തിരുവനന്തപുരം: ജലഅതോറിറ്റി, പൊതുമരാമത്തുവകുപ്പ്, ബിഎസ്‌എന്‍എല്‍, കെഎസ്‌ഇബി എന്നീ വകുപ്പുകളെ ഏകോപിപ്പിച്ച് ഏജന്‍സി രൂപീകരിക്കാനും റോഡു നവീകരണം, പൈപ്പിടല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഈ ഏജന്‍സി വഴി നടപ്പാക്കാനുമുള്ള നിര്‍ദ്ദേശം സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് ജില്ലാ കളക്‌ടര്‍ ബിജു പ്രഭാകര്‍ പറഞ്ഞു.
കളക്‌ടറേറ്റില്‍ നടന്ന ജില്ലാ വികസനസമിതിയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലഅതോറിറ്റിയും പൊതുമരാമത്തുവകുപ്പും തമ്മില്‍ ഏകോപനമില്ലാത്തതു മൂലം റോഡുനവീകരണങ്ങള്‍ അനന്തമായി നീണ്ടുപോകുന്നത് ജനപ്രതിനിധികള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള ഏജന്‍സി നിലവില്‍ വന്നാല്‍ ഈ സ്ഥിതിക്ക് ഒരു പരിധി വരെ പരിഹാരം കാണാമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിലെ നദീതീരങ്ങളിലെ പുറമ്പോക്ക് ഭൂമി കണ്ടെത്തി അവയില്‍ മരങ്ങള്‍ വച്ചു പിടിപ്പിക്കാന്‍ ജില്ലാഭരണകൂടത്തിന് പദ്ധതിയുണ്ട്. ഇതിനായി ഒരു സമിതി രൂപീകരിക്കുമെന്നും കളക്‌ടര്‍ പറഞ്ഞു. യാത്രാദുരിതവും അപകടനിരക്കും കുറയ്‌ക്കാനായി കരമന മുതല്‍ പ്രാവച്ചമ്പലം വരെ എല്ലാപ്രധാന ജംഗ്‌ഷനുകളിലും അണ്ടര്‍പാസ് നിര്‍മിക്കണമെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. ഇതിനായി എസ്റ്റിമേറ്റ് എടുത്ത ശേഷം സര്‍ക്കാരിന് പദ്ധതിയുടെ കരട് രൂപരേഖ സമര്‍പ്പിക്കും. ഭവനശ്രീ വായ്‌പ എടുത്തവരുടെ വായ്‌പാതുക എഴുതിത്തള്ളണമെന്ന സര്‍ക്കാര്‍ നിര്‍ദേശമുണ്ടായിട്ടും ബാങ്കുകളുടെ അനാസ്‌ഥ മൂലം ഇത് സാധിക്കാതെ വരികയും വായ്‌പ എടുത്തവരുടെ പ്രമാണങ്ങള്‍ തിരികെ നല്‌കാതിരിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം പ്രമാണങ്ങള്‍ ഉടമസ്ഥര്‍ക്ക് തിരികെ കൊടുക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‌കും. നേമം യു പി സ്‌കൂളില്‍ പുതിയ ക്‌ളാസ്‌മുറികള്‍ ഉടന്‍ പണിയണമെന്നും അതിനുശേഷം മാത്രമേ കരമന-കളിയിക്കാവിള റോഡുവികസനത്തിനായി സ്‌കുള്‍ കെട്ടിടം പൊളിച്ചുമാറ്റാവൂയെന്നും അദ്ദേഹം നിര്‍ദേശിച്ചു. ബൈപ്പാസ് വികസനത്തിനായി സ്ഥലമെടുത്തവര്‍ക്കുള്ള നഷ്‌ടപരിഹാരത്തുക നല്‌കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തും. ശിശുക്ഷേമസമിതിയുടെ കീഴിലുള്ള എല്ലാ ക്രഷുകളും അങ്കണവാടികളായി മാറ്റാനുള്ള നടപടികളെടുക്കും. ജനപ്രതിനിധികള്‍ പ്രാധാന്യമുള്ളതായി കണ്ടെത്തുന്ന നാലോ അഞ്ചോ പദ്ധതികള്‍ കളക്‌ടറുടെ നേതൃത്വത്തില്‍ പ്രതേ്യകപരിഗണന നല്‍കി അവലോകനം ചെയ്യാനും യോഗത്തില്‍ തീരുമാനമായി. മഴക്കെടുതി അവലോകനം ചെയ്യാനായി ജൂണ്‍ 12 ന് കേന്ദ്രസംഘമെത്തുമെന്നും അതിനായുള്ള മുന്നൊരുക്കങ്ങള്‍ ചെയ്യണമെന്നും കളക്‌ടര്‍ വിവിധവകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. വെള്ളനിക്കല്‍പ്പാറ, തമ്പുരാന്‍പാറ- തമ്പുരാട്ടിപ്പാറ എന്നിവ സംരക്ഷിക്കാനുള്ള നടപടികളെടുക്കണമെന്ന് യോഗത്തില്‍ പാലോട് രവി എം എല്‍ എ നിര്‍ദേശിച്ചു. വരള്‍ച്ച, വെള്ളപ്പൊക്കം എന്നിവയുമായി ബന്ധപ്പെട്ട് 2012 മുതല്‍ കൊടുത്തു തീര്‍ക്കാനുള്ള കുടിശ്ശിക നല്‌കാനുള്ള നടപടികള്‍ വേഗത്തിലാക്കാനും യോഗത്തില്‍ തീരുമാനമായി. ഗംഗയാര്‍ തോടിലേക്ക് ഓട ചേരുന്നഭാഗത്ത് അടിയുന്ന മാലിന്യങ്ങള്‍ ഇവിടെ വെള്ളപ്പൊക്കത്തിന് ഇടവരുത്തുമെന്ന് ജമീലാപ്രകാശം എം എല്‍ എ അഭിപ്രായപ്പെട്ടതിനെത്തുടര്‍ന്ന് ഈ മാലിന്യങ്ങള്‍ ഉടന്‍ നീക്കം ചെയ്യാന്‍ ധാരണയായി. റേഷന്‍ വിതരണത്തിനായി ജില്ലയ്‌ക്ക് ലഭിക്കുന്ന ധാന്യങ്ങളുടെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. കിള്ളിയാര്‍ സംരക്ഷണത്തിനായുള്ള 500 കോടിയുടെ പദ്ധതിയെക്കുറിച്ച് പഠിക്കാനായി റൈറ്റ്‌സ്-നെ ഏല്‌പിച്ചിരുന്നു. ഇതിന്റെ പുരോഗതി വിലയിരുത്താനായി യോഗം വിളിച്ചുചേര്‍ക്കും. കൃത്യമായ നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്താത്തതിനാല്‍ മരുതന്‍കുഴി ബണ്ട് പൊട്ടാനുള്ള സാധ്യതയുണ്ടെന്നും അതിനാല്‍ ഇതിന്റെ പണി ഉടന്‍ പൂര്‍ത്തിയാക്കണമെന്നും കെ മുരളീധരന്‍ എം എല്‍ എ യോഗത്തില്‍ നിര്‍ദേശിച്ചു. ജലഅതോറിറ്റിയും ബന്ധപ്പെട്ട മറ്റ് അധികൃതരും ഉടന്‍ യോഗം ചേര്‍ന്ന് കാളിപ്പാറ പദ്ധതി വേഗത്തിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. കോവളം ജങ്‌ഷന്‍ മുതല്‍ പൂവാര്‍ വരെയുള്ള റോഡില്‍ അപകടസാധ്യതകൂടുതലാണെന്നും ഇവിടെ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കെല്‍ട്രോണ്‍ സമര്‍പ്പിച്ച പഠനം ഉടന്‍ നടപ്പാക്കണമെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. മോട്ടോര്‍ വെഹിക്കിള്‍ വകുപ്പിന്റെ പരിശോധന ഉറപ്പാക്കി ഇവിടെ അപകടസാധ്യതകുറയ്‌ക്കാന്‍ ധാരണയായി. മത്സ്യഗ്രാമം പദ്ധതിയില്‍ ഭൂരഹിതര്‍ക്ക് വീട് നല്‌കാനായി കണ്ടെത്തിയ 50 സെന്റ് സ്ഥലത്ത് പുനരധിവാസത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും.
എം എല്‍ എമാരായ പാലോട് രവി, കെ മുരളീധരന്‍, ജമീലാപ്രകാശം എന്നിവര്‍ക്കു പുറമെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റൂഫസ് ഡാനിയല്‍, ഡോ എ സമ്പത്ത് എം പിയുടെ പ്രതിനിധി, ജില്ലയിലെ എം എല്‍ എമാരായ ജി കാര്‍ത്തികേയന്‍, എന്‍ ശക്തന്‍, വി എസ് ശിവകുമാര്‍, വി ശശി എന്നിവരുടെ പ്രതിനിധികള്‍, എഡിഎം റ്റി ആര്‍ ആസാദ്, ജില്ലാ പ്‌ളാനിംഗ് ഓഫീസര്‍ എന്‍ പ്രസന്നകുമാരി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.













Discussion about this post