തിരുവനന്തപുരം: മഴക്കാല രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനുള്‍പ്പെടെയുള്ള മരുന്നുകളുടെ ലഭ്യത സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുവരെയുള്ള എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഉറപ്പുവരുത്തുന്നതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ അറിയിച്ചു. ഇതുസംബന്ധിച്ച് വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
ജൂലായ് 31 വരെ സര്‍ക്കാര്‍ ആശുപത്രികള്‍ക്കാവശ്യമായ മുഴുവന്‍ മരുന്നുകളുടെയും ലഭ്യത യോഗം വിശകലനം ചെയ്തു. എല്ലാ ആശുപത്രികളിലും ആവശ്യത്തിന് മരുന്നുണ്ടെന്ന് യോഗം വിലയിരുത്തി. മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ വഴി 698 ഇനം മരുന്നുകളാണ് ആശുപത്രികള്‍ക്ക് നല്‍കിവരുന്നത്. റീ-ടെന്‍ഡര്‍ വിളിക്കേണ്ടിവന്നതിനാല്‍ മുഴുവന്‍ മരുന്നുകളും ലഭ്യമാകാന്‍ ഒരു മാസത്തോളം കാലതാമസം ഉണ്ടാകുന്നു. ഈ സാഹചര്യത്തിലാണ് ജൂലായ് 31നകം ദൗര്‍ലഭ്യം നേരിട്ടേയ്ക്കാവുന്ന ഏതാനും മരുന്നുകള്‍ പുറത്തുനിന്ന് വാങ്ങുവാന്‍ അനുവാദം നല്‍കിയിട്ടുള്ളത്. ഇതിനായി മെഡിക്കല്‍ കോളേജുകള്‍ക്ക് രണ്ടു കോടിരൂപയും ആശുപത്രികള്‍ക്ക് ഒരു കോടിരൂപയും അനുവദിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ പണം അനുവദിക്കുമെന്ന് മന്ത്രി അറിയിച്ചു. റീ-ടെന്‍ഡറിനെ തുടര്‍ന്ന് മരുന്നുകള്‍ വന്നുതുടങ്ങിയിട്ടുണ്ട്. ഏതാനും മരുന്നുകള്‍ക്ക് മാത്രമേ മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്റെ വെയര്‍ഹൗസുകളില്‍ ദൗര്‍ലഭ്യം നേരിടുകയുള്ളൂ. ഇത് പൂര്‍ണ്ണമായും പരിഹരിക്കാനാണ് നടപടികള്‍ സ്വീകരിച്ചിട്ടുള്ളത്. ശക്തമായ മോണിറ്ററിംഗ് സംവിധാനവും ഇതിനുവേണ്ടി ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാരുണ്യ ഫാര്‍മസികള്‍, നീതി മെഡിക്കല്‍ സ്റ്റോറുകള്‍, ആശുപത്രി വികസന സമിതികള്‍ നടത്തുന്ന ഔട്ട്‌ലെറ്റുകള്‍ എന്നിവയില്‍നിന്നോ, അവിടങ്ങളില്‍ ലഭ്യമല്ലാത്തവ ലോക്കല്‍ പര്‍ച്ചേസ് മുഖേനയോ വാങ്ങാനാണ് അനുമതി നല്‍കിയിട്ടുള്ളത്. ഒരു ആശുപത്രിയിലും ഏതെങ്കിലും മരുന്നുകള്‍ക്ക് ദൗര്‍ലഭ്യം ഉണ്ടാകുന്ന സാഹചര്യം ഉണ്ടാകരുതെന്ന് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. യോഗത്തില്‍, ആരോഗ്യ വകുപ്പ് സെക്രട്ടറി ഡോ.കെ.ഇളങ്കോവന്‍, മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ എം.ഡി. ഡോ.എം.ബീന, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ.വി.ഗീത, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ.പി.കെ.ജമീല എന്നിവര്‍ പങ്കെടുത്തു.













Discussion about this post