ന്യൂഡല്‍ഹി: വ്യക്തമായ കാരണമില്ലാതെ ഗവര്‍ണര്‍മാരെ മാറ്റാനാകില്ലെന്നു രാഷ്ട്രപതിക്ക് നിയമോപദേശം ലഭിച്ചു. രാഷ്ട്രീയ മാറ്റങ്ങള്‍ക്കനുസരിച്ച് ഗവര്‍ണര്‍മാരോട് മാറിനില്‍ക്കണമെന്നാവശ്യപ്പെടാനാകില്ലെന്നും നിയമോപദേശത്തില്‍ പറയുന്നു. ഇതിനിടെ ചത്തീസ്ഗഡ് ഗവര്‍ണര്‍ രാജിവെച്ചു. സ്ഥലംമാറ്റംവേണമെന്ന് ബീഹാര്‍ ഗവര്‍ണര്‍ രാഷ്ട്രപതിയോട് അഭ്യര്‍ത്ഥിച്ചു.
അനൗദ്യോഗിക ഇടപെടലിലൂടെ ഗവര്‍ണര്‍മാരെ മാറ്റാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം തടയണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണു രാഷ്ട്രപതി നിയമോപദേശം തേടിയത്. ഗവര്‍ണര്‍മാരെ മാറ്റണമെങ്കില്‍ ഓരോരുത്തരെ കുറിച്ചും വ്യക്തമായ കാരണം വേണമെന്നാണ് സുപ്രീംകോടതിയിലെ മുതിര്‍ന്ന നിയമവിദഗ്ധരില്‍നിന്നു രാഷ്ട്രപതിക്ക് ലഭിച്ചിരിക്കുന്ന ഉപദേശം. കേന്ദ്രത്തില്‍ രാഷ്ട്രീയ മാറ്റം ഉണ്ടാകുന്നതിനനുസരിച്ച് ഗവര്‍ണര്‍മാര്‍ മാറിനില്‍ക്കണമെന്ന് ആവശ്യപ്പെടാന്‍ ആകില്ലെന്നുമാണ് നിയമോപദേശം.
2010ലെ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്‍റെ വിധി മുനനിര്‍ത്തിയാണു രാഷ്ട്രപതിക്ക് ലഭിച്ചിരിക്കുന്ന നിയമോപദേശം. അതേസമയം ഗവര്‍ണര്‍മാര്‍ മാറിനില്‍ക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഇപ്പോഴും കേന്ദ്ര സര്‍ക്കാര്‍. സ്വമേധയാ മാറിനില്‍ക്കാന്‍ ഗവര്‍ണര്‍മാര്‍ തയാറായില്ലെങ്കില്‍ ഔദ്യോഗികമായി ഗവര്‍ണര്‍മാരെ മാറ്റാന്‍ രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കാനായിരിക്കും സര്‍ക്കാര്‍ ശ്രമിക്കുക. അത്തരമൊരു നീക്കം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായാല്‍ രാഷ്ട്രപതിക്ക് അത് അംഗീകരിക്കേണ്ടിവരും.
Discussion about this post