ന്യൂഡല്‍ഹി: ആറന്മുള വിമാനത്താവള വിഷയത്തില്‍ ഹരിത ട്രൈബ്യൂണലിനെതിരെ കെജിഎസ് ഗ്രൂപ്പ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്കി. ട്രൈബ്യൂണലിന്റെ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി.
ഹരിതട്രൈബ്യൂണലിന്റെ വിധിയില്‍ പിഴവുകളുണ്ടെന്ന് കെജിഎസ് ഗ്രൂപ്പ് ഹര്‍ജിയില്‍ പറയുന്നു. പദ്ധതിക്ക് കേന്ദ്ര വനം,പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയത് എല്ലാ പരിസ്ഥിതി ആഘാത പഠനങ്ങള്‍ക്കും ശേഷമാണ്. ഇതൊന്നും പരിഗണിക്കാതെയാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ പദ്ധതിക്കെതിരെ വിധി പ്രഖ്യാപിച്ചതെന്നും കെജിഎസ് ഗ്രൂപ്പ് ആരോപിച്ചു.
തിങ്കളാഴ്ചയാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്. കെജിഎസ് കമ്പനിയ്ക്ക് വേണ്ടി മുന്‍ സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പരാശരന് ഹാജരാകും. അതേസമയം, സംസ്ഥാന സര്‍ക്കാരിനുവേണ്ടി അഭിഭാഷകന് ഹാജരാകാന്‍ സാധ്യതയില്ല.
കഴിഞ്ഞ മേയിലാണ് ആറന്മുള വിമാനത്താവള പദ്ധതിയുടെ പാരിസ്ഥിതികാനുമതി റദ്ദാക്കിക്കൊണ്ട് ചെന്നൈയിലെ ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധി പുറപ്പെടുവിച്ചത്. കൃത്യമായ പഠനം നടത്താതെയാണ് പദ്ധതിക്ക് പാരിസ്ഥിതികാനുമതി നല്‍കിയത്. പഠനം നടത്തിയ ഏജന്‍സിക്ക് അതിനുള്ള യോഗ്യതയില്ല. തെറ്റായ വിവരങ്ങള്‍ നല്‍കിയാണ് കെജിഎസ് ഗ്രൂപ്പ് പദ്ധതിക്ക് അനുമതി നേടിയതെന്നും ട്രൈബ്യൂണല്‍ നിരീക്ഷിച്ചു.
Discussion about this post