തിരുവനന്തപുരം: കേരളത്തില്‍ വിതരണം ചെയ്യുന്ന ഇന്‍ജക്ഷന്‍ മരുന്നുകളുടെ ഗുണനിലവാര പരിശോധനയ്‌ക്കായി, എറണാകുളം റീജിയണല്‍ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലാബിലും ആധുനിക മൈക്രോബയോളജി വിഭാഗം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലാബിനോടനുബന്ധിച്ച് ഇന്‍ജക്ഷന്‍ മരുന്നുകളുടെ പരിശോധനയ്‌ക്കായി സ്ഥാപിച്ച മൈക്രോബയോളജി വിഭാഗത്തിന്റെ ഉദ്‌ഘാടനം നിര്‍വ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കേരളത്തില്‍ ഇന്‍ജക്ഷന്‍ മരുന്നുകളുടെ പരിശോധനയ്‌ക്കായുള്ള ഏക ലബോറട്ടറിയാണ് ഇത്. മൂന്ന് എയര്‍ഹാന്‍ഡ്‌ലിംഗ് യൂണിറ്റുകള്‍ സ്ഥാപിച്ച് സുരക്ഷിതമാക്കിയ ഈ ആധുനിക സംവിധാനത്തില്‍ ഒരേസമയം 100 ഇനം ഇന്‍ജക്ഷന്‍ മരുന്നുകള്‍ പരിശോധനാവിധേയമാക്കാന്‍ സാധിക്കും. ഇവിടെയുണ്ടായിരുന്ന പഴയ സംവിധാനത്തിലൂടെ ഒരേസമയം 25 ഇനം മരുന്നുകളേ പരിശോധിക്കുവാന്‍ സാധിക്കുമായിരുന്നുള്ളു. മരുന്ന് പൂര്‍ണ്ണമായും അണുവിമുക്തമല്ലെന്ന് തെളിഞ്ഞാല്‍ അതിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. മാത്രമല്ല ആ മരുന്നിന്റെ ബാച്ച് മുഴുവന്‍ സംസ്ഥാനത്ത് നിരോധിക്കും. മരുന്നുകളുടെ ഗുണനിലവാര പരിശോധനയ്‌ക്ക് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്ന് മന്ത്രി പ്രസംഗത്തില്‍ അറിയിച്ചു. 1961 ലാണ് സംസ്ഥാനത്ത് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് സ്ഥാപിതമായത്. അന്നുമുതല്‍ കഴിഞ്ഞവര്‍ഷം, കൊച്ചിയില്‍ റീജിയണല്‍ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറി ആരംഭിക്കുന്നതുവരെ സംസ്ഥാനത്ത്, തിരുവനന്തപുരത്തുള്ള ഒരേയൊരു ലബോറട്ടറി മാത്രമേ ഉണ്ടായിരുന്നുള്ളു. എറണാകുളം റീജിയണല്‍ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയോടുചേര്‍ന്ന് ഇന്‍ജക്ഷന്‍ മരുന്നുകളുടെ പരിശോധനയ്‌ക്കായുള്ള ആധുനിക മൈക്രോബയോളജി വിഭാഗം ആരംഭിക്കുവാന്‍ 1.5 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പുതിയ മൂന്ന് ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറികള്‍കൂടി സംസ്ഥാനത്ത് ആരംഭിക്കുകയാണ്. തൃശ്ശൂരിലെ ലാബിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇതിനായി 5 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കോഴിക്കോട് ലാബിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. 2.75 കോടി രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. പത്തനംതിട്ട ജില്ലയില്‍ പുതിയ ലാബിനുള്ള സ്ഥലം സര്‍ക്കാര്‍ അനുവദിച്ചതായും മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ ചില മെഡിക്കല്‍ ഷോപ്പുകളിലൂടെ വേദനസംഹാരികളും മറ്റും ലഹരി മരുന്നായി കുട്ടികള്‍ക്ക് ലഭ്യമാക്കുന്നുണ്ടെന്ന് ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതിനാല്‍ റെയ്‌ഡുകള്‍ ശക്തമാക്കണമെന്ന് മന്ത്രി ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് നിര്‍ദ്ദേശം നല്‍കി. എന്‍.എ.ബി.എല്‍ അക്രഡിറ്റേഷനുള്ള ലാബുകളില്‍ പരിശോധിച്ച മരുന്നുകള്‍ മാത്രമേ ഇനിമുതല്‍ കെ.എം.എസ്.സി.എല്‍ വാങ്ങുകയുള്ളുവെന്നും അദ്ദേഹം അറിയിച്ചു.
ഉദ്‌ഘാടന സമ്മേളനത്തില്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ പി. ഹരിദാസ്, ഡെപ്യൂട്ടി ഡ്രഗ്‌സ് കണ്‍ട്രോളര്‍ രവി. എസ്. മേനോന്‍, കൗണ്‍സിലര്‍ പി.എസ്. സരോജം, ചീഫ് ഗവണ്‍മെന്റ് അനലിസ്റ്റ് കെ.സി. മോളിക്കുട്ടി, അഡ്‌മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് പി.എ. സിദ്ധിഖ് എന്നിവര്‍ പ്രസംഗിച്ചു.
Discussion about this post