തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തുന്ന പഴവര്‍ഗ്ഗങ്ങളും മറ്റും വിഷലിപ്തമാവാതിരിക്കാന്‍ അതത് കൃഷിയിടങ്ങളില്‍തന്നെ നടപടിയെടുക്കുന്നതിന് ശ്രമിക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍. ആന്ധ്ര, കര്‍ണ്ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ പഴവര്‍ഗ്ഗം കൃഷിചെയ്യുന്നവര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കുന്നതിന് അതത് സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുമാരും ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വിഷമില്ലാത്ത പഴങ്ങള്‍ ലഭ്യമാക്കുന്ന നടപടിയുടെ ഭാഗമായി ആള്‍ കേരള ഫ്രൂട്ട് മര്‍ച്ചന്റ് അസോസിയേഷന്‍ ഭാരവാഹികളുമായി ചേമ്പറില്‍ നടത്തിയ യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. കാര്‍ബൈഡ് തുടങ്ങിയ രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത് പഴുപ്പിക്കുന്ന മാങ്ങ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായി ലഭിച്ച പരാതികളെ തുടര്‍ന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതനുസരിച്ചാണ് യോഗം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ കണ്ടെത്തിയാല്‍ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കും. ഭക്ഷ്യ സുരക്ഷ സംബന്ധിച്ച് ബോധവല്ക്കരണത്തിന് സര്‍ക്കാര്‍ കര്‍മ്മ പദ്ധതി ആവിഷ്‌ക്കരിക്കും. ഇതിന്റെ ഭാഗമായി മേയ് 26 മുതല്‍ ജൂണ്‍ ഒന്നുവരെ ഭക്ഷ്യസുരക്ഷാ വാരാചരണം നടത്തും. പരിശോധനകള്‍ കര്‍ശനമാക്കും. ഭക്ഷ്യ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിന് സംസ്ഥാനതലത്തില്‍ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായി സമിതി രൂപവല്‍ക്കരിക്കും. ജില്ലാ കളക്ടര്‍ അധ്യക്ഷനായി രൂപീകരിക്കുന്ന ജില്ലാതല സമിതികളില്‍ ഫുഡ്‌സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍, ജില്ലാ പോലീസ് മേധാവി, തദ്ദേശ സമിതി പ്രതിനിധികള്‍ എന്നിവര്‍ അംഗങ്ങളാവും. സേഫ് ഫുഡ് സോണ്‍ പദ്ധതിപ്രകാരം മെഡിക്കല്‍ കോളേജ്, നെയ്യാറ്റിന്‍കര, ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ നിശ്ചിത സമയത്ത് ആഹാരം തയ്യാറാക്കി നല്‍കാന്‍ സംവിധാനമുണ്ടാക്കും. സ്‌കൂള്‍ ആരോഗ്യ പദ്ധതിയില്‍ ഭക്ഷ്യസുരക്ഷാ ബോധവല്‍ക്കരണത്തിന് ഊന്നല്‍ നല്‍കും.
ഇതിന്റെ ഭാഗമായി സുരക്ഷിത ഭക്ഷണം ആരോഗ്യത്തിന് എന്ന സന്ദേശം കുട്ടികളിലെത്തിക്കാന്‍ 70 ലക്ഷം ചെലവഴിച്ച് പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.













Discussion about this post