തിരുവനന്തപുരം: ഫ്‌ളാറ്റുകള്‍ ഉള്‍പ്പെടെയുള്ള വാസഗൃഹങ്ങളുടെയും 300 ചതുരശ്ര മീറ്റര്‍ വരെ വിസ്തീര്‍ണമുള്ള വാണിജ്യസ്ഥാപനങ്ങളുടെയും നിര്‍മാണത്തിന് മണ്ണെടുക്കുന്നതിന് ഖനനാനുമതി ആവശ്യമില്ലെന്ന് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. കെട്ടിടനിര്‍മാണത്തിനാവശ്യമായ മുന്‍കൂര്‍ അനുമതി തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ അധികാരികളില്‍ നിന്ന് നേടിയിട്ടുള്ളവര്‍ക്കാണ് ഈ ആനുകൂല്യം.
1967-ലെ കേരള മൈനര്‍ മിനറല്‍ കണ്‍സെഷന്‍ റൂള്‍സിലെ ചട്ടം 8, ഉപചട്ടം 1ബി-യാണ് ഇപ്രകാരം മാറ്റിയത്. എന്നാല്‍, മണ്ണ് മറ്റൊരു സ്ഥലത്തേക്ക് കടത്തുന്നതിന് റോയല്‍റ്റി തുക നല്‍കണം. 2012 നവംബര്‍ 19ന് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച അസാധാരണ ഗസറ്റ് വിജ്ഞാപനം നം.1216 (എസ്ആര്‍ഒ നം.798/2012) പ്രകാരം സാധാരണ മണ്ണ് ഖനനത്തിന് നൂറുരൂപ പത്രത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന നിബന്ധന ഉള്‍ക്കൊള്ളിച്ചിരുന്നു. 5000 രൂപയില്‍ അധികം റോയല്‍റ്റി കൊടുക്കേണ്ട അളവിലെ മണ്ണിന് നിര്‍ദ്ദിഷ്ട നിരക്കുകളും ബാധകമാക്കിയിരുന്നു. എന്നാല്‍ 2000 ഫെബ്രുവരി 8ന് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച ഗസറ്റില്‍ ചിറകെട്ടുന്നതിനും റോഡ്, റെയില്‍വേ, കെട്ടിടങ്ങള്‍ എന്നിവയുടെ നിര്‍മാണാവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന മണ്ണിനെ മൈനര്‍ മിനറല്‍ ആയി പ്രഖ്യാപിച്ചിരുന്നതിനാല്‍ ഈ നിബന്ധനകള്‍ സാധുവാകാതെ വന്നു. ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ വിട്ടുപോകുകയും ചെയ്തു. ഇത് തിരുത്തിയാണ് പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചത്.












