തിരുവനന്തപുരം: സംസ്ഥാനത്തെ പ്രഥമ സര്‍ക്കാര്‍ സ്വയംഭരണ കോളജ് പദവി എറണാകുളം മഹാരാജാസിന് ലഭിച്ചു. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചേര്‍ന്ന യുജിസി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയാണു മഹാരാജാസ് കോളജിനു സ്വയംഭരണാവകാശം നല്കിയത്. അംഗീകാരം നല്കിക്കൊണ്ടുള്ള യുജിസിയുടെ ഉത്തരവ് ജോയിന്റ് സെക്രട്ടറി ഡോ. മഞ്ജു സിംഗ് എംജി സര്‍വകലാശാല രജിസ്ട്രാര്‍ക്കു ഫാക്‌സ് ചെയ്തു. 2014 ജനുവരി ഏഴിനാണു മഹാരാജാസ് കോളജ് സ്വയംഭരണ പദവിക്കുള്ള അപേക്ഷ സമര്‍പ്പിച്ചത്. ഏപ്രില്‍ 28, 29 തീയതികളിലായാണു യുജിസിയുടെ വിദഗ്ധ സംഘം കോളജിലെ ഭൗതിക സൗകര്യങ്ങളും അക്കേഡമിക് നേട്ടങ്ങളും വിലയിരുത്തിയത്. ഇവര്‍ തയാറാക്കി യുജിസിക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടാണു കഴിഞ്ഞ മാസം 22ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ പരിശോധിച്ച് അംഗീകാരം നല്കിയത്.
2014-15 അധ്യയന വര്‍ഷം മുതല്‍ ആറു വര്‍ഷത്തേയ്ക്കാണു സ്വയംഭരണാവകാശം. 19 ഡിപ്പാര്‍ട്ടുമെന്റുകളാണ് എറണാകുളം മഹാരാജാസ് കോളജിലുള്ളത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജാണു സ്വയംഭരണാവകാശത്തിനായി അപേക്ഷ നല്കിയ മറ്റൊരു സര്‍ക്കാര്‍ കോളജ്. യൂണിവേഴ്‌സിറ്റി കോളജിന്റെ കാര്യത്തിലും ഉടന്‍ തീരുമാനമുണ്ടാകും.












