തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്ന എല്ലാ വിഭാഗത്തില്‍പ്പെട്ട രോഗികള്‍ക്കും രോഗനിര്‍ണയം, ചികിത്സ, മരുന്ന് എന്നിവ സൗജന്യമായി ലഭ്യമാക്കുന്ന ‘കാരുണ്യ കേരളം’ പദ്ധതി നടപ്പിലാക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. മിഷന്‍ 676 പദ്ധതിയിലൂടെ ആരോഗ്യം-ദേവസ്വം വകുപ്പുകളില്‍ നടപ്പാക്കുന്ന പദ്ധതികള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ ആശുപത്രികളില്‍ ലാബ്, സ്‌കാന്‍ പരിശോധനകള്‍, അവയവദാനം ഒഴികെയുള്ള സര്‍ജറികള്‍ എന്നിവ സൗജന്യമാക്കും. കുരങ്ങുപനിക്കുള്ള കുത്തിവയ്പ് കര്‍ണാടക സര്‍ക്കാരിന്റെ സഹകരണത്തോടെ സംസ്ഥാനത്തു നടപ്പിലാക്കും. ആദ്യഘട്ടമായി 250 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ലാബുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചു. ലഹരി വിമുക്ത കേരളത്തിനായി ആരോഗ്യവകുപ്പ് ജീവനക്കാരിലൂടെയും ആശാ വര്‍ക്കര്‍മാരിലൂടെയും ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും. നിലവിലുള്ള ജീവതശൈലീ രോഗ നിയന്ത്രണ പദ്ധതിയുമായി ബന്ധിപ്പിച്ച് മദ്യപാനാസക്തി ചികിത്സ എല്ലാ തലങ്ങളിലും ഏര്‍പ്പെടുത്തും. സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികളുടെ വിവരങ്ങള്‍ കംപ്യൂട്ടര്‍ ശൃംഖല വഴി ബന്ധിപ്പിക്കുന്ന ഇ-ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
108 ആംബുലന്‍സ് സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കും. ഇതിനു പുറമേ 283 അഡ്വാന്‍സ്ഡ് ലൈഫ് സപ്പോര്‍ട്ട് സംവിധാനമുള്ള ആംബുലന്‍സ്, 287 പേഷ്യന്റ് സപ്പോര്‍ട്ട് വെഹിക്കിള്‍ എന്നിവയും സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും.
45 കോടി രൂപ ചെലവഴിച്ച് കോഴിക്കോട്ട് പുതിയ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, എല്ലാ പിഎച്ച്‌സികളിലും ലബോറട്ടറികള്‍, എല്ലാ ജില്ലാ, ജനറല്‍ ആശുപത്രികളിലും സിടി സ്‌കാന്‍, എല്ലാ താലൂക്ക് ആശുപത്രികളിലും കാഷ്വാലിറ്റി സൗകര്യം എന്നിവയും സജ്ജമാക്കും. താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി വരെ സൗജന്യ ഡയാലിസിസ് സംവിധാനം ഏര്‍പ്പെടുത്തും. നിലവില്‍ സത്രീകളുടെയും കുട്ടികളുടെയും ആശുപത്രികള്‍ ഇല്ലാത്ത ജില്ലകളില്‍ അവ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ സര്‍വകലാശാലയുടെ പുതിയ റീജണല്‍ ഓഫീസ് തിരുവനന്തപുരത്ത് ആരംഭിക്കും. സാധാരണ ജനങ്ങള്‍ക്ക് ആധുനിക ചികിത്സാസൗകര്യങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കും. ഡന്റല്‍ വിദ്യാഭ്യാസത്തിനു പുതിയ ഒരു ഡെന്റല്‍ കോളജും ആശുപത്രിയും ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഈ വര്‍ഷം ആരംഭിക്കും. തൃശൂര്‍ ഡെന്റല്‍ കോളജിന്റെ നിര്‍മാണം അടുത്ത വര്‍ഷം ആരംഭിക്കും.
ആലപ്പുഴ മെഡിക്കല്‍ കോളജില്‍ കോക്ലിയര്‍ ഇംപ്ലാന്റ് യൂണിറ്റ്, കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രക്താര്‍ബുദ ബാധിതര്‍ക്കായി പ്രത്യേക ചികില്‍സാ വാര്‍ഡ്, തിരുവനന്തപുരം മുട്ടത്തറയില്‍ സി-മെറ്റ് നഴ്‌സിംഗ് കോളജ് എന്നിവ ആരംഭിക്കും. ജീവിതശൈലീ രോഗനിയന്ത്രണ പദ്ധതിയുടെ ഭാഗമായി 10 ജില്ലകളിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളില്‍ പക്ഷാഘാത ചികിത്സാ ക്ലിനിക്കുകള്‍ ആരംഭിക്കും. തുടര്‍ന്ന് എല്ലാ ജില്ലകളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കും.
ആലപ്പുഴയില്‍ ഗതാഗത സൗകര്യം കുറഞ്ഞ മേഖലകളില്‍ സൗജന്യ ഹോമിയോപ്പതി ഫ്‌ളോട്ടിംഗ് ഡിസ്‌പെന്‍സറി ആരംഭിക്കും. തൃശൂര്‍ ജില്ലയില്‍ അഞ്ച് കോടി രൂപ ചെലവഴിച്ച് ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറി നിര്‍മിക്കും. 140 നിയോജക മണ്ഡലങ്ങളിലും ഭക്ഷ്യസുരക്ഷാ ഓഫീസുകള്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.













Discussion about this post