ന്യൂഡല്‍ഹി: കള്ളപ്പണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേകസംഘം രൂപീകരിക്കാന്‍ മോഡി മന്ത്രിസഭയുടെ പ്രഥമയോഗത്തില്‍ തീരുമാനമായി. സുപ്രീം കോടതി മുന്‍ ജഡ്ജി എം.ബി ഷാ അധ്യക്ഷനായ സംഘമാണ് അന്വേഷണം നടത്തുന്നത്. ജസ്റ്റീസ് അരിജിത്ത് പാസായത്താണ് സംഘത്തിന്റെ ഉപാധ്യക്ഷന്‍. സിബിഐ ഡയറക്ടര്‍, റോ ഡയറക്ടര്‍, ആര്‍ബിഐ ഡപ്യൂട്ടി ഗവര്‍ണര്‍ എന്നിവരും അന്വേഷണസംഘത്തിലുണ്ടാകും. മന്ത്രി രവിശങ്കര്‍ പ്രസാദാണ് വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് മന്ത്രിസഭായോഗതീരുമാനങ്ങള്‍ വിശദീകരിച്ചത്.
കള്ളപ്പണം തിരികെക്കൊണ്ടുവരുന്നതിന് പ്രത്യേക അന്വേഷണസംഘത്തെ രൂപവത്കരിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതനുസരിച്ചാണ് കേന്ദ്രസര്‍ക്കരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ തീരുമാനമെടുത്തത്. ബിജെപി പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു വിദേശത്തെ കള്ളപ്പണം തിരിച്ചുകൊണ്ടുവരാന്‍ നടപടി സ്വീകരിക്കുകയെന്നത്.
കള്ളപ്പണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും റവന്യൂ സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥന് സൂക്ഷിക്കണമെന്നും ജസ്റ്റിസുമാരായ ബി.എസ്. ചൗഹാന്, എ.കെ. സിക്രി എന്നിവരടങ്ങുന്ന ബെഞ്ച് വിധിച്ചിരുന്നു. ഇക്കാര്യവും കേന്ദ്രസര്‍ക്കാര്‍ അനുസരിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.
ഉത്തര്‍പ്രദേശിലെ സന്ത് കബീര്‍ നഗര്‍ ജില്ലയിലെ തീവണ്ടിയപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വീതം ധനസഹായം നല്‍കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു.
Discussion about this post