തിരുവനന്തപുരം: ആശുപത്രികളില്‍ അത്യാഹിത മുന്നറിയിപ്പു സൂചനയുമായി കോഡ് ബ്ളൂ സംവിധാനം നടപ്പിലാക്കുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒരു രോഗിക്ക് തീവ്രപരിചരണം ആവശ്യമാണെന്ന മുന്നറിയിപ്പാണ് കോഡ് ബ്ളൂ. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ പോലെയുള്ള സംഘടനകളെ മാതൃകയാക്കിയാണ് ആരോഗ്യ വകുപ്പും സംസ്ഥാനത്തിനുള്ള മാര്‍ഗനിര്‍ദേശം തയാറാക്കിയിട്ടുള്ളത്. ഹൃദയസ്തംഭനം, ശ്വാസതടസം, മരുന്നുകളുമായി ബന്ധപ്പെട്ട അലര്‍ജി എന്നിവ ഉണ്ടായാല്‍ അടിയന്തര പരിചരണം നല്‍കുന്നതിനു ഡോക്ടറും നഴ്‌സുമാരും അടങ്ങുന്ന ‘കോഡ് ബ്ളൂ സംഘം’ ജീവന്‍ രക്ഷാ ഉപകരണങ്ങളുമായി ഓടിയെത്തുന്നതാണു രീതി. ലിഫ്റ്റ് ഓപ്പറേറ്ററും അറ്റന്‍ഡറും നഴ്‌സിംഗ് അസിസ്റ്റന്റും അടിയന്തരമായി രോഗിയെ ശുശ്രൂഷിക്കുന്നതിനു എത്തിച്ചേരും. ഈ സമയം മറ്റുള്ളവര്‍ ആശുപത്രിയിലെ ലിഫ്റ്റ് ഉപയോഗിക്കുന്നതുപോലും നിയന്ത്രിക്കണമെന്നാണു നിര്‍ദേശം.
അന്താരാഷ്ട്രതലത്തില്‍ നിലവിലുള്ള സംവിധാനമാണു കോഡ് ബ്ളൂ. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളും മറ്റും ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതോടെ നടപ്പാവുന്ന കോഡ് ബ്ളൂവിന്റെ മാര്‍ഗനിര്‍ദേശം ആരോഗ്യ വകുപ്പ് പുറത്തിറക്കി. ഘട്ടംഘട്ടമായി എല്ലാ ആശുപത്രികളിലും ഈ സംവിധാനം നടപ്പാക്കാനാണു തീരുമാനം. അത്യാഹിത വിഭാഗം, ഓപ്പറേഷന്‍ തീയേറ്റര്‍, പ്രസവ മുറി, മറ്റ് അത്യാവശ്യ സ്ഥലങ്ങള്‍ എന്നവിടങ്ങളില്‍ ക്രാഷ് കാര്‍ട്ടും മറ്റു ജീവന്‍രക്ഷാ ഉപകരണങ്ങളും സൂക്ഷിച്ചിരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നുണ്ട്. ആരോഗ്യരംഗത്തുകോഡ് ബ്ളൂ സമിതികള്‍ക്കു രൂപം നല്‍കണം.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും എല്ലാ ജീവനക്കാരും സമിതിയില്‍ അംഗങ്ങളാകണം. വലിയ ആശുപത്രികളില്‍ ആശുപത്രി സൂപ്രണ്ട്, ഫിസിഷ്യന്‍, സര്‍ജന്‍, അനസ്തീഷ്യന്‍, ഗൈനക്കോളജിസ്റ്റ്, കാര്‍ഡിയോളജിസ്റ്റ്, പീഡിയാട്രിസ്റ്റ്, സ്റ്റാഫ് നഴ്‌സ് തുടങ്ങിയവര്‍ അംഗങ്ങളാകണം. കോഡ് ബ്ളൂ കമ്മിറ്റികള്‍ മൂന്നുമാസം കൂടുമ്പോള്‍ യോഗം കൂടി സംവിധാനങ്ങള്‍ വിലയിരുത്തും. വര്‍ഷത്തിലൊരിക്കല്‍ ഒരു കോഡ് ബ്ളൂ മാന്വല്‍ കമ്മിറ്റി തയാറാക്കണമെന്നും ആരോഗ്യവകുപ്പ് ഡയറക്ടറുടെ നിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ആശുപത്രിയിലെ ഒരു റൂമില്‍ കഴിയുന്ന രോഗിക്കു തീവ്രപരിചരണം ആവശ്യമായാല്‍ ‘കോഡ് ബ്ളൂ ആ മുറിയുടെ നമ്പര്‍ ഉള്‍പ്പെടെ മൈക്കിലൂടെ അറിയിക്കും. ഈ മുന്നറിയിപ്പ് കേട്ടാലുടന്‍ ഡ്യൂട്ടി ഡോക്ടര്‍, പരിശീലനം സിദ്ധിച്ച മറ്റു ഡോക്ടര്‍മാര്‍, നഴ്‌സിംഗ് സൂപ്പര്‍വൈസര്‍, നഴ്‌സിംഗ് അസിസ്റ്റന്റ്, ഇസിജി ടെക്‌നീഷ്യന്‍ തുടങ്ങിയവരും ജീവന്‍രക്ഷാമരുന്നുകളുമായി ക്രാഷ് കാര്‍ട്ട് സംഘവും സ്ഥലത്ത് സന്നിഹിതരായിരിക്കണം. ആവശ്യമായ വൈദ്യസഹായം നല്‍കി രോഗി സാധാരണ നിലയിലേക്കു മടങ്ങുന്നു എന്നുറപ്പായാലുടന്‍ ഐസിയുവിലേക്കു മാറ്റുകയും തുടര്‍ ചികിത്സ ലഭ്യമാക്കുകയും വേണം. തീവ്രപരിചരണം വേണ്ട രോഗി ആശുപത്രിയുടെ ഏതു ഭാഗത്തെന്നു മൂന്നു പ്രാവശ്യം വ്യക്തമായി അറിയിക്കണമെന്നാണു നിര്‍ദേശിച്ചിട്ടുള്ളത്.
Discussion about this post