ചെങ്കല്‍ സുധാകരന്‍
ബലരാമ വിവാഹം (ഭാഗം-2)
ആനര്‍ത്തന്റെ പുത്രനാണ് രേവതന്‍! അദ്ദേഹം കുശസ്ഥലി പട്ടണം നിര്‍മ്മിച്ച് ഭരിച്ചുപോന്നു. അദ്ദേഹത്തിന് നൂറുപുത്രന്മാരും ഒരു പുത്രിയും ജനിച്ചു. തന്റെ മകള്‍ക്ക് സദ്ഗുണ സമ്പന്നനും സുന്ദരനും ചിരഞ്ജീവിയുമായി ഭര്‍ത്താവിനെ അന്വേഷിച്ചാണ് രേവതന്‍ സഞ്ചരിച്ചത്. ഋഷിപ്രോക്തകഥകളൊന്നും വെറും കഥനങ്ങളല്ല. ‘ആരാഞ്ഞുനോക്കിയാല്‍ നീണ്ടു നീണ്ടു കാണുന്ന’ ആശയങ്ങള്‍ വിസ്മയാവഹങ്ങളാണ്. ലൗകികമദ്ധ്യത്തിലും ഏകാന്തഭക്തിയുമായി സംയതചിത്തനായിക്കഴിഞ്ഞ ആനര്‍ത്തന്റെ (ആനന്ദഭരിതമാനസനായ ഭക്തന്റെ) പുത്രനാണ് രേവതന്‍! എന്നുവച്ചാല്‍ ‘ജനകോചിത ജന്യമെന്നര്‍ത്ഥം! ഭക്തനായ അച്ഛന്റെ മംഗളമാനസനായ പുത്രനാണദ്ദേഹം! ‘രേവത’ ശബ്ദത്തിന്’ ശിവന് എന്നും അര്‍ത്ഥം കാണുന്നു. ത്രിമൂര്‍ത്തികളിലെ ‘ശിവന്‍’ എന്ന അര്‍ത്ഥത്തിനിവിടെ പ്രസക്തിയില്ല! ശിവാത്മകനെന്നതിനെര്‍ത്ഥപ്രസക്തി! മംഗളകരമായ മനസ്സോടുകൂടിയവന്‍! അദ്ദേഹത്തിന്റെ പുത്രിയായ രേവതി ആ മനസ്സിന്റെ ഭക്തനും ശിവാത്മകനുമായ വ്യക്തിയുടെ ബ്രഹ്മജിജ്ഞാസയാര്‍ന്ന മനസ്സാണ് ‘രേവതി’ അത്തരം മനസ്സിന്നനുയോജ്യമായ ‘വരനെ’യാണ് പിതാവന്വേഷിച്ചത്. ഭക്തചിത്തം, ചിരഞ്ജീവിയും സര്‍വ്വാംഗസുന്ദരനും സദ്ഗുണസമ്പന്നനുമായ ‘ഭര്‍ത്താവിനെ’യാണ് തേടുന്നത്. ആരാണീ വരന്‍! സാക്ഷാല്‍ പുരുഷോത്തമന്‍ തന്നെ! ഭക്തചിത്തം ഈശ്വരസാക്ഷാത്ക്കാരം കൊതിച്ചു എന്നതാണിതിന്നര്‍ത്ഥം!
രേവതന്‍ ആദ്യമന്വേഷിച്ചത് ഭൂമിയിലാണ്. ഭൗമമായ ഒന്നിലും ‘വരനെ’ കണ്ടെത്താനാവുകയില്ലല്ലോ? ‘വരന്‍’ ശ്രേഷ്ഠനല്ലേ? ശ്രേഷ്ഠത ഒരു ശക്തക്കേ ഉള്ളൂ. ഈശ്വരന്‍! ആ തത്ത്വമാണ് ചിരഞ്ജീവിത്വവും സര്‍വ്വാംഗസുന്ദരത്വവും സദ്ഗുണ സമ്പന്നതയും സൂചിപ്പിക്കുന്നത്! മനുഷ്യന് ഇത്തരം സവിശേഷതകളുണ്ടാകാം. പക്ഷേ, അവ നശ്വരങ്ങളാണ്. ‘അജോ നിത്യശാശ്വതോfയം പുരാണോ എന്ന വിശേഷണം പരബ്രഹ്മത്തിനുള്ളതാണല്ലോ? അപ്പോള്‍ രേവതന്റെ അന്വേഷണം വെറും ജാമാതാവിനെയല്ല, സര്‍വ്വജഗന്മാതാവിനെയാണെന്നതും നിശ്ചയമാണ്! ആ സത്യത്തെ ഭൗമമായ അന്വേഷണംകൊണ്ടു നേടാനാവുകയില്ലല്ലോ?
മഹാരാജാവ് തന്റെ അന്വേഷണം മറ്റുലോകങ്ങളിലേക്കു വ്യാപിപ്പിച്ചു. അദ്ദേഹം പലേടം പിന്നിട്ട് സത്യലോകത്തെത്തി. ബ്രഹ്മാവിന്റെ സന്നിധിയില്‍! വഴികാട്ടിയായ ഗുരുവിന്റെ സ്ഥാനമാണ്, ഈ കഥയില്‍, ബ്രഹ്മാവിനുള്ളത്! അദ്ദേവനെ,
‘ഗുരൂര്‍ ബ്രഹ്മാ ഗുരൂര്‍വിഷ്ണുഃ
ഗുരൂര്‍ദ്ദേവോ മഹേശ്വരഃ
ഗുരൂഃസാക്ഷാല്‍ പരബ്രഹ്മഃ
എന്ന മട്ടിലാണ് രേവതന്‍ കണ്ടത്. രേവതന്‍ ബ്രഹ്മാവിനെ സ്തുതിക്കുന്നിടത്ത് അത് സ്പഷ്ടമാകുന്നു. പരനും പുരാണനും ജഗദകുരാസ്പദനുമാണ് ബ്രഹ്മാവ്! പൂര്‍ണ്ണനും പരാപരനും പരമേശ്വരനുമാകുന്നു. സൃഷ്ടിസ്ഥിതിലയകരാനും അദ്ദേഹം തന്നെ. മേലുദ്ധരിച്ച ‘ഗുരൂര്‍ ബ്രഹ്മാദി’ സങ്കല്പത്തിലും രേവതസ്തുതിയിലെ പൊരുള്‍ തന്നെയാണടങ്ങിയിരിക്കുന്നത്. സത്യദര്‍ശനം കൊതിച്ചെത്തിയ ആദ്ധ്യാത്മിക ജിജ്ഞാസുവിനെ ശരിയായ പാതയിലൂടെ നയിക്കുകയെന്നത് ഉത്തമ ഗുരുവിന്റെ കര്‍ത്തവ്യമാണ്.
ഈ സന്ദര്‍ഭത്തിന്റെ, ബ്രഹ്മാവിന്റെ വാക്കുകള്‍ ശ്രദ്ധിക്കുന്നത് ഉചിതമാണെന്നു തോന്നുന്നു. പൂര്‍വ്വചിത്തിയുടെ ഗാനത്തില്‍ ലയിച്ചിരിക്കുകയായിരുന്ന ബ്രഹ്മാവ് രേവതന്റെ സ്തുതിയാലുണര്‍ന്നു. രാജാവിന്റെ ഇംഗിതം മനസ്സിലാക്കിയ ബ്രഹ്മാവ് പറഞ്ഞു.
‘അത്രക്ഷണേന ഹേ, രാജന്‍,
ഭുവി കാലോ മഹാബലീ
ത്വരം വ്യതീത സ്ത്രീനവ
ചതുര്‍യുഗ വികല്പിതഃ’
(ഇവിടത്തെ ക്ഷണനേരം ഭൂമിയിലെ എത്രയോ ചതുര്‍യുഗങ്ങളായി മാറിയിരിക്കുന്നു!) അവിടെ അങ്ങയുടെ പുത്രരോ പൗത്രരോ ഇപ്പോഴില്ല. രാജാവേ, അവിടുത്തെ ഗോത്രംപോലും ഇപ്പോള്‍ അവശേഷിക്കുന്നില്ല. അതുകൊണ്ട് കന്യാരത്‌നത്തെ ബലദേവന്നായി നല്‍കിയാലും. പരിപൂര്‍ണ്ണതമന്മാരായ ഗോലോകനാഥന്മാര്‍ ഭൂഭാരഹരണാര്‍ത്ഥം രാമകൃഷ്ണന്മാരായി അവതരിച്ചിട്ടുണ്ട്.
രേവതന്‍ തന്റെ ജാമാതാവിനുണ്ടായിരിക്കണമെന്നുസങ്കല്പിച്ച ഗുണങ്ങളെല്ലാമിണങ്ങുന്ന വ്യക്തിയാണ് ബലരാമന്‍! ചിരഞ്ജീവി! സുന്ദരന്‍! സര്‍വ്വോത്തമന്‍! ആര്‍ക്കും നിര്‍വീര്യമാക്കാനാകാത്ത ഭൂജബലമാണ് ബലരാമന്റേത്. അദ്ദേഹം സുന്ദരനാണ്. സാധാരണസൗന്ദര്യം നൈമിഷികം! ഒന്നിനും അതിശയിക്കാനാകാത്ത ബലസൗന്ദര്യങ്ങള്‍ സാക്ഷാല്‍ പരബ്രഹ്മത്തിന്റേതാണ്! പരമതത്ത്വം അനശ്വരവുമാണ്. ‘അഖണ്ഡമദ്വയമചിന്ത്യവൈഭവമനാദിമദ്ധ്യാന്തം’ എന്ന കാലത്തിന്റെ അനന്തതയാണ് ബലരാമനില്‍ പ്രതീകാത്മകമായി കല്പിച്ചിട്ടുള്ളത്. ശേഷന്റെ (അനന്തന്റെ) അവതാരവും കൂടിയാണല്ലോ ബലരാമന്‍! തന്റെ പുത്രിക്കൊത്ത വരന്‍ തന്നെയാണ് ബലരാമനെന്ന് രേവതന്‍ കരുതി. സജ്ജനമാനസം പരബ്രഹ്മത്തില്‍ ലയംകൊള്ളുന്നു എന്ന തത്ത്വമാണ് രേവതീ ബലരാമ വിവാഹമുള്‍ക്കൊള്ളുന്നത്!
ഭൂമിയില്‍ നിന്നു തിരിച്ച രേവതന്റെ ബ്രഹ്മലോകത്താണെത്തിയത്. പാരമാര്‍ത്ഥ്യമന്വേഷിക്കുന്ന മനസ്സിന് മറ്റെവിടെയെത്താനാകും? ശുദ്ധമാനസം (രേവതി) ബ്രഹ്മത്തെ (അനന്തരം ശേഷനുമായ ബലഭദ്രനെ) പ്രാപിച്ചു എന്നതാണ് ഈ കഥാരഹസ്യം! സ്വപുത്രീസമേതം സത്യലോകത്തെത്തിയ രേവതന്റെ ബ്രഹ്മാവിനോട് ‘ഭര്‍ത്താരം ദേഹി’ (പുത്രിക്കായി ഭര്‍ത്താവിനെ തന്നാലും) എ്ന്നാണ് ആവശ്യപ്പെട്ടത്! ബ്രഹ്മാവ് ഇങ്ങനെ മറുപടി പറഞ്ഞു:- ‘രാജാവേ, അന്വേഷണം നിറുത്തുക. ഉചിതനായ ഒരുവരനെ ഞാന്‍ പറഞ്ഞുതരാം.’ എന്നു പറഞ്ഞിട്ടു പുത്രിയെ ബലരാമന് വിവാഹം കഴിച്ചു നല്‍കാന്‍, രേവതനോടുപദേശിച്ചു!
ബലരാമനെ, സാക്ഷാല്‍ ബ്രഹ്മമായി നാം കണ്ടു കഴിഞ്ഞു. രേവതനിലെ ‘ശുദ്ധമാനസമായ രേവതി’ എത്തിച്ചേരേണ്ടത് ശേഷനും ബലനും അനന്തനുമായ പരമപുരുഷനിലേക്കു മാത്രമാണ്? അവിടെയെത്തിക്കഴിഞ്ഞാല്‍ പിന്നെ ഭൂമിയും ഭൗമസവിശേഷതകളും നിഷ്പ്രഭം! ലൗകികമായ ഒന്നും സത്യലോകാനുഭവങ്ങളോടുകൂടിയാവുകയില്ല. സര്‍വ്വേശ്വരനെയും സാക്ഷാത്ക്കരിച്ച് അവനെത്തന്നെ ‘ഭര്‍ത്താവാക്കി കഴിഞ്ഞാല്‍ പിന്നെ ഭൂലോകവും ഭൗമസുഖങ്ങളും ബന്ധുമിത്രാദികളും എന്തിന്, കാലംപോലും നിസ്സാരമായിത്തീരുന്നു. സത്യലോകത്തിലെ ഒരു നിമിഷം ഭൂമിയലെത്രയോ യുഗങ്ങളുടെ ദൈര്‍ഘ്യമുള്ളതാണെന്നു പറയുന്നതിലെ പൊരുളിതാണ്. (രാജ്യാന്തര ഗോളാന്തര യാത്രകളില്‍ സമയവ്യതിക്രമമുണ്ടാകുമെന്ന ശാസ്ത്രസത്യം മനനശീലരായിരുന്ന ഢഷിമാര്‍ മനസ്സിലാക്കിയിരുന്നു എന്നു ചിന്തിക്കുന്നത് മനസംഗതമല്ലെന്നു തോന്നുന്നു.)
സന്തുഷ്ടചിത്തനായ മഹാരാജാവ് തന്നോടൊപ്പമുണ്ടായിരുന്ന രേവതിയെ ബലദേവന്നായി നല്‍കി. ആര്‍ഭാടാന്വിതം വിവാഹാഘോഷം നടത്തി. ലോകരെല്ലാം ആനന്ദിച്ചു. അഭിനന്ദിച്ചു. സംതൃപ്തനായ രേവതമഹാരാജാവ് തപസ്സുചെയ്യാനായി ബദിരികാശ്രമത്തിലേക്കു പോയി. ബ്രഹ്മതത്ത്വത്തില്‍ മനസ്സുറപ്പിച്ച വ്യക്തിക്ക് തപസ്സ് സുപ്രാപമായ വ്രതമാണ്, ശാന്തമായ മനസ്സ് അതിശാന്തമായ സ്ഥലത്ത് ധ്യാനനിരതമായി എന്ന മഹാതത്ത്വം ഈ കഥാന്ത്യത്തില്‍ കാണാം!
Discussion about this post