തിരുവനന്തപുരം: തമിഴ്‌നാട്ടില്‍ കേരള സര്‍ക്കാരിനുള്ള കുറ്റാലം കൊട്ടാരത്തിന്റെയും ചേര്‍ന്നുള്ള 55 ഏക്കറോളം ഭൂമിയുടെയും കൈവശാവകാശം നിലനിര്‍ത്താനും കോടികള്‍ വിലമതിക്കുന്ന ഭൂമി സംരക്ഷിക്കാനും അടിയന്തിര നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചതായി റവന്യൂ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. കേരളപ്പിറവിയ്ക്ക് മുമ്പ് തിരുവിതാംകൂറിന്റെ അധീനതയിലുണ്ടായിരുന്ന പ്രസ്തുത ഭൂമി സംസ്ഥാന പുന:സംഘടനയോടെയാണ് കേരളത്തിന്റെ ഭാഗമായി മാറിയത്.
1957-ല്‍ ഈ സ്ഥലം കേരള സര്‍ക്കാരിന് കൈമാറിയിരുന്നു. കേരള സര്‍ക്കാരിന്റെ പേരില്‍ പട്ടയമുള്ള ഭൂമിയില്‍ ചില നിയമവിരുദ്ധമായ കയ്യേറ്റങ്ങള്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മന്ത്രി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുകയും സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കൊല്ലം ജില്ലാ കളക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. കളക്ടറും മറ്റ് ഉന്നത ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം തിങ്കളാഴ്ച കുറ്റാലം സന്ദര്‍ശിച്ച് തിരുനെല്‍വേലി കളക്ടറുമായി ചര്‍ച്ച നടത്തും. റിപ്പോര്‍ട്ട് ലഭിച്ചശേഷം മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചില്‍ നിലവിലുള്ള കേസില്‍ സംസ്ഥാനത്തിന്റെ താത്പര്യം സംരക്ഷിക്കുന്നതിനായി ഇടപെടുന്നതിനും തിരുനെല്‍വേലി ഡി.ആര്‍.ഒ.യുടെ ഉത്തരവിനെതിരെ മദ്രാസ് ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്യുന്നതിനുള്ള സാധ്യത ആരായുന്നതിനും മന്ത്രി നിര്‍ദ്ദേശിച്ചു. കുറ്റാലം കൊട്ടാരത്തിന്റെ നടത്തിപ്പ് തൃപ്തികരമല്ലെന്നും മാനേജ്‌മെന്റിനെക്കുറിച്ച് ആക്ഷേപമുണ്ടെന്നും ഈ ഭൂമി അന്യാധീനപ്പെടുത്താനോ കൈവശപ്പെടുത്താനോ നടത്തുന്ന നീക്കങ്ങളെ കര്‍ശനമായി തടയുമെന്നും മന്ത്രി അറിയിച്ചു.
കുറ്റാലം കൊട്ടാരത്തിന്റെ നവീകരണത്തിന് സര്‍ക്കാര്‍ പത്തുകോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും അത് പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിനോദസഞ്ചാര കേന്ദ്രമായ കുറ്റാലത്തിന്റെ സാധ്യതകള്‍ക്കൂടി പ്രയോജനപ്പെടുത്തിക്കൊണ്ട് കാര്യക്ഷമമായി ഭൂമി സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. ഇതുപോലെ കേരള സര്‍ക്കാരിന് മറ്റു സംസ്ഥാനങ്ങളില്‍ ഉള്ള ഭൂമിയും സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള നടപടികളും ഊര്‍ജ്ജിതപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.













Discussion about this post