തിരുവനന്തപുരം: കൊച്ചി-മംഗലാപുരം പ്രകൃതി വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് മലബാര്‍ മേഖലയില്‍ നിലനില്ക്കുന്ന തടസ്സം പരിഹരിക്കുന്നതിനും പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിനും ബദല്‍ മാര്‍ഗങ്ങള്‍ പരിഗണിക്കുന്നതിനും സംസ്ഥാനതലത്തില്‍ മോണിറ്ററിംഗ് സമിതി രൂപീകരിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അദ്ധ്യക്ഷതയില്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.
സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ജി.വിജയരാഘവന്റെ അദ്ധ്യക്ഷതയിലാണ് മോണിറ്ററിംഗ് സമിതി രൂപീകരിക്കുക. ഇതിനുപുറമേ കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാതല സമിതികളും രൂപീകരിക്കും. മലബാര്‍ മേഖലയില്‍ ജനങ്ങളുടെ ആശങ്കകള്‍ ദൂരികരിച്ചും ജനങ്ങളെ വിശ്വാസത്തിലെടുത്തും പദ്ധതി നടപ്പാക്കണം. ഭൂമിയേറ്റെടുക്കല്‍ പരമാവധി കുറയ്ക്കാന്‍ കനോലി കനാലിലൂടെ പൈപ്പ് ലൈന്‍ കൊണ്ടുപോകുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കണമെന്ന് യോഗത്തില്‍ മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവര്‍ ആവശ്യപ്പെട്ടു. കൊച്ചിയിലെ എല്‍.എന്‍.ജി. ടെര്‍മിനല്‍ കമ്മിഷന്‍ ചെയ്തശേഷവും വാതകപൈപ്പ്‌ലൈന്‍ പൂര്‍ത്തിയാകാത്തത് പ്രതിദിനം പെട്രോനെറ്റ് എല്‍.ജി.ക്ക് വന്‍ നഷ്ടമുണ്ടാക്കുകയാണെന്ന് കമ്പനി എം.ഡിയും സി.ഇ.ഓയുമായ ഡോ.എ.കെ.ബല്യാന്‍ പറഞ്ഞു. പൈപ്പ്‌ലൈന്‍ സമയബന്ധിതമായി സ്ഥാപിച്ചില്ലെങ്കില്‍ പദ്ധതിതന്നെ ഉപേക്ഷിക്കേണ്ടിവരുമെന്നും ബല്യാന്‍ പറഞ്ഞു. പ്രാദേശികമായ തടസ്സങ്ങള്‍ കാരണം കോഴിക്കോട്-മലപ്പുറം ഭാഗത്ത് പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്ന കാര്യത്തില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. മലബാറിലെ ഊര്‍ജ്ജ, വ്യവസായ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനും വന്‍തോതില്‍ പുരോഗതി കൊണ്ടുവരുന്നതിനും പദ്ധതിയിലൂടെ സാധിക്കും. സ്ഥലം വിട്ടുനല്‍കുന്നവര്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണെന്ന് യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. പൈപ്പ്‌ലൈനിന്റെ പേരില്‍ ജനങ്ങള്‍ക്കിടയില്‍ ഭയപ്പാടുണ്ടാക്കുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ നടത്തുന്നത് അവസാനിപ്പിക്കണം. പദ്ധതി കേരളത്തിന് നഷ്ടപ്പെടുത്താനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനതല മോണിറ്ററിംഗ് സമിതിയില്‍ വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ജലസേചനവകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, ഗയിലിന്റെ പ്രതിനിധികള്‍ എന്നിവര്‍ അംഗങ്ങളായിരിക്കും. മലബാര്‍ മേഖലയിലെ എം.എല്‍.എമാര്‍, ബന്ധപ്പെട്ട വകുപ്പുകളിലെ ഉന്നതോദ്യോഗസ്ഥര്, ഗയില്‍ പ്രതിനിധികള്‍ തുടങ്ങിയവരും യോഗത്തില്‍ സംബന്ധിച്ചു.













Discussion about this post