തിരുവനന്തപുരം: സംസ്ഥാന സിവില്‍ സപ്ളൈസ് കോര്‍പറേഷന്‍ (സപ്ളൈകോ) രണ്ടം സീസണില്‍ ഇതുവരെ നാലു ലക്ഷം ടണ്‍ നെല്ല് സംഭരിച്ചു കഴിഞ്ഞു. 2013ലെ സീസണില്‍ സംഭരിച്ചതിനേക്കാള്‍ 1.68 ലക്ഷം ടണ്‍ കൂടുതലാണിതെന്നു ഭക്ഷ്യ-സിവില്‍ സപ്ളൈസ് വകുപ്പുമന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. സംസ്ഥാനത്തെ 1,08,920 നെല്‍കര്‍ഷകരില്‍നിന്നാണ് ഇത്രയും നെല്ല് സംഭരിച്ചിട്ടുള്ളത്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 19 രൂപയാണ് ഒരു കിലോ നെല്ലിനു കര്‍ഷകര്‍ക്കു നല്‍കുന്നത്. പാലക്കാട്, ആലപ്പുഴ ജില്ലകളില്‍നിന്നുമാണ് ഏറ്റവും അധികം സംഭരിച്ചത്. പാലക്കാടുനിന്ന് 1.27 ലക്ഷം ടണ്ണും ആലപ്പുഴയില്‍നിന്ന് 1.2 ലക്ഷം ടണ്ണും നെല്ലു സംഭരിച്ചു.
സപ്ളൈകോയുടെ 200 കോടിയും ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, ജില്ലാ സഹകരണ ബാങ്ക് എന്നിവയിലെ ലോണ്‍ അക്കൗണ്ട് വഴി 150 കോടിയും ഉള്‍പ്പെടെ 350 കോടി രൂപ നെല്ലിന്റെ വിലയായി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഇതിനകം നല്‍കിയിട്ടുണ്ട്. ജൂണ്‍ ആദ്യവാരം 125 കോടി രൂപ കൂടി കര്‍ഷകര്‍ക്ക് സപ്ലൈകോ നല്‍കും. ഇതുവഴി മാര്‍ച്ച് 31 വരെ നല്‍കിയിട്ടുള്ള നെല്ലെടുപ്പിനു പണം നല്‍കാന്‍ കഴിയും. ബാക്കി തുക ഉടന്‍ കൊടുത്തുതീര്‍ക്കുവാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.













Discussion about this post