തിരുവനന്തപുരം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷം ഈ വര്‍ഷം സെപ്തംബര്‍ അഞ്ച് മുതല്‍ 11 വരെ സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു. ഓണാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്തംബര്‍ അഞ്ചിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടത്തും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളള വൈവിധ്യമാര്‍ന്ന കലാരൂപങ്ങളെ അണിനിരത്തി സംഘടിപ്പിക്കുന്ന വര്‍ണശബളമായ ഘോഷയാത്രയോടെ സെപ്തംബര്‍ 11 ന് പരിപാടികള്‍ സമാപിക്കും.
പട്ടികജാതി പിന്നോക്ക ക്ഷേമ ടൂറിസം വകുപ്പ് മന്ത്രി എ.പി.അനില്‍ കുമാറിന്റെ അദ്ധ്യക്ഷതയിലും ആരോഗ്യ കുടുംബക്ഷേമ, ദേവസ്വം മന്ത്രി വി.എസ്.ശിവകുമാറിന്റെ സാന്നിദ്ധ്യത്തിലും ചേര്‍ന്ന ഉദ്യോഗസ്ഥരുടെ പ്രാഥമികതല യോഗത്തിലാണ് തീരുമാനം. സെന്‍ട്രല്‍ സ്റ്റേഡിയം ഉള്‍പ്പെടെ 27 വേദികളിലായി വൈവിധ്യമാര്‍ന്ന ഓണാഘോഷ പരിപാടികള്‍ അരങ്ങേറുന്ന തലസ്ഥാന ജില്ലയ്ക്ക് പുറമേ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകളുടെ ആഭിമുഖ്യത്തില്‍ എല്ലാ ജില്ലകളിലും ഓണാഘോഷം സംഘടിപ്പിക്കും. പ്രമുഖ മാധ്യമങ്ങളുടെ പങ്കാളിത്തത്തോടെയാവും തിരുവനന്തപുരത്തെ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുക. ഓണാഘോഷത്തിന്റെ ഭാഗമായി കവടിയാര്‍ മുതല്‍ കിഴക്കേക്കോട്ട വരെ ഫെസ്റ്റിവല്‍ സോണായി പ്രഖ്യാപിക്കും. ദീപാലങ്കാരങ്ങളും വൈവിധ്യമാര്‍ന്ന കലാപരിപാടികളും സംഘടിപ്പിക്കും. ഓണാഘോഷങ്ങള്‍ക്ക് മുന്നോടിയായി ആക്കുളം ടൂറിസം കേന്ദ്രത്തിന്റെ സൗന്ദര്യവത്ക്കരണവും അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണവും പൂര്‍ത്തിയാക്കുമെന്ന് മന്ത്രി എ.പി.അനില്‍കുമാര്‍ അറിയിച്ചു. ശംഖുമുഖം ബീച്ചിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ഓണത്തിനു മുമ്പുതന്നെ ആരംഭിക്കാന്‍ നടപടി സ്വീകരിക്കും. 5.25 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ഇവിടെ പൂര്‍ത്തിയാക്കുക. ഓണാഘോഷം കഴിഞ്ഞാലുടന്‍ കനകക്കുന്ന് സൗന്ദര്യവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിക്കുമെന്നും മന്ത്രി എ.പി.അനില്‍ കുമാര്‍ പറഞ്ഞു.













Discussion about this post