തിരുവനന്തപുരം: നിയമസഭാ സമ്മേളനമാരംഭിക്കുന്ന ജൂണ്‍ 9ന് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ചര്‍ച്ച നടത്തും. സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ വിളിച്ചുചേര്‍ത്ത കക്ഷിനേതാക്കളുടെ യോഗമാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. ചട്ടം 130 അനുസരിച്ച് പ്രതിപക്ഷ നേതാവ് പ്രമേയം അവതരിപ്പിക്കും.
മെയ് ഏഴിലെ സുപ്രീംകോടതി വിധിയെ തുടര്‍ന്നുണ്ടായിട്ടുള്ള സ്ഥിതിവിശേഷം ചര്‍ച്ച ചെയ്യാനാണ് പ്രമേയം. സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിന് എല്ലാവരുടേയും സഹകരണം സ്പീക്കര്‍ അഭ്യര്‍ത്ഥിച്ചു. നിയമസഭ ചേരുന്ന ദിവസങ്ങള്‍ വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത സ്പീക്കര്‍ എടുത്തുപറഞ്ഞു. കക്ഷിനേതാക്കള്‍ ഇതിന് പൂര്‍ണ്ണ പിന്തുണയും വാഗ്ദാനം ചെയ്തു. ചോദ്യോത്തരങ്ങളുടെ കമ്പ്യൂട്ടര്‍വത്ക്കരണം പൂര്‍ത്തിയായിവരികയാണ്. അംഗങ്ങള്‍ക്ക് നേരിട്ടും ഓണ്‍ലൈനായും ചോദ്യങ്ങള്‍ നല്കാം. ഈ പുതിയ സംവിധാനത്തിന് എല്ലാവരും പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.
സ്പീക്കര്‍ ജി. കാര്‍ത്തികേയന് പുറമേ, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍, കക്ഷിനേതാക്കളും മന്ത്രിമാരുമായ കെ. എം. മാണി, പി. കെ. കുഞ്ഞാലിക്കുട്ടി, അനൂപ് ജേക്കബ്, ഷിബുബേബിജോണ്‍, എം. എല്‍. എ. മാരായ സി. ദിവാകരന്‍, മാത്യു ടി. തോമസ്, എ. കെ. ശശീന്ദ്രന്‍, എ. എ. അസീസ്, ഡപ്യൂട്ടിസ്പീക്കര്‍ എന്‍. ശക്തന്‍ എന്നിവരും പങ്കെടുത്തു.












