ലോകവ്യാപാര സംഘടനയുടെ ബാലി കരാറില്‍ ഒപ്പുവയ്ക്കാതെ പിന്മാറിയതിലൂടെ ഭാരതം പ്രകടിപ്പിച്ചിരിക്കുന്ന വികാരം ജനഹിതത്തിലധിഷ്ഠിതമാണ്. അമേരിക്കയുടെ വന്‍ സമ്മര്‍ദ്ദത്തെ അതിജീവിച്ചുകൊണ്ടാണ് ഭാരതം ലോക രാഷ്ട്രങ്ങളെയാകെ ഞെട്ടിച്ച് ഈ നിലപാട് സ്വീകരിച്ചത്. ഇതിലൂടെ നരേന്ദ്രമോദി സര്‍ക്കാരിന്റെ നയം എന്തെന്ന് വ്യക്തമാവുകയാണ്. സബ്‌സിഡികള്‍, ഭക്ഷ്യ സുരക്ഷ എന്നി കാര്യങ്ങളില്‍ ഉറപ്പുകള്‍ ലഭിക്കാതെ കരാറില്‍ ഒപ്പിടില്ലെന്ന് ഭാരതം വ്യക്തമാക്കിയിട്ടുണ്ട്. ലോകത്ത് ജനസംഖ്യയില്‍ രണ്ടാം സ്ഥാനമുള്ള ഭാരതം കരാറില്‍ ഒപ്പുവയ്ക്കാതെ മറ്റു രാഷ്ട്രങ്ങള്‍ക്ക് മുന്നോട്ട് പോകാനുമാവില്ല. ജനീവയില്‍ അമേരിക്ക ഉള്‍പ്പെടെ 159 രാഷ്ട്രങ്ങള്‍ അംഗീകരിച്ച കരാറാണ് തല്‍ക്കാലം അസാധുവായിരിക്കുന്നത്.
കാര്‍ഷിക സമ്പദ് വ്യവസ്ഥയില്‍ അധിഷ്ഠിതമാണ് ഭാരതം. ലോകത്ത് മറ്റൊരു രാഷ്ട്രത്തിനും ഇത്തരത്തിലൊരു സമ്പദ് വ്യവസ്ഥയെ അടിസ്ഥാനമാക്കിയുള്ള ജീവിതക്രമം ഇല്ല. വ്യക്തികള്‍ സ്വരൂപിക്കുന്ന സമ്പാദ്യവും അതിലൂടെ കുടുംബങ്ങളിലുണ്ടാകുന്ന സാമ്പത്തിക ഭദ്രതയുമാണ് ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥയെതന്നെ ഒരു പരിധിവരെ താങ്ങിനിര്‍ത്തുന്നത്. അതുകൊണ്ടാണ് വന്‍ സാമ്പത്തികശക്തിയെന്ന് അവകാശപ്പെട്ടിരുന്ന അമേരിക്ക ഉള്‍പ്പടെയുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ ഏതാനും വര്‍ഷം മുമ്പ് സാമ്പത്തിക തകര്‍ച്ച ഉണ്ടായപ്പോഴും ഭാരതം ഉറപ്പോടെ മുന്നോട്ട് പോയത്. അന്നത്തെ സാമ്പത്തിക തകര്‍ച്ചയില്‍ അമേരിക്കയിലും മറ്റു പാശ്ചാത്യരാഷ്ട്രങ്ങളിലുമായി പല ബാങ്കുകളും പൂട്ടി. അക്കാലത്ത് പാശ്ചാത്യ ശക്തികള്‍ നടത്തിയ അന്വേഷണത്തിലാണ് ഭാരതത്തിന്റെ കാര്‍ഷിക സംസ്‌കൃതിയിലധിഷ്ഠിതമായ സാമ്പത്തിക സ്ഥിതിയുടെ ബലമായ അടിത്തറയെക്കുറിച്ച് ബോധ്യമായത്.
കാര്‍ഷിക മേഖലയെ ഒരു പരിധിവരെ താങ്ങിനിര്‍ത്തുന്നത് സബ്‌സിഡി തന്നെയാണ്. വ്യാപാര കരാറില്‍ ഒപ്പുവയ്ക്കുന്നതോടെ ഇക്കാര്യത്തില്‍ മാറ്റമുണ്ടാകും. അത് ഭാരത്തിലെ കാര്‍ഷിക സമ്പദ് വ്യവസ്ഥയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും എന്നത് തീര്‍ച്ചയാണ്. അതിലൂടെ നൂറ്റാണ്ടുകളായി ഭാരതത്തില്‍ നിലനിന്ന ഒരു സാമ്പത്തിക ക്രമത്തിന് വിള്ളലുണ്ടാവുകയും അന്തിമമായി അത് ഭാരത്തിന്റെ സാമ്പത്തിക സ്ഥിതിയെതന്നെ തകിടംമറിക്കുകയും ചെയ്യും. ഭക്ഷ്യ സുരക്ഷയുടെ കാര്യത്തിലും ഭാരതം ശക്തമായ നയവുമായി മുന്നോട്ടുപോവുകയാണ്. പട്ടിണിക്കാരില്ലാത്ത ഭാരതമാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഗാന്ധിജി പറഞ്ഞ രാമരാജ്യ സങ്കല്പം യാഥാര്‍ത്ഥ്യമാക്കുകയെന്നതാണ് നരേന്ദ്ര മോഡി സര്‍ക്കാരും ദൗത്യമായി ഏറ്റെടുത്തിട്ടുള്ളത്.
ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറച്ചുകൊണ്ടുവരുകയം, ദാരിദ്ര്യവും പട്ടിണിയും പൂര്‍ണമായും തുടച്ചുനീക്കുകയുമാണ് മോഡി സര്‍ക്കാരിന്റെ ലക്ഷ്യം. ഈ നടപടിക്ക് വിഘാതം സൃഷ്ടിക്കുവാന്‍ സാധ്യതയുള്ളതുകൊണ്ടാണ് ലോക വ്യാപാര കരാറില്‍ ഒപ്പിടാതെ ഭാരതം പിന്നോട്ടു പോയത്. ഭക്ഷ്യ സുരക്ഷ, സബ്‌സിഡി തുടങ്ങിയ കാര്യങ്ങളില്‍ ഭാരതത്തിന്റെ ആവശ്യം മാനിച്ചുകൊണ്ടുള്ളതാവും ഈ കരാറെന്നാണ് യു.പി.എ സര്‍ക്കാരില്‍ വാണിജ്യമന്ത്രിയായിരുന്ന ആനന്ദ ശര്‍മ്മ പറഞ്ഞത്. എന്നാല്‍ ഇക്കാര്യത്തില്‍ മോഡി സര്‍ക്കാരിന് പല സംശയങ്ങളും ആശങ്കകളും നിലനില്‍ക്കുന്നു. ഇതു സംബന്ധിച്ച് ഭാരതം പ്രകടിപ്പിച്ചിരിക്കുന്ന വികാരത്തിന് വ്യക്തമായ മറുപടി ലഭിക്കുന്നതോടെ മാത്രമേ കരാറില്‍ ഭാരതം ഒപ്പുവയ്ക്കാന്‍ സാധ്യതയുള്ള. അങ്ങനെ മാത്രമേ ഭാരത്തിന്റെ സമ്പദ് വ്യവസ്ഥയും ജനകോടികളുടെ ജീവിതക്രമവും സംരക്ഷിക്കാനാവു.
Discussion about this post