തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ കാരുണ്യ ഫാര്‍മസികള്‍ ആരംഭിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. തൈക്കാട് റസ്റ്റ്ഹൗസില്‍ വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. എല്ലാ കാരുണ്യ ഫാര്‍മസികളിലും അവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തണമെന്നും ഏതെങ്കിലും മരുന്നുകള്‍ക്ക് ദൗര്‍ലഭ്യമുണ്ടാകാന്‍ സാധ്യതയുണ്ടെങ്കില്‍ അവ ഉടന്‍ ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
എല്ലാ കാരുണ്യ ഫാര്‍മസികളിലും മരുന്നുകളുടെ പ്രതിദിനവിറ്റുവരവ് വര്‍ധിച്ചിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കാരുണ്യ ഫാര്‍മസിയിലെ പ്രതിദിനവിറ്റുവരവ് 10 ലക്ഷത്തോളം രൂപയായാണ് വര്‍ധിച്ചത്. മേയില്‍മാത്രം 11.5 കോടി രൂപയുടെ മരുന്നുകളാണ് കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ വാങ്ങിയത്. ഇതേ മാസം കോര്‍പ്പറേഷന്റെ സംസ്ഥാനത്തുടനീളമുള്ള 18 കാരുണ്യ ഫാര്‍മസികളിലൂടെ 10.9 കോടി രൂപയുടെ മരുന്നുകളാണ് വില്പന നടത്തിയത്. ഇത് മുന്‍മാസങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. 35 ശതമാനം മുതല്‍ 95 ശതമാനം വരെ വിലക്കുറവിലാണ് മരുന്നുകള്‍ ലഭ്യമാക്കുന്നത്. കാരുണ്യയുടെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കൊല്ലം എന്നിവിടങ്ങളിലുള്ള ഡിപ്പോകളിലെല്ലാം, കമ്പനികളില്‍നിന്നും നേരിട്ടുള്ള മരുന്ന് സംഭരണം മുടക്കംകൂടാതെ നടക്കുന്നുണ്ട്. 8500 ല്‍പ്പരം ബ്രാന്റഡ് മരുന്നുകളാണ് കാരുണ്യ സംഭരിച്ച് വിതരണം ചെയ്യുന്നത്. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും രണ്ടോ മൂന്നോ മാസത്തേക്കാവശ്യമായ മരുന്നുകള്‍ സ്റ്റോക്കുണ്ടെന്ന് യോഗം വിലയിരുത്തി. ഏതെങ്കിലും മരുന്നുകള്‍ക്ക് ദൗര്‍ലഭ്യം നേരിട്ടാല്‍ അവ ലോക്കല്‍ പര്‍ച്ചേസിലൂടെ ലഭ്യമാക്കണം. ഇതിനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനാവശ്യമായ തുക അനുവദിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍, മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ എം.ഡി: ഡോ. എം. ബീന, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍: ഡോ. വി. ഗീത, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. പി.കെ. ജമീല തുടങ്ങിയവര്‍ പങ്കെടുത്തു.













Discussion about this post