തിരുവനന്തപുരം: സംസ്ഥാനത്തെ റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് നിശ്ചിത സമയത്തിനുള്ളില്‍ ആവശ്യമായ പ്രാഥമിക ചികിത്സ നല്‍കുന്നതിന് പോലീസുദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന പരിശീലനം നല്‍കുന്ന സ്‌മൈല്‍ (സീംലെസ് മെഡിക്കല്‍ ഇന്റര്‍വെന്‍ഷന്‍ ഫൊര്‍ ലൈഫ്‌കെയര്‍ ആന്റ് എമര്‍ജന്‍സീസിന്) പദ്ധതി ആരംഭിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പോലീസ് വകുപ്പിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
കഴിഞ്ഞവര്‍ഷം 4253 പേരാണ് സംസ്ഥാനത്ത് റോഡ് അപകടങ്ങളില്‍ മരണമടഞ്ഞത്. കൃത്യസമയത്ത് പ്രാഥമിക ചികിത്സ നല്‍കിയാല്‍ വലിയ അളവോളം മരണനിരക്ക് കുറയ്ക്കാന്‍ കഴിയും. ഇതിന്റെ ഭാഗമായി എന്‍.എച്ച്. പട്രോളിംഗ് ഉദ്യോഗസഥര്‍ക്കും ദേശീയപാത, സംസ്ഥാനപാത എന്നിവിടങ്ങളിലെ സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരിശീലനം നല്‍കും. കൂടാതെ അവശ്യമായ ഉപകരണങ്ങളും വിതരണം ചെയ്യും. ജൂലൈ ഏഴിനകം 600 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ മെഡിക്കല്‍ കോളേജുകളില്‍ ഏകദിനപരിശീലനം നല്‍കുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി ഷെയ്പ്(സിസ്റ്റമാറ്റിക് ഹെല്‍ത്ത് അസെസ്‌മെന്റ് ഫൊര്‍ പോലീസ് പേഴ്‌സണല്‍) എന്ന പേരില്‍ പദ്ധതി നടപ്പാക്കും. ഇതനുസരിച്ച് എല്ലാ മൂന്നാം ശനിയാഴ്ചയും താലൂക്ക് ആശുപത്രികളില്‍ പോലീസ് ഉദ്യോഗസ്ഥരുടെ ആരോഗ്യപരിശോധന നടത്തും. ചികിത്സ ആവശ്യമുള്ളവര്‍ക്ക് തുടര്‍ നടപടികളും സ്വീകരിക്കും. ഈ പരിപാടിക്ക് ജൂലൈ 19-ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ തുടക്കം കുറിക്കുമെന്ന് മന്ത്രി പറഞ്ഞു.













Discussion about this post