തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. പുനരുദ്ധാരണ പാക്കേജ് തൊഴിലാളികളുമായി ചര്‍ച്ച ചെയ്യുമെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അദ്ദേഹത്തിന്റെ ചേംബറില്‍ കെ.എസ്.ആര്‍.ടി.സി. യുമായി ബന്ധപ്പെട്ട് നടത്തിയ യോഗത്തിനുശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.എസ്.ആര്‍.ടി.സി.യെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറ്റാന്‍ സര്‍ക്കാരിനു മുന്നില്‍ പല വഴികളുമുണ്ട്. ഇതു സംബന്ധിച്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. ഇന്നു ധനമന്ത്രി കൂടി എത്തുന്നതോടെ അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ അന്തിമ ചര്‍ച്ച നടത്തി തീരുമാനം കൈക്കൊളളും. സമഗ്രമായ പാക്കേജ് വഴി കെ.എസ്.ആര്‍.ടി.സി. യെ കരകയറ്റാനുളള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. കെ.എസ്.ആര്‍.ടി.സി. യില്‍ പെന്‍ഷന്‍ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രിയെന്ന നിലയില്‍ താന്‍ ആവശ്യപ്പെട്ടിരുന്ന സമയം ഇന്ന് അവസാനിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇക്കാര്യത്തിലും ഇന്ന് ചേരുന്ന യോഗത്തില്‍ തീരുമാനമെടുക്കുമെന്ന് മന്ത്രി പറഞ്ഞു. ഒരാളെയും പിരിച്ചുവിടുകയെന്ന നയം സര്‍ക്കാര്‍ സ്വീകരിക്കില്ലെന്ന് നേരത്തേ നടന്ന യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തൊഴിലാളികളെ കൂടി വിശ്വാസത്തിലെടുത്തുകൊണ്ടുളള പ്രവര്‍ത്തനത്തിനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.













Discussion about this post