വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ ദിശാമാറ്റത്തിന്റെ സൂചനയുമായി എസ്.എഫ്.ഐ രംഗത്തെത്തിയത് കേരളം അര്‍ത്ഥപൂര്‍ണ്ണമായാണ് കാണുന്നത്. പഠിപ്പുമുടക്ക് സമരം വേണ്ടെന്ന സംഘടനയുടെ അഖിലേന്ത്യാ അദ്ധ്യക്ഷന്റെ പ്രസ്താവന യാഥാര്‍ത്ഥ്യമായാല്‍ അത് വിദ്യാര്‍ത്ഥി സമൂഹത്തില്‍ ഉണ്ടാക്കുന്ന മാറ്റം ദൂരവ്യാപകമായിരിക്കും.
വിദ്യാര്‍ത്ഥികളുടെ പ്രഥമവും പ്രധാനവുമായ കര്‍ത്തവ്യം പഠിക്കുക എന്നതുതന്നെയാണ്. ആ ലക്ഷ്യം വിസ്മരിച്ച് സമരത്തിന്റെ പേരില്‍ നടത്തുന്ന അക്രമപ്രവര്‍ത്തനങ്ങളിലൂടെ പാവപ്പെട്ട ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. അതേസമയം കുട്ടിക്കുരങ്ങന്മാരെ ചുടുചോറു വാരിക്കുന്ന ദന്തഗോപുരവാസികളായ രാഷ്ട്രീയ മേലാളന്മാരുടെ മക്കള്‍ പഠിക്കുന്നത് സമരങ്ങളൊന്നുമില്ലാത്ത ഉന്നതനിലവാരം പുലര്‍ത്തുന്ന സ്‌കൂളുകളിലുമാണ്. ഈ യാഥാര്‍ത്ഥ്യം അറിയാതെ നേതാക്കന്മാരുടെ ആജ്ഞയ്ക്കു മുമ്പില്‍ ഏതു വേഷവും കെട്ടുന്ന വിദ്യാര്‍ത്ഥികളുടെ തലമുറ അവസാനിക്കുന്നു എന്ന യാഥാര്‍ത്ഥ്യം വിദ്യാര്‍ത്ഥി രാഷ്ടീയത്തിലെയും അവരെ നയിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെയും നേതാക്കള്‍ മനസിലാക്കി തുടങ്ങിയിരിക്കുന്നു.
എന്തിനും ഏതിനും പഠിപ്പുമുടക്കുന്ന ശൈലിക്കെതിരെ പൊതുവികാരം ഉണര്‍ന്നിട്ട് കാലമേറെയായി. എന്നിട്ടും ആ പ്രവണത തുടര്‍ന്നു വരികയായിരുന്നു. എന്നാല്‍ കണ്ണൂരില്‍ സി.പി.എം മാനേജ്‌മെന്റിനു കീഴിലുള്ള ഒരു വിദ്യാലയത്തില്‍ പഠിപ്പുമുടക്കു സമരത്തിന് എസ്.എഫ്.ഐ ആഹ്വാനം ചെയ്തപ്പോഴാണ് കാര്യങ്ങള്‍അത്ര പന്തിയല്ലെന്ന് പാര്‍ട്ടിയിലെ കണ്ണൂര്‍ നേതാക്കന്മാര്‍ക്ക് ബോധ്യമായത്. ആ സമര പ്രഖ്യാപനം മനസില്‍വച്ചുകൊണ്ടാണ് സാക്ഷാല്‍ ഇ.പി. ജയരാജന്‍ തന്നെ പഠിപ്പുമുടക്ക് സമരത്തിനെതിരെ രംഗത്തെത്തിയത്. അതിന്റെ മാറ്റൊലിയായി എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് ശിവദാസനും രംഗം കൊഴുപ്പിച്ചതോടെ അനുകൂലമായും പ്രതികൂലമായും ആ സംഘടനയില്‍തന്നെ നിരവധി പേര്‍ രംഗത്തെത്തി.
സമരങ്ങള്‍ മുമ്പത്തെപ്പോലെ ഏശുന്നില്ലയെന്ന് സി.പി.എം മനസ്സിലാക്കിയിട്ട് നാളുകളായെങ്കിലും എസ്.എഫ്.ഐക്ക് ബോധ്യമാകാന്‍ കുറേക്കൂടി സമയമെടുത്തു. സമരത്തില്‍ പങ്കെടുപ്പിക്കാല്‍ വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി കൊണ്ടിവരേണ്ട അവസ്ഥയിലേക്കുവരെ കാര്യങ്ങളെത്തി. ക്യാമ്പസ് രാഷ്ട്രീയം അക്രമവാസനയിലേക്കു തിരിഞ്ഞപ്പോള്‍ കഴിവും ബുദ്ധിയുമുള്ള വിദ്യാര്‍ത്ഥികള്‍ ഇതില്‍നിന്നൊക്കെ മുഖംതിരിച്ചു. അതിന്റെ ഫലമായിരുന്നു അരാഷ്ട്രീയവാദം. ഇതിന്റെ മറവില്‍ തീവ്രവാദത്തിന്റെ വിത്തുകള്‍ പാകുന്നതരത്തില്‍ പല വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും രംഗത്തെത്തുകയായിരുന്നു. മാത്രമല്ല എസ്.എഫ്.ഐയുടെ ഏകാധിപത്യപരമായ ക്യാമ്പസ് രാഷ്ട്രീയവും ഇതിനൊരു കാരണമായി. ജനാധിപത്യ പ്രക്രിയയെ സാര്‍ഥകമാക്കുന്ന തരത്തില്‍ എല്ലാ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്കും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന തരത്തില്‍ ക്യാമ്പസുകളെ അക്രമത്തിന്റെ മാര്‍ഗത്തില്‍നിന്ന് വിമുക്തമാക്കേണ്ടിയിരിക്കുന്നു. ഇത് എല്ലാ വിദ്യാര്‍ത്ഥി സംഘടനകളുടെയും കര്‍ത്തവ്യമാണെങ്കിലും എസ്.എഫ്.ഐക്ക് അതില്‍ മുഖ്യ പങ്കുവഹിക്കാനുണ്ട്. അത് മനസിലാക്കാന്‍ അവര്‍ വൈകിയാല്‍ സി.പി.എമ്മിന് ബംഗാളിലുണ്ടായ അനുഭവമായിരിക്കും എസ്.എഫ്.ഐക്ക് കേരളത്തിലെ ക്യാമ്പസുകളിലുണ്ടാവുക.
Discussion about this post