തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും പ്രമുഖ സംവിധായകന്‍ പ്രിയദര്‍ശന്‍ രാജിവച്ചു. രാജിക്കത്ത് വകുപ്പ് മന്ത്രിക്ക് കൈമാറി. ഈ മാസം 31 വരെ ചെയര്‍മാന്‍ സ്ഥാനത്ത് തുടരാന്‍ കാലാവധിയുണ്ടായിരിക്കെയാണ് രാജിവച്ചത്. ചലച്ചിത്ര അക്കാദമിയിലെ അഭിപ്രായ വ്യത്യാസങ്ങളാണ് രാജിക്ക് കാരണമെന്നാണ് ലഭിച്ച സൂചന.
അനാവശ്യ വിവാദങ്ങളില്‍പ്പെടാനും മറ്റുള്ളവര്‍ വരുത്തുന്ന തെറ്റുകള്‍ക്ക് മാപ്പ് പറയാനും താല്‍പ്പര്യമില്ലെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. കെ.ബി.ഗണേഷ്‌കുമാര്‍ മന്ത്രിസ്ഥാനം രാജിവച്ച ശേഷം അക്കാദമിയില്‍ തൃപ്തികരമായ അന്തരീക്ഷം ഇല്ലാതായി. ഒത്തിരി പ്രതീക്ഷകളോടെയും നിരവധി കാര്യങ്ങള്‍ ചെയ്യണമെന്ന താല്‍പ്പര്യത്തോടെയും ആഗ്രഹത്തോടെയുമാണ് താന്‍ ഈ സ്ഥാനം ഏറ്റെടുത്തത്. എന്നാല്‍ അക്കാദമിയിലെ നിലവിലെ സ്ഥിതി വളരെ പരിതാപകരമാണ്.
അക്കാദമിയിലെ വിഷയങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടും സിനിമാ വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനോടും വ്യക്തമാക്കിയിരുന്നു. ചലച്ചിത്ര മേള നടത്താന്‍ അക്കാദമിക്ക് സ്വന്തമായി ഒരു സ്ഥലം ഉണ്ടാക്കണമെന്നത് തന്റെ സ്വപ്നമായിരുന്നുവെന്നും തന്റെ പിന്‍ഗാമികളായി വരുന്നവര്‍ അക്കാര്യങ്ങള്‍ ഭംഗിയായി നിര്‍വഹിക്കട്ടെയെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.












