തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാവര്‍ക്കും കുടിവെള്ളമെത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ജലവിഭവ മന്ത്രി പി.ജെ.ജോസഫ് പറഞ്ഞു. മിഷന്‍ 676 പ്രകാരം വകുപ്പ് നടപ്പാക്കുന്ന പദ്ധതികള്‍ പി.ആര്‍.ചേമ്പറില്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ജില്ലകളിലും അദാലത്തുകള്‍ സംഘടിപ്പിക്കുമെന്നും മുല്ലപ്പെരിയാര്‍ കേസില്‍ റിവ്യൂ ഹര്‍ജി ജൂണ്‍ 30 ന് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് 154 കുടിവെള്ള പദ്ധതികള്‍ മിഷന്‍ 676 ല്‍ ഉള്‍പ്പെടുത്തി കമ്മീഷന്‍ ചെയ്യും. കോഴിക്കോട് ജിക്കാ പദ്ധതി (805.60 കോടി), ആലപ്പുഴ യൂഡിസ്മാറ്റ് പദ്ധതി (193 കോടി), കൊച്ചി ജന്റം പദ്ധതി (201.17 കോടി) എന്നിവയുടെ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കും. 154 പദ്ധതികള്‍ കമ്മീഷന്‍ ചെയ്യുന്നതിലൂടെ അധികമായി 83 ലക്ഷം ജനങ്ങള്‍ക്ക് പൈപ്പുവഴി കുടിവെള്ളം ലഭ്യമാകും. ഏകദേശം 16 ലക്ഷം ഗാര്‍ഹിക കണക്ഷനുകളും രണ്ടുലക്ഷത്തില്‍പരം പൊതു ടാപ്പുകള്‍ വഴിയും കേരള വാട്ടര്‍ അതോറിറ്റി കുടിവെള്ള വിതരണം നടത്തുന്നുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷകാലയളവില്‍ 74 വന്‍കിട പദ്ധതികള്‍ പൂര്‍ത്തീകരിച്ചു. പഴക്കംചെന്ന പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്ന പ്രവര്‍ത്തി കൂടുതല്‍ മേഘലകളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ അരുവിക്കര മുതല്‍ പേരൂര്‍ക്കടവരെയുള്ള എ.സി.പൈപ്പ് മാറ്റി സ്റ്റീല്‍ പൈപ്പ് 13 മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തീകരിച്ചു. പൈപ്പു പൊട്ടല്‍ ഒഴിവാക്കുന്നതിന് പൈപ്പു പോളിസിക്കുതന്നെ സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്. പദ്ധതി നടത്തിപ്പില്‍ കാലതാമസം ഒഴിവാക്കുന്നതിന് ഇ-ടെണ്ടര്‍ നടപ്പാക്കി. ഇതിലൂടെ പദ്ധതികളുടെ ടെണ്ടര്‍ പൂര്‍ത്തീകരണം മൂന്നുമാസത്തിനുള്ളില്‍ സാധ്യമാകും. കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ 2012-13 സാമ്പത്തിക വര്‍ഷത്തില്‍ അധിക കേന്ദ്രസഹായമായി നൂറുകോടി രൂപയും 2013-14 ല്‍ 67.31 കോടി രൂപയും ലഭിച്ച കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. വാട്ടര്‍ അതോറിറ്റിയുടെ ചരിത്രത്തിലെ നാഴികകല്ലാണിതെന്നും അദ്ദേഹം പറഞ്ഞു. ജലസ്രോതസ്സുകള്‍ വിപുലപ്പെടുത്തുന്നതിനായി 184 തടയണകള്‍ നിര്‍മിക്കുന്നതിന് 106.6 കോടിയുടെ ഭരണാനുമതി നല്‍കി. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. സംസ്ഥാനത്ത് ചെറുതും വലുതുമായ 142 തടയണകളുടെ നിര്‍മാണം വിവിധ ഘട്ടങ്ങളിലാണ്. ജലനിധി പദ്ധതി 50 പഞ്ചായത്തുകളില്‍ കൂടിനടപ്പിലാക്കും. സംസ്ഥാനത്തെ പഞ്ചായത്തുകളില്‍ ഒന്നാംഘട്ടമായി കിണര്‍ റീചാര്‍ജിംഗിനു മഴസമൃദ്ധി പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. കിണര്‍ ഒന്നിന് 5000 രൂപ നിരക്കില്‍ സര്‍ക്കാര്‍ സബ്‌സിഡി നല്‍കും. 1000 രൂപ ഉപഭോക്താവ് വഹിക്കണം.
പ്രകൃതിയില്‍ മഴവെള്ളം ശുദ്ധീകരിച്ച് തുറന്ന കിണറുകളില്‍ ജലശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി റീചാര്‍ജ്ജ് ചെയ്യുന്നതാണ് പദ്ധതി. തൃശൂര്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി നടപ്പാക്കി വരുന്ന മഴപ്പൊലിമ പദ്ധതിയുടെ മാതൃകയിലാണ് മഴ സമൃദ്ധി പദ്ധതി ആവിഷ്‌ക്കരിക്കുക. മഴയെ കൂടുതല്‍ പ്രയോജനപ്പെടുത്തി കിണറുകളുടെ ഭൂജലശേഷി വര്‍ദ്ധിപ്പിക്കുകയാണ് മഴസമൃദ്ധി പദ്ധതിയുടെ ലക്ഷ്യം. രൂക്ഷമായ കുടിവെള്ള ക്ഷാമം ഉള്ള പ്രദേശങ്ങളില്‍ കുഴല്‍കിണര്‍ നിര്‍മിച്ച് ചെറുകിട പദ്ധതികള്‍ രൂപീകരിക്കും. ഭൂജല വകുപ്പിനു കീഴില്‍ 859 കുഴല്‍ കിണറുകളാണ് നിര്‍മിക്കുക. കൂടാതെ 629 ഹാന്റ് സെറ്റുകള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതായും മന്ത്രി ജോസഫ് പറഞ്ഞു.













Discussion about this post