തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ ഒരു വിഭാഗം ഡോക്ടര്‍മാര്‍, കെ.ജി.എം.ഒ.എ-യുടെ ആഭിമുഖ്യത്തില്‍ ജൂലൈ 21 മുതല്‍ സംസ്ഥാനവ്യാപകമായി പ്രഖ്യാപിച്ചിട്ടുള്ള നിസ്സഹകരണ സമരത്തില്‍നിന്നും പിന്‍മാറണമെന്ന് ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍. പനിക്കും മറ്റ് പകര്‍ച്ചവ്യാധികള്‍ക്കുമെതിരേ ജാഗ്രത പുലര്‍ത്തേണ്ട സമയത്ത്, ആത്മസമര്‍പ്പണത്തോടെ പ്രവര്‍ത്തിക്കേണ്ട ഡോക്ടര്‍മാര്‍ അനാവശ്യ സമരത്തിനൊരുങ്ങുന്നത് ജനദ്രോഹമാണെന്നും സമരം ചെയ്താല്‍ ശക്തമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
സമരത്തിനാധാരമായിപ്പറയുന്ന ആവശ്യങ്ങളെക്കുറിച്ച്, കഴിഞ്ഞ മൂന്ന് മാസത്തിനിടെ മൂന്ന് പ്രാവശ്യം ആരോഗ്യവകുപ്പ് സെക്രട്ടറി, ഡയറക്ടറുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയതാണ്. ഈ മാസം ഒന്നിന് കെ.ജി.എം.ഒ.എ-യുമായും, ചര്‍ച്ച നടത്തി തീരുമാനങ്ങള്‍ കൈക്കൊള്ളുകയുണ്ടായി. അതിനുശേഷവും ഏകപക്ഷീയമായി നടത്തിയ സമരപ്രഖ്യാപനത്തെ, സാധാരണക്കാരായ ജനങ്ങളോടുള്ള വെല്ലുവിളിയായാണ് സര്‍ക്കാര്‍ കാണുന്നത്. ഒ.പി. സമയം, രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയാക്കി നിശ്ചയിച്ചത്, കുറയ്ക്കണമെന്നും സ്വകാര്യ പ്രാക്ടീസ്, ഡോക്ടര്‍മാരുടെ താമസസ്ഥലത്തല്ലാതെ മറ്റിടങ്ങളില്‍ അനുവദിക്കണമെന്നുമുള്ള ആവശ്യങ്ങള്‍ സര്‍ക്കാരിന് അംഗീകരിക്കാനാവില്ല. പുതിയ മെഡിക്കല്‍ കോളേജുകള്‍ ഉടന്‍ ആരംഭിക്കേണ്ടതിന്റെ ആവശ്യത്തെ മുന്‍നിര്‍ത്തി, ജനറല്‍-ജില്ലാ ആശുപത്രികളെ, അവയുമായി ബന്ധപ്പെടുത്തുന്നതുസംബന്ധിച്ച തീരുമാനമെടുത്തത്, മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ കെ.ജി.എം.ഒ.എ-യുമായി ചര്‍ച്ച നടത്തിയതിനുശേഷമാണ്. പുതിയ മെഡിക്കല്‍ കോളേജുകള്‍, ജനറല്‍-ജില്ലാ ആശുപത്രികളോട് ബന്ധപ്പെടുത്തി ആരംഭിക്കുന്നത് താല്‍ക്കാലിക സംവിധാനം മാത്രമാണ്. പുതിയ മെഡിക്കല്‍ കോളേജുകള്‍ക്ക് സ്വന്തമായി ആശുപത്രി സൗകര്യം ഏര്‍പ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിക്കും. മറ്റുചില സംസ്ഥാനങ്ങളില്‍, ജനറല്‍-ജില്ലാ ആശുപത്രികള്‍, മെഡിക്കല്‍ കോളേജുകളായി മാറിക്കൊണ്ടിരിക്കുകയാണെന്നും അതിന് വ്യത്യസ്തമായ നിലപാടാണ് കേരളം സ്വീകരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
ഗുണമേയുള്ള മെഡിക്കല്‍ വിദ്യാഭ്യാസം കൂടുതല്‍പേര്‍ക്ക് സര്‍ക്കാര്‍തലത്തില്‍ ലഭ്യമാക്കുന്നതിനും സാധാരണക്കാര്‍ക്കുവേണ്ടിയുള്ള വിദഗ്ധ ചികിത്സാസൗകര്യങ്ങള്‍ വിപുലപ്പെടുത്തുന്നതിനുംവേണ്ടിയാണ്, എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളേജുകള്‍ എന്ന നയപരമായ തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്. ഇതേത്തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 100 സീറ്റുകളും, പാലക്കാട്, ഇടുക്കി മെഡിക്കല്‍ കോളേജുകളില്‍ 150 സീറ്റുകളും പുതുതായി എംബിബിഎസിന് ലഭിച്ചു. പാലക്കാട് കോളേജിലെ 70 ശതമാനം സീറ്റുകളും പട്ടികജാതി-വര്‍ഗ്ഗ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയാണ്. പുതിയ മെഡിക്കല്‍ കോളേജുകളോടനുബന്ധിച്ചുള്ള ജനറല്‍-ജില്ലാ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ സേവനവേതന വ്യവസ്ഥകളില്‍ മാറ്റം വരുത്തിയിട്ടില്ലെന്നുമാത്രമല്ല; ഡീംഡ് ഡെപ്യൂട്ടേഷനിലുള്ള ഡോക്ടര്‍മാര്‍ക്ക്, മറ്റ് മെഡിക്കല്‍ കൊളേജിലെ ഡോക്ടമാര്‍ക്ക് നല്‍കുന്ന അലവന്‍സും അനുവദിച്ചിട്ടുണ്ട്. ഈ വിധത്തില്‍ ഡോക്ടര്‍മാരുടെ ന്യായമായ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ എപ്പോഴും സര്‍ക്കാര്‍ തയ്യാറാണെന്നും എന്നാല്‍, അനാവശ്യസമരങ്ങളെ ശക്തമായി നേരിടുമെന്നും അദ്ദേഹം അറിയിച്ചു.












