കൊച്ചി: ജാമ്യത്തിലിറങ്ങിയ പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയെ കാണാന്‍ ബാംഗളൂരിലേക്കു പോകാന്‍ ഭാര്യ സൂഫിയ മദനിക്ക് അനുമതി. ഒരു മാസത്തേക്കാണ് എറണാകുളം എന്‍ഐഎ കോടതി സൂഫിയയ്ക്ക് എറണാകുളം വിടാന്‍ അനുമതി കൊടുത്തത്. ഇന്നുതന്നെ ബാംഗളൂരിലേക്കു പോകുമെന്നും 30 ദിവസവും ബാംഗളൂരിലുണ്ടായിരിക്കുമെന്നും സൂഫിയ അറിയിച്ചു.
കളമശേരി ബസ് കത്തിക്കല്‍ കേസില്‍ പ്രതിചേര്‍ത്ത സൂഫിയയ്ക്ക് എറണാകുളം വിട്ടുപോകരുതെന്നു കോടതി ഉത്തരവുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് അസുഖബാധിതനായ ഭര്‍ത്താവിനെ പരിചരിക്കാന്‍ ബാംഗളൂരില്‍ ഒപ്പം പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സൂഫിയ അപേക്ഷ നല്കിയത്. മദനിക്ക് ഉപാധികളോടെയാണ് ഒരുമാസത്തെ ജാമ്യം അനുവദിച്ചത്. ബാംഗളൂരില്‍ തന്നെ നിന്നുകൊണ്ട് സ്വന്തം നിലയില്‍ ചികിത്സ തേടാനാണ് ജാമ്യം.












