തിരുവനന്തപുരം: ലോകപരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ജൂണ്‍ അഞ്ചിന് സംസ്ഥാനത്ത് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സ്ഥാപനങ്ങളുടേയും സന്നദ്ധ സംഘടനകളുടേയും പങ്കാളിത്തത്തോടെ 10 ലക്ഷം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തുവരികയാണെന്ന് വനം പരിസ്ഥിതി വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഈ പദ്ധതിയുടെ ഭാഗമായി ‘ഹരിതശ്രീ’ എന്ന പേരില്‍ ഒരു സംസ്ഥാനതല പരിസ്ഥിതി പരിപാലന ഫോറം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വനം വകുപ്പിന്റെ സോഷ്യല്‍ ഫോറസ്ട്രി വിഭാഗം സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ ആവശ്യമായ വൃക്ഷത്തൈകള്‍ എത്തിച്ചുകൊടുക്കും. പദ്ധതി നടപ്പാക്കാനായി പഞ്ചായത്ത് തലത്തില്‍ പരിസ്ഥിതി കര്‍മ്മ പദ്ധതി ആവിഷ്‌ക്കരിക്കും. ഹരിതശ്രീ എന്നത് ഒരു പരിസ്ഥിതി പരിപാലന ദൗത്യമാക്കി മാറ്റിയെടുക്കുമെന്നും തുടര്‍ന്നും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലമായി നടപ്പാക്കുമെന്നും ആദ്ദേഹം പറഞ്ഞു. ഹരിതശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ബഹുജനങ്ങളുമായി ആശയവിനിമയം നടത്തുന്നതിനും നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് നടപ്പാക്കുന്നതിനുമായി ഹരിതശ്രീ പോര്‍ട്ടല്‍ ആരംഭിക്കും. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ ചേര്‍ന്ന വിവിധ സന്നദ്ധ സംഘടനാ പ്രതിനിധികളുടേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.













Discussion about this post