ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ പത്തു ഭീകരരും 13 സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു.
ജിന്ന അന്താരാഷ്ട്രവിമാനത്താവളത്തിലെ പഴയ ടെര്‍മിനലില്‍ ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് ആക്രമണം നടന്നത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ വേഷത്തില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളുമായാണ് എട്ടോളം ഭീകരര്‍ വിമാനത്താവളത്തില്‍ കടന്നത്. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥരുമായി കനത്ത ഏറ്റുമുട്ടല്‍ നടന്നു.
ആക്രമണത്തില്‍ കാര്‍ഗോ ടെര്‍മിനലിലെ റണ്‍വേയ്ക്കും വിമാനങ്ങള്‍ക്കും കേടുപാടുകളുണ്ടായതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് കറാച്ചി വിമാനത്താവളം താല്ക്കാലികമായി അടച്ചു. ഇവിടെനിന്നുള്ള വിമാനഗതാഗതം നിര്‍ത്തിവച്ചതായും കറാച്ചിയിലേക്കു വരികയായിരുന്ന വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതായും അധികൃതര്‍ അറിയിച്ചു.












