തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രിയെ വിമര്‍ശിച്ചതിന്റെ പേരില്‍ സ്ഥലംമാറ്റിയ കോട്ടണ്‍ഹില്‍സ് സ്‌കൂള്‍ പ്രധാനാധ്യാപിക കെ.കെ ഊര്‍മിളാദേവി നിയമനടപടിക്ക് തയാറെടുക്കുന്നു. സ്ഥലംമാറ്റല്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന് പരാതി നല്കുമെന്ന് ഊര്‍മിളാദേവി അറിയിച്ചു. പട്ടികജാതി വിഭാഗക്കാരിയായതുകൊണ്ടാണ് തന്നെ പീഡിപ്പിക്കുന്നത്. ഭരണവീഴ്ചയല്ല, ജാതീയമായ കാര്യങ്ങളാണ് തന്റെ സ്ഥലംമാറ്റലിനു പിന്നിലെന്നും അവര്‍ ആരോപിച്ചു. ഒരു പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് ഊര്‍മിളാദേവി ഇത്തരത്തില്‍ പ്രതികരിച്ചത്.
ഇതിനിടെ, പ്രധാനാധ്യാപികയെ സ്ഥലംമാറ്റിയ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധം നടത്തി. മുദ്രാവാക്യം വിളിച്ച് സഭയുടെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ ഡയസില്‍ കയറി ബഹളം വച്ചു. അധ്യാപികയുടെ സ്ഥലംമാറ്റം റദ്ദാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
പ്രധാനാധ്യാപിക മന്ത്രിയെ താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചെന്നാണ് വിദ്യാഭ്യാസമന്ത്രി പ്രതികരിച്ചത്. മന്ത്രി വൈകിയെത്തിയത് അവര്‍ പര്‍വതീകരിക്കാന്‍ ശ്രമിച്ചു. കൂടുതല്‍ കടുത്ത നടപടിയാണ് അന്വേഷണ ഉദ്യോഗസ്ഥ ശിപാര്‍ശ ചെയ്തത്. അധ്യാപികയെ സ്ഥലംമാറ്റിയത് ക്രമപ്രകാരമാണെന്നും മന്ത്രി അറിയിച്ചു.












