തിരുവനന്തപുരം: തലസ്ഥാനത്തെ തീരദേശമേഖലയില്‍, രൂക്ഷമായ കടലാക്രമണബാധിതമായ വലിയതുറ, ചെറിയതുറ, ബീമാപള്ളി, കൊച്ചുതോപ്പ് മുതലായ പ്രദേശങ്ങളില്‍, കടലാക്രമണം പ്രതിരോധിക്കാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താനും രണ്ട് കോടി രൂപ അനുവദിച്ചതായി, ജില്ലയുടെ പ്രത്യേക ചുമതലയുള്ള മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്തി കൂടുതല്‍ തുക ആവശ്യമെങ്കില്‍ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. വീടുകളും ഫലവൃക്ഷങ്ങളും നഷ്ടപ്പെട്ടവര്‍ക്ക്, നഷ്ടം കണക്കാക്കി ധനസഹായം വിതരണം ചെയ്യുവാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം എല്ലാ ദിവസവും ക്യാമ്പുകള്‍ സന്ദര്‍ശിച്ച് വൈദ്യസഹായം ലഭ്യമാക്കിവരുന്നുണ്ട്. കുടിവെള്ള വിതരണവും വൈദ്യുതി വിതരണവും തടസപ്പെട്ട പ്രദേശങ്ങളില്‍ അവ പുന:സ്ഥാപിക്കുന്നതിനാവശ്യമായ നടപടികള്‍ ജല അതോറിറ്റിയും കെ.എസ്.ഇ.ബിയും ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യ സ്ഥലങ്ങളില്‍ ലോറികളില്‍ കുടിവെള്ളമെത്തിക്കാനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ബീമാപള്ളിയിലെ തൈക്കാപ്പള്ളിയിലും വലിയതുറ പിയറിന്, വലത്തും ഇടത്തുമുള്ള ഭാഗങ്ങളിലും കല്ലുകള്‍ നിരത്തി കടലാക്രമണത്തെ പ്രതിരോധിക്കുന്നതിന് സത്വര നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ക്കും ജലസേചനവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.













Discussion about this post