ളവനാണ്. ഞങ്ങള്‍ സഹികെട്ടു. സമാധാനപാലര്‍ക്കുപോലും ഇവനെ ഭയമാണ്. പരാതിപ്പെട്ടാലും അവര്‍ ഒരക്ഷരം മിണ്ടാറില്ല.”
രാജാവ് സുഖറാമിനെ ജയിലില്‍ അടയ്ക്കാന്‍ കല്പിച്ചു. വിചാരണവേളയില്‍ നാട്ടുകാരുടെ പരാതികളെല്ലാം ശരിയാണെന്നു ബോധ്യപ്പെട്ടു. ശിക്ഷവിധിച്ചതിങ്ങനെ: ”ഇവന്റെ മൂക്കു മുറിച്ചുകളയൂ!” അങ്ങനെ സുഖറാമിന്റെ മൂക്കുംപോയി. തന്റെ വികൃതമായ മുഖംകണ്ട് നാട്ടുകാരെല്ലാം കളിയാക്കുന്നുണ്ടെന്ന് അയാള്‍ക്കുതോന്നി. തനിക്കുതന്നെ വെറുപ്പുതോന്നി, പിന്നെ മറ്റുള്ളവരുടെ കാര്യം പറയണോ! അയാള്‍ ഒരു കാട്ടില്‍ അഭയംതേടി. വല്ലവരും ആ പ്രദേശത്തുകൂടിവന്നാല്‍ ഒരു പുലിത്തോല്‍ നിലത്തുവിരിക്കും. എന്നിട്ടു സമാധിയിരിക്കുകയാണെന്ന് അഭിനയിക്കും.
പതുക്കെപ്പതുക്കെ നാട്ടില്‍ ഇങ്ങനെ പാട്ടായി: ‘അവിടൊരു യോഗി വസിക്കുന്നുണ്ട്. ദിവ്യനാണത്രേ! കാമിനീകാഞ്ചനമോഹങ്ങളൊന്നുമില്ലാതെ മുഴുവന്‍സമയവും തപസ്സാണത്രേ!.’ അത്ഭുതയോഗിയെ കാണാനും അനുഗ്രഹം വാങ്ങാനും ചെല്ലുന്നവരുടെ എണ്ണം ഓരോദിവസവും വര്‍ധിച്ചുകൊണ്ടിരുന്നു. പുറത്തിറങ്ങാന്‍വയ്യ, പട്ടിണിയുമായി. ഓരോ ചിന്തയില്‍മുഴുകിയപ്പോള്‍ അയാള്‍ക്കൊരു ബുദ്ധിയുദിച്ചു. ഒരു സിദ്ധനായിത്തന്നെ അഭിനയിക്കുക! വരുന്നവരെ നിരാശരാക്കണ്ട. അനുഗ്രഹം ആവശ്യമുള്ളവര്‍ക്കൊക്കെ അനുഗ്രഹം! ‘മംഗളം ഭവതു, കല്യാണം ഭവതു! ആയുഷ്മാന്‍ ഭവ!’ എന്നാല്‍ ഇതൊന്നും പറയണ്ട, സാക്ഷാല്‍ മൗനി, മുനിയാകട്ടെ! പറഞ്ഞാല്‍ മൂക്ക് അനുസരിക്കുമോ? വലതുകൈ ഉയര്‍ത്തി അനുഗ്രഹിക്കുക, ശിരസ്സില്‍ തലോടുക!
‘അതിഭക്ത’ന്മാരില്‍ ചിലര്‍ക്ക് സിദ്ധനില്‍നിന്നു ശുഭാശംസകളും ഉപദേശങ്ങളും വേണമെന്ന് ആഗ്രഹമുണ്ടായി. ഇത്തരം ഭക്തശിരോമണികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുകൊണ്ടിരുന്നു. ഇതുകിട്ടാതെ അടങ്ങില്ലെന്നായി ചെറുപ്പക്കാരനായ ഒരു ഭക്തന്‍. അയാള്‍ക്കു ദീക്ഷകിട്ടണം. ശല്യം വര്‍ധിച്ചു. കപട യോഗിയും വിഷമത്തിലായി. ഒരു ദിവസം മൗനം ഭഞ്ജിച്ചു കൊണ്ട് ആ ചെറുപ്പക്കാരനോടു പറഞ്ഞു: ”നാളെ അതിരാവിലെ മറ്റാരും വന്നെത്തുന്നതിനു മുമ്പ് ഒരു ക്ഷൗരക്കത്തിയുമായി വരണം; ഭക്താ നിന്റെ അഭിലാഷം നിറവേറ്റുവാന്‍ തന്നെ നാം നിശ്ചയിച്ചു. നമ്മിലുള്ള ഭക്തി എത്രത്തോളമുണ്ടെന്ന് അളക്കുകയായിരുന്നു ഇതു വരെ നാം. പരീക്ഷയില്‍ നീ വിജയിച്ചിരിക്കുന്നു.” ഭക്തന്‍ അതിരറ്റു സന്തോഷിച്ചു. തന്റെ ജീവിതാഭിലാഷം നിറവേറാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. എത്ര പേര്‍ വ്രതം നോക്കി നടന്നു. എന്നിട്ടെന്തുണ്ടായി? ഭാഗ്യം തന്നോടൊപ്പമായിരുന്നു. ചെറുപ്പക്കാരന്‍ അതിരാവിലെ കണ്ണും തിരുമ്മി ആശ്രമത്തിലെത്തി. മൂക്കില്ലാമുനി അയാളെ വനത്തിന്റെ ഒരു മൂലയിലേക്കു കൂട്ടിക്കൊണ്ടു പോയി. ‘കത്തി ഇങ്ങു തരൂ’ കത്തി വാങ്ങിയിട്ടു ചെറുപ്പക്കാരനോടു പറഞ്ഞു: ”നിവര്‍ന്ന് കണ്ണുമടച്ചു പ്രാര്‍ഥിച്ചു കൊണ്ട് നില്‍ക്ക്!”
എന്റയ്യോ! എന്റെ മൂക്കു പോയേ! ഓടിവരണേ! രക്ഷിക്കണേ! നിമിഷങ്ങള്‍ കൊണ്ട് ചെറുപ്പക്കാരന്റെ മൂക്ക് ഒരൊറ്റച്ചെത്തിന് താഴെയിട്ടിരുന്നു. ശാന്തഗംഭീരഭാവത്തില്‍ മുനി ചെറുപ്പക്കാരനോടു പറഞ്ഞു: ആശ്രമത്തിലേക്ക് എന്നെ നയിച്ച ദീക്ഷാപദ്ധതി ഇതായിരുന്നു. തരം കിട്ടുമ്പോള്‍ നീയും ശ്രദ്ധയോടെ ഇതുപോലെ യോഗ്യന്മാര്‍ക്ക് ഉപദേശിക്കൂ. ഇത്തരം അനുഗ്രഹം മറ്റൊരാളോടു പറയുന്നതെങ്ങനെ? വിഡ്ഢിയെന്ന് ആളുകള്‍ പരിഹസിക്കും. നാസിക പോയതു പോയി. എന്തിനധികം പറയുന്നു. അയാളും ഗുരുവിന്റെ ഉപദേശം നടപ്പിലാക്കി. ശിഷ്യന്മാരും ശിഷ്യന്മാരുടെ അനുയായികളും വര്‍ദ്ധിച്ചതനുസരിച്ച് നാടുനീളെ മൂക്കില്ലാമുനിമാരുടെ എണ്ണവും വര്‍ധിച്ചു. പവഹാരിബാബ എന്നൊരു സിദ്ധനാണത്രേ ഈ കഥ ആദ്യം പറഞ്ഞത്. അദ്ദേഹം ചോദിച്ചത്രേ ഞാന്‍ ഇത്തരം ആളുകളുടെ ഒരു സംഘം ഉണ്ടാക്കണമെന്നാണോ താങ്കള്‍ ആഗ്രഹിക്കുന്നത്? മൗനിയായി എവിടെയെങ്കിലും കൂനിപ്പിടിച്ചിരിക്കുകയും താടിയും മുടിയും നീട്ടി വളര്‍ത്തുകയും പ്രസംഗപരമ്പര നടത്തുകയും ചെയ്താല്‍ ഈശ്വരസാക്ഷാത്കാരം കിട്ടുകയില്ല. അതിന് ആന്തരസാധനതന്നെ വേണം. ഗുരുവിന്റെ ഉപദേശം തേടണം. ലോകത്തിലെ എല്ലാറ്റിനെയും സമഭാവനയോടെ വീക്ഷിക്കാനും സ്‌നേഹിക്കാനും കഴിയണം. ശ്രീരാമകൃഷ്ണപരമഹംസര്‍ പറയുന്നു. ‘സംസാരത്തിലിരുന്നും ഈശ്വരദര്‍ശനം സാധ്യമാക്കാം. ഭഗവാന്റെ അടുക്കല്‍ കരയണം. മനസ്സിലെ മാലിന്യങ്ങള്‍ നീങ്ങിയാല്‍ അദ്ദേഹത്തിന്റെ ദര്‍ശനം ലഭിക്കും. മനസ്സു മണ്ണു പുരണ്ട ഇരുമ്പു സൂചിപോലെയാണ്; ഈശ്വരന്‍ കാന്തവും. മണ്ണു പോയില്ലെങ്കില്‍ കാന്തവുമായി കൂടിച്ചേരില്ല. കരഞ്ഞ് കരഞ്ഞ് സൂചിമേലുള്ള മണ്ണ് ഒഴുകിപ്പോകുന്നു. കാമം, ക്രോധം, ലോഭം, പാപബുദ്ധി, വിഷയബുദ്ധി ഇവയാണ് സൂചിയിലെ മണ്ണ്. മണ്ണുപോയാല്‍ കാന്തം സൂചിയെ ആകര്‍ഷിക്കുന്നു. അതായത് ഈശ്വരദര്‍ശനമുണ്ടാകുന്നു’.
Discussion about this post