തിരുവനന്തപുരം: സംസ്ഥാനത്തെ വന്‍കിട-ചെറുകിട ടെക്‌സ്റ്റൈല്‍ ഷോപ്പുകളില്‍ വ്യാപകമായ തൊഴില്‍ ചൂഷണം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തൊട്ടാകെ പരിശോധന ഊര്‍ജ്ജിതമാക്കി. ഓരോ ജില്ലയിലെയും എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സ്‌ക്വാഡ് 650 ടെക്‌സ്റ്റൈല്‍ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. നിയമലംഘനം കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചു. തൊഴില്‍ വകുപ്പുമന്ത്രി ഷിബു ബേബിജോണിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടികള്‍ ആരംഭിച്ചത്. വനിതാതൊഴിലാളി പ്രാതിനിധ്യം കൂടുതലായുള്ള ടെക്‌സ്റ്റൈല്‍ ഷോപ്പുകളില്‍ തൊഴിലാളികള്‍ക്ക് അനുവദിക്കേണ്ട വിശ്രമസമയം, കുടിവെള്ള ലഭ്യത, ടോയ്‌ലറ്റ് സൗകര്യം, അവധി, സുരക്ഷ എന്നിവ തൊഴില്‍ ഉടമകള്‍ കര്‍ശനമായി ഉറപ്പു വരുത്തേണ്ടതാണെന്ന് ലേബര്‍ കമ്മീഷണര്‍ അറിയിച്ചു. വിശ്രമത്തിനുള്ള ഇടവേള അടക്കം സ്ഥാപനത്തില്‍ പ്രവേശിച്ച് ജോലി അവസാനിപ്പിച്ച് ഇറങ്ങുന്നത് വരെയുള്ള സമയം പരമാവധി പത്തര മണിക്കൂറില്‍ അധികരിക്കാന്‍ പാടില്ല. ഇതില്‍ എട്ട് മണിക്കൂര്‍ സമയം മാത്രമേ ജോലി ചെയ്യിക്കുവാന്‍ പാടുള്ളൂ. സ്ത്രീകളെ യാതൊരുകാരണവശാലും രാവിലെ ആറ് മണിക്ക്മുമ്പോ, രാത്രി ഏഴ് മണിക്ക് ശേഷമോ ജോലി ചെയ്യിക്കുന്നത് പീടികത്തൊഴിലാളി നിയമപ്രകാരം കുറ്റകരമാണെന്നും ലേബര്‍ കമ്മീഷണര്‍ അറിയിച്ചു.













Discussion about this post