തിരുവനന്തപുരം: സ്ഥലംമാറ്റിയ തീരുമാനം മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് കോട്ടണ്‍ഹില്‍ സ്‌കൂളിലെ പ്രധാനാധ്യാപിക കെ.കെ. ഊര്‍മിളാ ദേവി നല്കിയ ഹര്‍ജി കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ തള്ളി. കേസിന്റെ ഫയലുകള്‍ ഹാജരാക്കാന്‍ ട്രൈബ്യൂണല്‍ സര്‍ക്കാരിനു നിര്‍ദേശം നല്കി. അടുത്ത വെള്ളിയാഴ്ചയ്ക്കകം ഫയലുകള്‍ സമര്‍പ്പിക്കണം. അന്നു കേസ് വീണ്ടും പരിഗണിക്കും.
സ്ഥലംമാറ്റിയ അധ്യാപികയ്ക്കു പകരം മറ്റൊരു അധ്യാപിക ചുമതല ഏറ്റെടുത്തുവെന്ന് സര്‍ക്കാര്‍ ട്രൈബ്യൂണലിനെ അറിയിച്ചിരുന്നു. നടപടിക്രമങ്ങളെല്ലാം പാലിച്ചാണ് സ്ഥലംമാറ്റിയതെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇതേതുടര്‍ന്ന് അടിയന്തരമായി സ്റ്റേ അനുവദിക്കേണ്ട സാഹചര്യമില്ലെന്ന് ട്രൈബ്യൂണല്‍ നിരീക്ഷിച്ചു.
സ്ഥലംമാറ്റല്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഊര്‍മിളാദേവി ബുധനാഴ്ചയാണ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന് പരാതി കൊടുത്തത്. പട്ടികജാതി വിഭാഗക്കാരിയായതുകൊണ്ടാണ് തന്നെ പീഡിപ്പിക്കുന്നത്. ഭരണവീഴ്ചയല്ല, ജാതീയമായ കാര്യങ്ങളാണ് തന്റെ സ്ഥലംമാറ്റലിനു പിന്നിലെന്നും അവര്‍ ആരോപിച്ചിരുന്നു.












