തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസ്ഥാന പോലീസ് വകുപ്പ് സംഘടിപ്പിച്ച ദിനാഘോഷത്തിന്റെ ഉദ്ഘാടനം പേരൂര്‍ക്കട പോലീസ് ക്യാമ്പില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ജന്മനക്ഷത്ര വൃക്ഷത്തൈ നട്ട് നിര്‍വഹിച്ചു.
ക്യാമ്പിലെ നക്ഷത്ര വനത്തില്‍ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് ആഭ്യന്തര മന്ത്രി, തിരുവാതിര നക്ഷത്രം എന്നു രേഖപ്പെടുത്തിയ ബോര്‍ഡിനു കീഴെയാണ് കരിമരത്തിന്റെ തൈ നട്ടുകൊണ്ട് ദിനാഘോഷം ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് സംസ്ഥാന പോലീസ് മേധാവി കെ.എസ്.ബാലസുബ്രഹ്മണ്യന് പൂരം നക്ഷത്രം എന്നെഴുതിയ ബോര്‍ഡിനു ചുവടെ പ്ലാശ് തൈ നട്ടു. എ.ഡി.ജി.പി. കൃഷ്ണമൂര്‍ത്തി ഉത്രാടം നക്ഷത്രം എന്നെഴുതിയ ബോര്‍ഡിനു ചുവടെ പ്ലാവും ചോതി നക്ഷത്രം എന്നെഴുതിയ ബോര്‍ഡിനു കീഴെ എ.ഡി.ജി.പി. സന്ധ്യ നീര്‍മരുതിന്റെ തൈയും നട്ടു.
ഹെഡ്ക്വാര്‍ട്ടേഴ്സ് ഐ.ജി.ദര്വേഷ്സാഹിബ്, ഐ.ജി.മനോജ് എബ്രഹാം, റൂറല്‍ എസ്.പി.രാജ്പാല്‍മീണ ഉള്‍പ്പെടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് ക്യാമ്പിനുള്ളിലെ വിവിധ ഇടങ്ങളില്‍ സേനാംഗങ്ങള്‍ വൃക്ഷത്തൈ നട്ടു. ദിനാചരണത്തിന്റെ ഭാഗമായി കേരളത്തിലെ ഓരോ പോലീസ് ഉദ്യോഗസ്ഥനും ഓരോ വൃക്ഷത്തൈ വീതം നടുകയും അവ വളര്‍ന്ന് വലുതാകുന്നതുവരെ പരിപാലിക്കുകയും ചെയ്യുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. മണ്ണിനും, പരിസ്ഥിതിക്കും ഇണങ്ങുന്ന വൃക്ഷത്തൈകളാണ് ഇതിനായി തിരഞ്ഞെടുത്തത്. സംസ്ഥാനത്തെ എല്ലാ ബറ്റാലിയനുകളിലും പോലീസ് സ്റ്റേഷനുകളിലും പോലീസ് ഓഫീസുകളിലും ഈ പരിപാടി നടപ്പാക്കും. വനംവകുപ്പിന്റെ സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തിന്റെ സഹകരണവും പദ്ധതിക്കുണ്ട്. കേരളത്തിലെ ബറ്റാലിയന് ക്യാമ്പുകളില്‍ മാത്രം പതിനായിരം വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തും.
Discussion about this post