തൃശൂര്‍: പ്ളസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ മുഖേന അപേക്ഷിക്കാനുള്ള ഏകജാലക സംവിധാനം സുഗമമാക്കാന്‍ കൂടുതല്‍ സെര്‍വറുകള്‍ സ്ഥാപിക്കുന്ന ജോലി രണ്ടുദിവസത്തിനകം പൂര്‍ത്തിയാകുമെന്നു വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദു റബ് വ്യക്തമാക്കി. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുവേണ്ടി എല്ലാ വിദ്യാര്‍ഥികളും ഒരേസമയം ശ്രമിക്കുന്നതിനാലാണു സെര്‍വര്‍ നിലയ്ക്കുന്നത്. സെര്‍വര്‍ശേഷി വര്‍ധിപ്പിക്കുന്ന ജോലികള്‍ നടന്നു വരുന്നു. ഇതോടെ സുഗമമായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താനാകും. ജൂണ്‍ 12 വരെ അപേക്ഷിക്കാനുള്ള സാവകാശം നല്‍കിയിട്ടുണ്ട്. അപേക്ഷിക്കാന്‍ തിടുക്കം വേണ്ടെന്നും അദ്ദേഹം അറിയിച്ചു.
തിങ്കളാഴ്ച എല്ലാ വിദ്യാലയങ്ങളിലും പ്രവേശനോത്സവം നടക്കും. സംസ്ഥാനതല ഉദ്ഘാടനം മലപ്പുറത്താണ് ഒരുക്കിയിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കു വിതരണം ചെയ്യാനുള്ള പാഠപുസ്തകങ്ങളെല്ലാം സ്‌കൂളുകളില്‍ എത്തിച്ചുകഴിഞ്ഞു. സൗജന്യ യൂണിഫോം വിതരണത്തിനുള്ള ക്രമീകരണങ്ങളും പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.












