തിരുവനന്തപുരം: സംസ്ഥാനത്ത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വിവിധതരം പനികളുടെ എണ്ണം ഇത്തവണ കുറവാണെങ്കിലും മഴ ആരംഭിച്ചതോടെ സാധാരണ പനി ബാധിതരുടെ എണ്ണത്തില്‍ ചെറിയ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. സാധാരണ വൈറല്‍ പനികള്‍ സുഖമാകാന്‍ മൂന്നു മുതല്‍ അഞ്ച് ദിവസം വരെ വേണ്ടി വരും.
ആശുപത്രിയിലായാലും വീട്ടിലായാലും ശരീരത്തിന് വേണ്ടത്ര ശ്രദ്ധയും പരിചരണവും നല്‍കുന്നതിലൂടെ രോഗം വേഗം ഭേദമാക്കാന്‍ സാധിക്കും. പനിയുളളപ്പോള്‍ ചൂടുളള പാനീയങ്ങള്‍ ധാരാളം കുടിക്കുക, ഉപ്പിട്ട കഞ്ഞിവെളളം, നാരാങ്ങാവെളളം, ഇളനീര്‍ എന്നിവ കുടിക്കുന്നതും ഗുണകരമാണ്. നന്നായി വേവിച്ച പോഷകപ്രധാനമായ ഭക്ഷണവും പഴങ്ങളും ചെറിയ അളവില്‍ ഇടവിട്ട് കഴിക്കുന്നതും നല്ലതാണ്. പനിയുളളപ്പോള്‍ കുട്ടികളെ സ്‌കൂളില്‍ വിടാതിരിക്കുന്നതിനും വീട്ടില്‍ വിശ്രമിക്കുന്നതിനും അനുവദിക്കുക. പനി പൂര്‍ണമായും മാറുന്നതുവരെ വിശ്രമിക്കുന്നത് രോഗം വേഗം മാറുന്നതിനും പനി പകരുന്നത് തടയുന്നതിനും സഹായകമാണ്. പനിയുളളപ്പോള്‍ നല്‍കുന്ന പാരസെറ്റമോള്‍ ഗുളികകള്‍ വളരെ ഫലപ്രദമാണ്. കുത്തിവയ്പിന് വേണ്ടിയും ഡ്രിപ്പിന് വേണ്ടിയും ഡോക്ടര്‍മാരെ നിര്‍ബന്ധിക്കരുത്. വീട്ടില്‍ ചികിത്സിക്കുന്നവര്‍; പ്രതീക്ഷിച്ച സമയം കൊണ്ട് പനി ഭേദമാകാതിരിക്കുകയോ പനി മൂര്‍ച്ഛിക്കുന്നതായി കാണുന്നെങ്കിലോ ശരീരത്തില്‍ പാടുകള്‍, തിണര്‍പ്പുകള്‍, ജന്നി, രക്തസ്രാവം, മഞ്ഞപ്പിത്തം, മൂത്രത്തിന്റെ അളവ് കുറയുക, ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടുക, പെരുമാറ്റ വ്യതിയാനം, ഭക്ഷണം കഴിക്കാന്‍ വയ്യാതാകുക എന്നിങ്ങനെ സാധാരണമല്ലാത്ത ലക്ഷണങ്ങള്‍ കാണുകയോ ചെയ്താല്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ വിദഗ്ദ്ധചികിത്സ തേടണം.
തുമ്മുമ്പോഴും, ചീറ്റുമ്പോഴും മൂക്കും വായും പൊത്തുക, സോപ്പും വെളളവും ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ കഴുകുക എന്നീ ശീലങ്ങള്‍ വൈറല്‍ പനികള്‍ പടര്‍ന്ന് പിടിക്കുന്നത് തടയാനും ശ്വാസകോശ രോഗങ്ങള്‍ മറ്റുളളവരിലേക്ക് പകരാതെ സൂക്ഷിക്കാനും സഹായിക്കുമെന്നും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.













Discussion about this post